മുഖാമുഖം മൂന്നാം വട്ടം
text_fieldsമലയോര ജനതയുടെ പ്രശ്നങ്ങളിൽ തങ്ങൾക്കൊപ്പം നിൽക്കുന്നവരെ കൊടിയുടെ നിറം നോക്കാതെ നെഞ്ചിലേറ്റുന്നതാണ് ഇടുക്കിയുടെ ചരിത്രം
തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ ഇടത് സ്ഥാനാർഥിയായി ജോയ്സ് ജോർജും യു.ഡി.എഫ് സ്ഥാനാർഥിയായി ഡീൻ കുര്യാക്കോസും മൂന്നാം വട്ടവും ഏറ്റുമുട്ടുമെന്ന് ഉറപ്പായി. ജോയ്സിനെ ഇടുക്കിയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എം പ്രഖ്യാപിച്ചു കഴിഞ്ഞു.
യു.ഡി.എഫ് സ്ഥാനാർഥിയെ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെങ്കിലും നിലവിലെ എം.പി ഡീൻ കുര്യാക്കോസ് തന്നെയാകും മത്സരിക്കുകയെന്ന് ഉറപ്പായിട്ടുണ്ട്. ജോയ്സ് ഇതിനകം പ്രചാരണം ആരംഭിച്ചു. മുതിർന്ന നേതാക്കൾ, പ്രമുഖ വ്യക്തികൾ, മത മേലധ്യക്ഷൻമാരടക്കമുള്ളവരെ അദ്ദേഹം കണ്ടുകഴിഞ്ഞു.
മാർച്ച് അഞ്ചു മുതൽ വീടുകളും കടകളും കയറിയുള്ള പ്രചാരണം തുടങ്ങും. ഏഴിന് പാർലമെന്റ് മണ്ഡലം കൺവെൻഷൻ നടക്കും. ഡീനും ഔദ്യോഗികമായില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. അടുത്ത ദിവസം തന്നെ എ.ഐ.സി.സി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻ.ഡി.എ സ്ഥാനാർഥിയെ കൂടി നിശ്ചയിച്ചാൽ ഇടുക്കി മണ്ഡലത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. ഇത്തവണയും ബി.ഡി.ജെ.എസിനു തന്നെയാകും സീറ്റ്.
2014ലെ തിരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ജോയ്സ് ജോർജ് അന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഡീൻ കുര്യാക്കോസിനെ 50,542 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. അന്ന് കത്തിനിന്ന ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്ക് എതിരായ പ്രതിഷേധങ്ങളിൽ ഹൈറേഞ്ച് സംരക്ഷണസമിതിക്കൊപ്പം നിന്ന ജോയ്സ് ജോർജ് സ്ഥാനാർഥിത്വത്തിലേക്ക് വരുകയായിരുന്നു.
എന്നാൽ, 2019ലെ തിരഞ്ഞെടുപ്പിൽ ഇരുവരും വീണ്ടും ഏറ്റുമുട്ടിയപ്പോൾ ഡീൻ കുര്യാക്കോസിനായിരുന്നു വിജയം. ഇത്തവണ വീണ്ടും ജോയ്സ് ജോർജിനെ സ്ഥാനാർഥിയാക്കിയാൽ മണ്ഡലം തിരിച്ചുപിടിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം. നേരത്തെ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് ജോയ്സ് മത്സരിച്ചതെങ്കിൽ ഇത്തവണ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ പാർട്ടി സ്ഥാനാർഥിയായിട്ടാണ് അങ്കത്തിനിറങ്ങുന്നതെന്ന പ്രത്യേകതയുണ്ട്.
വലിയ ജില്ല; വലിയ ചരിത്രം
സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായതുകൊണ്ട് തന്നെ പ്രചാരണത്തിലും ആ ‘വലുപ്പ’മുണ്ടാകും. ഇടുക്കിയുടെ അതിർത്തിയും കടന്ന് എറണാകുളം ജില്ലിയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങൾ കൂടി ചേരുന്നതാണ് ഇടുക്കി ലോക്സഭാമണ്ഡലം. ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, പീരുമേട്, തൊടുപുഴ, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം എന്നിങ്ങനെ ഏഴ് നിയമസഭാമണ്ഡലങ്ങളിൽ അഞ്ചും എൽ.ഡി.എഫിന്റെ കൈയിലാണ്.
യു.ഡി.എഫിന്റെ കൈയിലുള്ളത് തൊടുപുഴയും മൂവാറ്റുപുഴയും മാത്രം. മണ്ഡലം രൂപീകൃതമായ 1977-ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സി.എം. സ്റ്റീഫനാണ് ഇടതുപക്ഷത്തെ എൻ.എം ജോസഫിനെ പരാജയപ്പെടുത്തി പാർലമെന്റിലെത്തിയത്. 1980-ൽ സി.പി.എം നേതാവ് എം.എം. ലോറൻസിലൂടെ മണ്ഡലം ഇടതുപക്ഷം പിടിച്ചപ്പോൾ 1984 ൽ പ്രൊഫ. പി.ജെ. കുര്യനിലൂടെ കോൺഗ്രസ് തിരിച്ചുപിടിച്ചു.
സി.പി.ഐ നേതാവ് സി.എ. കുര്യനെ 1,30,624 വോട്ടിന്റെ വൻ മാർജിനിലാണ് കുര്യൻ തോൽപ്പിച്ചത്. 1989 ൽ കോൺഗ്രസിലെ പാലാ കെ.എം. മാത്യു സി.പി.എം നേതാവ് എം.സി. ജോസഫൈനെ പരാജയപ്പെടുത്തി. 1991ലും പാലാ കെ.എം. മാത്യു വിജയം ആവർത്തിച്ചു. പി.ജെ. ജോസഫിനെയായിരുന്നു അത്തവണ തോൽവി.
1996 ൽ കോൺഗ്രസിലെ എ.സി. ജോസ്, ഇടതു ബാനറിൽ കന്നിയങ്കത്തിനിറങ്ങിയ കെ. ഫ്രാൻസിസ് ജോർജിനെ 30,140 വോട്ടിന് പരാജയപ്പെടുത്തി. 1998ലും മത്സരിച്ച ഫ്രാൻസിസ് ജോർജിന് 6350 വോട്ടുകളുടെ വ്യത്യാസത്തിൽ പി.സി. ചാക്കോയോട് പരാജയം സമ്മതിക്കേണ്ടിവന്നു.
എങ്കിലും എതിരാളിയുടെ ഭൂരിപക്ഷം ഗണ്യമായി കുറച്ചത് നേട്ടമായി ഇടതുപക്ഷം വിലയിരുത്തി. 1999 ൽ യു.ഡി.എഫ് കോട്ട തകർത്ത് പി.ജെ. കുര്യനെ പരാജയപ്പെടുത്തി ഫ്രാൻസിസ് ജോർജ് വിജയിച്ചു. 2004 ൽ കോൺഗ്രസിലെ ബെന്നി ബഹന്നാനെതിരെ ഫ്രാൻസിസ് ജോർജ് വീണ്ടും ജയം ആവർത്തിച്ചു.
2009 ൽ ഫ്രാൻസിസ് ജോർജിനെ തറപറ്റിച്ച് പി.ടി. തോമസിലൂടെ യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു. 2014 ൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറിൽ മത്സരിച്ച ജോയ്സ് ജോർജ് ഇടുക്കി മണ്ഡലം ഇടതുപാളയത്തിലെത്തിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഡീൻ കുര്യാക്കോസിനെയാണ് ജോയ്സ് ജോർജ് പരാജയപ്പെടുത്തിയത്.
2019ൽ ഡീൻ കുര്യാക്കോസ് മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് ജോയ്സ് ജോർജ്ജിൽ നിന്ന് മണ്ഡലം തിരിച്ചുപിടിച്ചത്- ഭൂരിപക്ഷം 1,71,053.
ഭൂപ്രശ്നം, വന്യമൃഗ ശല്യം; സ്ഥാനാർഥികൾ ഉത്തരം പറയേണ്ടി വരും
വോട്ടഭ്യർഥിച്ചിറങ്ങുന്ന സ്ഥാനാർഥികൾ ജനങ്ങളുടെ ചില ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരും. നാണ്യവിളകളെ മാത്രം ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവരാണ് മലയോര കർഷകരിൽ ഏറിയ പങ്കും.
അനുദിനം വർധിക്കുന്ന വന്യമൃഗ ശല്യവും ഒരിക്കലും തീരാത്ത നിർമ്മാണ നിരോധനമടക്കമുള്ള ഭൂപ്രശ്നങ്ങളും ഇരുതലമൂർച്ചയുള്ള വാളുപോലെ ഇടുക്കിയിലെ ജനതയെ കടന്നാക്രമിക്കുകയാണ്. നിർമ്മാണ നിരോധനത്തിന് യഥാർഥ ഉത്തരവാദി ഏതു മുന്നണിയാണെന്ന ചർച്ച ഈ തിരഞ്ഞെടുപ്പിൽ ചൂടുപിടിക്കും.
നിർമ്മാണ നിരോധനം മറികടക്കാൻ ഭൂപതിവ് നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതാണ് പ്രശ്നമെന്ന് ഇടതുപക്ഷം വാദിക്കുമ്പോൾ ബില്ലിലെ പൊള്ളത്തരങ്ങൾ ഉയർത്തിക്കാണിച്ചാകും യു.ഡി.എഫും എൻ.ഡി.എയും പ്രതിരോധിക്കുക.
മലയോര ജനതയുടെ പ്രശ്നങ്ങളിൽ തങ്ങൾക്കൊപ്പം നിൽക്കുന്നവരെ കൊടിയുടെ നിറം നോക്കാതെ നെഞ്ചിലേറ്റുന്നതാണ് ഇടുക്കിയുടെ ചരിത്രം.
ചുവരുകളിലും തെരഞ്ഞെടുപ്പ് ചൂട്
തൊടുപുഴ: ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് ജില്ല ഉണർന്നു കഴിഞ്ഞിരുന്നു. ഓരോ വോട്ടും നേടാനുള്ള പ്രചാരണ പരിപാടികളെക്കുറിച്ചാണ് അണികളുടെ ചിന്തയിപ്പോൾ. പോസ്റ്റർ, നോട്ടീസ്, ഫ്ലക്സ് തുടങ്ങിയവയിലെല്ലാം മറ്റ് സ്ഥാനാർഥികളെ പിന്നിലാക്കാനാണ് ശ്രമം. ജോയ്സ് ജോർജിനായി ചുവരെഴുത്തുകൾ ആരംഭിച്ചിട്ടുണ്ട്.
സ്ഥാനാർഥി പ്രഖ്യാപനം വരാത്തതിനാൽ കണ്ടെത്തിയ ചുവരുകൾ യു.ഡി.എഫും ബുക്ക് ചെയ്തിട്ടിരിക്കുകയാണ്. ഒരാഴ്ച കൂടി കഴിഞ്ഞാൽ പ്രചാരണത്തിന്റെ രീതി മാറും. ഫ്ലക്സുകളും കട്ടൗട്ടുകളും നഗരത്തിന്റെ മുക്കിലും മൂലയിലും നിറയും. ഇതിനെല്ലാമൊപ്പം സമൂഹ മാധ്യമങ്ങളിൽ പ്രവർത്തകർ അരയും കൈയ്യും മുറുക്കി ഇറങ്ങി തിരിച്ചിട്ടുണ്ട്.
തങ്ങളുടെ സ്ഥാനാർഥികളുടെ ഗുണങ്ങൾ വാഴ്ത്തിപ്പാടിയും എതിർ സ്ഥാനാർഥിക്കെതിരെ ആക്ഷേപം ഉന്നയിച്ചും ഇവർ തിരഞ്ഞെടുപ്പ് കളം നിറയുന്നുണ്ട്. സ്ഥാനാർഥികൾ വരും ദിവസങ്ങളിൽ തന്നെ പരസ്യ പ്രചാരണത്തിന് ഇറങ്ങുന്നതോടെ തെരഞ്ഞെടുപ്പ് ആരവം നാടെങ്ങും നിറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

