ഇറച്ചിയും മീനും പൊള്ളും; കോഴി വില 140നു മുകളിൽ; മത്സ്യത്തിന് 200നു മുകളിൽ; തമിഴ്നാട്ടിലും കേരളത്തിലും മഴ ശക്തമായതിനാൽ ഇനിയും വില വര്‍ധിക്കുമെന്നാണ് ആശങ്ക
text_fieldsഅടിമാലി: മത്സ്യത്തിനും കോഴിക്കും പുറമെ പച്ചക്കറിക്കും വിലയും കുതിച്ചുയര്‍ന്നതോടെ ജനജീവിതം കൂടുതൽ ദുസ്സഹമായി. കോഴിക്ക് 140 രൂപക്ക് മുകളിലാണ് വില. മത്സ്യത്തിന്റെ വില 200നും മുകളിലെത്തി. അയല, കിളി, മത്തി തുടങ്ങി സാധാരണക്കാർ കൂടുതൽ ഉപയോഗിക്കുന്ന മത്സ്യത്തിനാണ് വില കൂടുതലും. വളര്‍ത്ത് മത്സ്യങ്ങള്‍ക്കും വില ക്രമാതീതമായി ഉയര്‍ന്നു. പോത്തിറച്ചിക്ക് അടുത്തിടെ 50 രൂപയാണ് വർധിച്ചത്.
പോത്തുകളെ കിട്ടാത്തതാണ് പെട്ടെന്ന് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കാള ഇറച്ചിക്ക് 400 രൂയാണ് വില. ഇതോടൊപ്പം പലവ്യഞ്ജനങ്ങളുടെയും വില ഉയര്‍ന്നു. ചെറുപയര്‍, വന്‍പയര്‍, പരിപ്പ്, ഗ്രീന്‍പീസ് തുടങ്ങി പലവ്യഞ്ജനങ്ങള്ക്കെല്ലാം വില ഉയര്‍ന്നു. രണ്ടാഴ്ച മുമ്പ് വരെ ശരാശരി 50 രൂപക്ക് താഴെ നിന്നിരുന്ന പച്ചക്കറിക്ക് വില ഉയര്‍ന്നു. തമിഴ്നാട്ടിലും കേരളത്തിലും മഴ ശക്തമായതിനാൽ ഇനിയും വില വര്‍ധിക്കുമെന്നാണ് ആശങ്ക.
എന്നാല്‍, സവാള വില 27 രൂപയാണ്. അതേസമയം, ഉള്ളിവില 80 രൂപയും കടന്നു. രണ്ടാഴ്ച മുമ്പ് 50 രൂപയില്‍ താഴെയായിരുന്ന ഉള്ളിവിലയാണ് പെട്ടന്ന് ഉയര്‍ന്നത്. കിഴങ്ങ്- 40, തക്കാളി- 40, ബീന്‍സ്- 80, കാരറ്റ്- 60, ബീറ്റ്റൂട്ട്- 50, കോവക്ക- 50, പടവലം- 60, കത്രിക്ക- 50, പച്ചമുളക്- 60 എന്നിങ്ങനെ വില വർധിച്ചു. മറ്റ് പച്ചക്കറികളുടെ വിലയിലും കാര്യമായ വർധനയുണ്ട്. രണ്ടാഴ്ചക്കുള്ളിലാണ് വിലയില്‍ വലിയതോതിലുള്ള വര്‍ധന ഉണ്ടായത്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് പച്ചക്കറി എത്തിക്കുന്നത്.
അവിടെ ഉൽപാദനം കുറഞ്ഞതാണ് വിലവര്‍ധനക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ജില്ലയില്‍ വട്ടവടയിലാണ് പ്രധാനമായി പച്ചക്കറി കൃഷിയുള്ളത്. ഇവിടെയും ഉൽപാദനം വളരെ കുറവായിരുന്നു. ഇതോടൊപ്പം പഴവര്‍ഗങ്ങള്‍ക്കും വിലകൂടി. മാമ്പഴക്കാലമാണെന്നും മാമ്പഴത്തിന് ക്ഷാമമില്ലെന്നും പറയുന്നുണ്ടെങ്കിലും ശരാശരി 100 രൂപക്ക് മുകളിലാണ് വില. ശക്തമായ മഴ വിൽപനയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുന്തിരിക്ക് 90 മുതല്‍ 100 രൂപ വരെ വിലയുണ്ട്. ആപ്പിളിന് 220 രൂപ മുതലാണ് വില. ഓറഞ്ച്, വിപണിയില്‍ കാണാനേയില്ല. മഴക്കാലമായിട്ടും ചെറുനാരങ്ങയുടെ വില 100ൽ തന്നെ നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
