ജലാശയ തീരത്തെ മാലിന്യം തള്ളൽ; 50,000 രൂപ പിഴയിട്ടു
text_fieldsകുടയത്തൂർ പഞ്ചായത്തിലെ ജലാശയ തീരത്ത് മാലിന്യം തള്ളിയിരിക്കുന്നു
കുടയത്തൂർ: സിനിമ ചിത്രീകരണത്തിന് എത്തിയവർ ജലാശയ തീരത്ത് മാലിന്യം തള്ളിയ സംഭവത്തിൽ കുടയത്തൂർ പഞ്ചായത്ത് 50, 000 രൂപ പിഴയിട്ടു. പിഴ ഈടാക്കി നൽകാൻ ആവശ്യപ്പെട്ട് സ്ഥലം ഉടമകളായ എം.വി.ഐ.പിയോട് ആവശ്യപ്പെട്ട് കത്ത് നൽകി. കുടയത്തൂർ പഞ്ചായത്ത് പരിധിയിൽ വരുന്ന ജലാശയ തീരത്താണ് ഷൂട്ടിങ്ങിന് ശേഷം മാലിന്യം ഉപേക്ഷിച്ചത്. എം.വി.ഐ.പിയിൽനിന്ന് അനുമതി വാങ്ങിയാണ് ജലാശയ തീരങ്ങളിൽ ഷൂട്ടിങ് നടത്താറുള്ളത്. ഇതിന് ഫീസും ഈടാക്കുന്നുണ്ട്. എന്നാൽ, ഷൂട്ടിങ്ങിനുശേഷം സ്ഥലത്ത് മാലിന്യം തള്ളിയിട്ടുണ്ടോ, മണ്ണിടിച്ചോ മലയിടിച്ചോ രൂപഭാവങ്ങൾ മാറ്റിയിട്ടുണ്ടോ എന്നത് എം.വി.ഐ.പി ശ്രദ്ധിക്കാറില്ല.
ഇതാണ് മാലിന്യം നിക്ഷേപിച്ച് ഇവർ കടന്നുകളയാൻ കാരണം. മലയാളം, തമിഴ്, കന്നട തുടങ്ങി വിവിധ ഭാഷകളിലെ നൂറുകണക്കിന് സിനിമകൾക്ക് പശ്ചാത്തലമായ ഇവിടെ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന ചിത്രീകരണങ്ങളുടെ അവശിഷ്ടങ്ങളാണ് പ്രധാനമായും കുന്നുകൂടിയിരിക്കുന്നത്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന് (എം.വി.ഐ.പി) കീഴിലുള്ള മലങ്കര ജലാശയം തൊടുപുഴ, മൂവാറ്റുപുഴ ഭാഗങ്ങളിലെ ലക്ഷക്കണക്കിന് ആളുകളുടെ പ്രധാന കുടിവെള്ള സ്രോതസ്സാണ്. എന്നാൽ, ചിത്രീകരണത്തിന് ഉപയോഗിച്ച ആസ്ബസ്റ്റോസ്, സിമന്റ്, തെർമോകോൾ, ജിപ്സം, പ്ലാസ്റ്റിക്, ഇരുമ്പ് തുടങ്ങിയ മാലിന്യങ്ങളാണ് തീരത്ത് ഉപേക്ഷിച്ചിരിക്കുന്നത്. ഇതിൽ ഒരു ഭാഗം നേരത്തേ കത്തിച്ചതായും പരാതിയുണ്ട്. ബാക്കിയുള്ളവ ജലാശയത്തിലേക്ക് ഒഴുകിപ്പരക്കുന്നത് കുടിവെള്ള പദ്ധതികളെയും ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ വകുപ്പുകളുടെ ഏകോപിതമായ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.മാലിന്യക്കൂമ്പാരങ്ങൾ നീക്കി ജലാശയത്തിന്റെ സ്വാഭാവിക ഭംഗിനിലനിർത്താൻ അധികൃതർ ഉടൻ ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

