പെരിയാർ കടുവ സങ്കേതത്തിലെ മംഗളാദേവി ക്ഷേത്രത്തില്‍ ഉത്സവം നാളെ
text_fieldsകുമളി: ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണമി ഉത്സവം തിങ്കളാഴ്ച നടക്കും. ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കം പൂർത്തിയായതായി കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു. ക്ഷേത്രത്തിലേക്കാവശ്യമായ പൂക്കൾ, പൂജാസാധനങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ രാവിലെ നാല് മണിക്ക് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടി ജില്ല ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.
ക്ഷേത്രത്തിനുള്ളിൽ ടിൻ ഷീറ്റുപയോഗിച്ച് രണ്ട് പന്തൽ, ബാരിക്കേഡ് എന്നിവയുടെ നിർമാണം, ക്ഷേത്ര പരിസരം വൃത്തിയാക്കൽ, ക്ഷേത്രക്കുളം ശുചീകരിക്കൽ, റിക്കവറി വാൻ, അസ്ക ലൈറ്റ് എന്നിവയുടെ സജ്ജീകരണം തുടങ്ങിയവയും പൂർത്തിയാക്കിയിട്ടുണ്ട്. ഉത്സവദിവസം കരടിക്കവല മുതൽ മംഗളാദേവിവരെയുള്ള സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണത്തിനായി കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. വാഹനങ്ങളിൽ അനുവദിച്ചതിലധികം തീർഥാടകർ യാത്രചെയ്യുന്നുണ്ടോ, നിശ്ചയിച്ചതിലധികം നിരക്കുകൾ വാങ്ങുന്നുണ്ടോ എന്നത് സംബന്ധിച്ച പരിശോധന പൊലീസ് നടത്തേണ്ടതാണെന്ന് കലക്ടർ പറഞ്ഞു.
ഭക്ഷണ അവശിഷ്ടങ്ങൾ ക്ഷേത്രത്തിലേക്കുള്ള വഴിയിലും പരിസരത്തും ഉപേക്ഷിക്കാൻ പാടില്ല. ക്ഷേത്രപരിസരത്ത് ആംപ്ലിഫയറുകളുടെ ഉപയോഗം അനുവദിക്കില്ല. ക്ഷേത്രപരിസരത്തും വനമേഖലയിലും ഡ്രോണുകൾ ഉപയോഗിക്കാൻ പാടില്ല. പൂർണമായും ഹരിതചട്ടം പാലിച്ചാകും ഉത്സവം നടത്തുകയെന്നും കലക്ടർ അറിയിച്ചു. തീർഥാടനപാതയിൽ 500 മീറ്റർ ദൂരത്തിൽ സൈൻ ബോർഡുകൾ ഉണ്ടാകും. ടോയിലെറ്റ് സംവിധാനം, ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി മുഖാന്തരം മഴക്കോട്ട്, കുട എന്നിവ വിൽപനക്കും വാടകക്കും ലഭ്യമാക്കുന്നതിനുള്ള നടപടി വനം വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
ആംബുലൻസ് സൗകര്യത്തോടുകൂടിയ നാല് മെഡിക്കൽ സംഘം
നിശ്ചയിച്ച കേന്ദ്രങ്ങളിൽനിന്ന് മാത്രമേ യാത്രക്കാരെ വാഹനങ്ങളിൽ കയറ്റുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല മോട്ടോർവാഹന വകുപ്പിനാണ്. തീർഥാടകർക്ക് യാത്രക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ട്രിപ്പ് ചാർജ് ഒരു സൈഡ് ഒരാൾക്ക് 160 രൂപ, ഒരു സൈഡ് ടാക്സി ചാർജ് 2100 രൂപ, ഇരുവശത്തേക്കമുള്ള ടാക്സി ചാർജ് 4200 രൂപയുമാണ്. ഇരുചക്ര വാഹനം അനുവദിക്കില്ല. ആംബുലൻസ് സൗകര്യത്തോടുകൂടിയ നാല് മെഡിക്കൽ സംഘങ്ങളെ കൊക്കരക്കണ്ടം, കരടിക്കവല, ഭ്രാന്തിപ്പാറ, ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് വിന്യസിച്ചിട്ടുണ്ട്.
കുമളി, വണ്ടിപ്പെരിയാർ പി.എച്ച്.സികളിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനവും ഉണ്ടാകും. കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധന വാട്ടർ അതോറിറ്റി നടത്തും. ഉത്സവ ദിവസം കുമളിയിലും പരിസരത്തും തടസ്സമില്ലാതെ കുടിവെള്ള ലഭ്യതക്കുള്ള ക്രമീകരണം ഏർപ്പെടുത്തേണ്ടതും അതോറിറ്റിയാണ്. കുമളിയിലെയും പരിസരത്തെയും കടകളിൽ ഭക്ഷണ സാധനങ്ങൾക്ക് അധിക വില ഈടാക്കുന്നുണ്ടോ, വിലവിവര പട്ടിക പ്രദർശിപ്പിച്ചുണ്ടോ എന്നത് സപ്ലൈ ഓഫിസർ പരിശോധിക്കും.
ക്ഷേത്രം സ്ഥിതിചെയ്യുന്നത് പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍
പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമാണ് മംഗളാദേവി. ചൈത്രമാസത്തിലെ ചിത്തിരനാളിലെ പൗര്‍ണമി അഥവാ ചിത്രാപൗര്‍ണമി നാളില്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്.
ഉത്സവനാളില്‍ ഒരേസമയം കേരളം, തമിഴ്നാട് രീതികളിൽ പൂജകള്‍ നടക്കും. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരുക്ഷേത്രങ്ങളിലും വെളുപ്പിന് അഞ്ച് മണിയോടെ നട തുറന്ന് ചടങ്ങുകള്‍ ആരംഭിക്കും. ഇടുക്കി, തേനി ജില്ല ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള-തമിഴ്നാട് പൊലീസ്, റവന്യൂ, വനം വകുപ്പ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതര്‍ സംയുക്തമായിട്ടാകും ഉത്സവം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

