ഒരു മാസം; 80 ഫയർ കാൾ
text_fieldsകഴിഞ്ഞ ദിവസം ഉടുമ്പന്നൂരിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കുന്ന അഗ്നിരക്ഷ സേനയും നാടുകാരും
തൊടുപുഴ: ഒരുമാസത്തിനിടെ ജില്ലയിൽ 80ന് മുകളിൽ തീപിടിത്തങ്ങൾ ഉണ്ടായതായി ജില്ലയിലെ ഫയർ സ്റ്റേഷനുകളിലേക്ക് എത്തിയ കാൾ പ്രകാരമുള്ള കണക്കുകൾ. അഗ്നിരക്ഷാസേനക്ക് വിവരം ലഭിക്കാത്ത തീപിടിത്തങ്ങളുടെ കണക്ക് കൂടിയാകുമ്പോൾ എണ്ണം ഇനിയും കൂടും. ജില്ലയുടെ പലഭാഗങ്ങളിലും വേനലിന്റെ തുടക്കത്തിൽ തീപിടിത്തങ്ങൾ വർധിച്ചിട്ടുണ്ട്. നാടിനൊപ്പം കാടും കത്തുകയാണ്.
പറമ്പ്, തോട്ടങ്ങൾ, മാലിന്യക്കൂമ്പാരം എന്നിവക്കാണ് കൂടുതലായും തീപിടിക്കുന്നത്. വീട് ഉൾപ്പെടെ ഇത്തവണ കത്തിയമർന്നു. വനമേഖലകളിൽ കാട്ടുതീയും ഭീതി വിതക്കുന്നുണ്ട്. വേനൽ കടുക്കുന്നതോടെ തീപിടിത്തത്തിന്റെ തോത് ഇനിയും ഉയരാനിടയുള്ളതിനാൽ ജാഗ്രതയും ശ്രദ്ധയും വേണമെന്ന് ഓർമിപ്പിക്കുകയാണ് അഗ്നിരക്ഷാസേന.
വനമേഖലയിൽ ജൈവ സമ്പത്തും നശിക്കുന്നു
അപൂർവ ഇനം സസ്യ-ജന്തുജാലങ്ങളുൾപ്പെടെ ജൈവ സമ്പത്തുള്ള വനമേഖലയിൽ കാട്ടുതീ വലിയ നാശമാണ് ഉണ്ടാക്കുന്നത്. കാടിനോട് ചേർന്നുള്ള കൃഷിയിടങ്ങളും അഗ്നിക്കിരയാകാറുണ്ട്. ഒരുപരിധിവരെ പൂർണമായും മനുഷ്യനിർമിതമായ തീപിടിത്തമാണ് പറമ്പുകളിൽ ഉണ്ടാകുന്നത്. നിലം വൃത്തിയാക്കാനായി ഇടുന്ന തീയുടെ നിയന്ത്രണം നഷ്ടപ്പെടുകയും മറ്റു പ്രദേശങ്ങളിലേക്ക് അതിവേഗത്തിൽ പടരുകയും ചെയ്യും.
കനത്ത വെയിലും കാറ്റും തീ പെട്ടെന്നു പടർന്നുപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. അശ്രദ്ധയും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും ഇതിനു കാരണമാകുന്നു. കാട്ടുതീ തടയുന്നതിന് ആധുനിക സംവിധാനങ്ങളും ഉപകരണങ്ങളും വനംവകുപ്പിനു ലഭ്യമാക്കണമെന്ന ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല.
അസൗകര്യങ്ങളുടെ നടുവിൽ അഗ്നിരക്ഷാസേന യൂനിറ്റുകൾ
അസൗകര്യങ്ങളുടെ നടുവിലാണ് ജില്ലയിലെ പല അഗ്നിരക്ഷാസേന യൂനിറ്റുകളും. ജീവനക്കാരുടെ കുറവ്, കെട്ടിടത്തിന്റെ പരിമിതികൾ, വെള്ളം നിറക്കുന്നതിനു മതിയായ സംവിധാനങ്ങളില്ലാത്തത്, വാഹനങ്ങളുടെയും മറ്റു ഉപകരണങ്ങളുടെയും അപര്യാപ്തതകൾ എന്നിവയെല്ലാം ജില്ലയിലെ ഫയർ സ്റ്റേഷനുകളിൽ കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നങ്ങളാണ്. തൊടുപുഴ, മൂലമറ്റം, ഇടുക്കി, കട്ടപ്പന, മൂന്നാർ, അടിമാലി, നെടുങ്കണ്ടം, പീരുമേട് എന്നിവിടങ്ങളിലാണ് ഫയർ സ്റ്റേഷനുകൾ ഉള്ളത്.
കൂടുതൽ സ്റ്റേഷനുകൾ ജില്ലക്ക് വേണ്ടതുണ്ട്. ഇതിന്റെ അഭാവത്തിൽ പല സ്ഥലങ്ങളിലും തീപിടിത്തമോ മറ്റു അപകടമോ ഉണ്ടായാൽ രക്ഷാപ്രവർത്തനം വൈകുന്ന സ്ഥിതിവിശേഷവുമുണ്ട്. ഇതു നാശനഷ്ടത്തിന്റെ വ്യാപ്തി കൂടാൻ ഇടയാക്കുന്നു.
വാഹനം എത്തിപ്പെടാത്ത ഉയർന്ന പ്രദേശങ്ങളിലാണ് പലപ്പോഴും തീപിടിത്തമുണ്ടാകുന്നത് എന്നതും വെല്ലുവിളിയാണ്. ഇവിടങ്ങളിൽ നാട്ടുകാരുടെ സഹായത്തോടെ സമീപത്തുനിന്ന് വെള്ളം ശേഖരിച്ച് ഒഴിച്ചും ഫയർ ബീറ്റും പച്ചില ഉപയോഗിച്ചുമൊക്കെ തീ തല്ലിക്കെടുത്തിയുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

