ഇന്ത്യൻ റബർ കൃഷിയുടെ പിതാവ് ജെ.ജെ. മര്‍ഫിയുടെ വേര്പാടിന് 68 വയസ്സ്
text_fieldsജെ.ജെ. മര്‍ഫി
ഏന്തയാര്‍: ഇന്ത്യയില്‍ റബർ കൃഷിയുടെ പിതാവായ അയര്ലൻഡുകാരൻ ജോണ്‍ ജോസഫ് മര്‍ഫിയെന്ന ജെ.ജെ. മര്‍ഫിയുടെ വേര്പാടിന് 68 വയസ്സ് തികയുമ്പോഴും ആ സ്മരണകളിലാണ് ഏന്തയാര്‍ എന്ന ഗ്രാമം. ഇന്ന് റബറിനാല്‍ നിറഞ്ഞ മലയോര നാടിന്റെ എല്ലാ സൗഭാഗ്യങ്ങളുടെയും തുടക്കക്കാരന് ഈ ഇംഗ്ലീഷുകാരനാണെന്നാണ് നാടിന്റെ വിശ്വാസം. 1902ല്‍ കോതമംഗലത്തിനടുത്ത് തട്ടേക്കാട്ടില്‍ റബർ കൃഷി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി പരാജയപ്പെട്ടെങ്കിലും മര്‍ഫി റബറിനെ വിടാന്‍ തയാറായില്ല. പിന്നീട് 1904ല്‍ മുണ്ടക്കയത്തിനടുത്ത് ഏന്തയാറ്റിലാണ് റബര്‍കൃഷി വിജകരമായി തുടങ്ങാനായത്.
തന്റെ തൊഴിലാളികളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഇദ്ദേഹം പിന്നീടുവന്ന തോട്ടം ഉടമകള്‍ക്ക് മാതൃകയാണ്. ഇപ്പോള്‍ രാജ്യത്തു നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ പലതും മര്‍ഫിയുടെ കാലത്ത് തുടങ്ങിവെച്ചതാണ്. രോഗബാധിതനായ മർഫി വെല്ലൂരില്‍ ചികിത്സക്ക് പോയെങ്കിലും ഏന്തയാര്‍ മറക്കാനാവില്ലെന്നും മരിച്ചാല്‍ തൊഴിലാളികളെ അടക്കം ചെയ്യുന്ന സ്ഥലത്ത് തന്നെയാകണം തന്റെയും സംസ്കാരമെന്നും നിർദേശിച്ചിരുന്നു.
1957 മേയ് ഒമ്പതിന് മരിച്ച മർഫിയെ ഇതുപ്രകാരമാണ് ഏന്തയാറിന് മുകളിലെ മാത്തുമലയിൽ തൊഴിലാളികളുടെ സംസ്കാര സ്ഥലത്ത് അടക്കിയത്. സംസ്കാര ചടങ്ങിലും വിലാപയാത്രയിലും പങ്കെടുത്ത പലരും ഇന്നും ഏന്തയാറ്റില്‍ ജീവിച്ചിരിപ്പുണ്ട്. മര്‍ഫിയെ അടക്കിയ പ്രദേശത്തെ മര്‍ഫി മൗണ്ട് എന്ന് നാമകരണം ചെയ്തെങ്കിലും സര്‍ക്കാര്‍ കാര്യമായ പരിഗണന നല്‍കിയില്ലന്ന് ആക്ഷേപമുണ്ട്. സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലുള്ള ഏന്തയാര്‍ ജെ.ജെ. മര്‍ഫി ഹയര്‍സെക്കന്‍ഡറി സ്കൂളും ജെ.ജെ. മര്‍ഫി പബ്ലിക് സ്കൂളും മാത്രമാണ് സായിപ്പിനെ ഓര്‍ക്കാനുള്ള സംരംഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

