വില ഇടിഞ്ഞെങ്കിലും നാടൻ നേന്ത്രക്കായ കിട്ടാനില്ല
text_fieldsഅടിമാലി: ഓണസദ്യയിലെ ആദ്യഇനമാണ് ശർക്കരവരട്ടിയും നേന്ത്രക്കായ ഉപ്പേരിയും (കായ വറുത്തത്). നേന്ത്രക്കായ വിൽപന ഉഷാറാണെങ്കിലും ഓണക്കാലത്തും കാര്യമായ വില ലഭിക്കാത്തത് കർഷകരെ നിരാശരാക്കുന്നു. 35 രൂപയാണ് കിലോഗ്രാമിന് മൊത്തവില. കർഷകനു ലഭിക്കുക 32 രൂപ മാത്രം. ചില്ലറവിപണിയിൽ 45 രൂപയാണ് വില. കഴിഞ്ഞ ഓണത്തിന് കിലോഗ്രാമിന് 55-60 വരെ വിലയുണ്ടായിരുന്നു. കർഷകനു 45 രൂപ വരെ കിട്ടി. ഒരു വാഴ കുലക്കുന്നതു വരെ വളമിടലും മറ്റുമായി 200 രൂപ വരെ ചെലവുണ്ടെന്നു കർഷകർ പറയുന്നു.
ജില്ലയിൽ വാഴക്കൃഷി വ്യാപകമായി മഴയിൽ നശിച്ചതും തിരിച്ചടിയായി. അടിമാലി, മാങ്കുളം, കൊന്നത്തടി, വാത്തിക്കുടി, രാജാക്കാട്, രാജകുമാരി പഞ്ചായത്തുകളിലായി ഈ വർഷം ഏക്കർകണക്കിന് വാഴകൃഷിയാണ് നശിച്ചത്. ഇതിനുപുറമെ കാട്ടാന ഉൾപ്പെടെ മൃഗങ്ങളും വാഴ നശിപ്പിച്ചു. സാധാരണ ഓണക്കാലത്തു നേന്ത്രക്കായക്ക് വില കൂടാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ലെന്ന് വ്യാപാരികൾ പറയുന്നു.
ടൺകണക്കിന് ഏത്തപ്പഴം ഓണവിപണി ലക്ഷ്യമിട്ട് അയൽസംസ്ഥാനങ്ങളിൽനിന്ന് ജില്ലയിലെത്തി. എന്നാൽ, വിപണിയിൽ ആവശ്യമായതിന്റെ അഞ്ച് ശതമാനം പോലും നാടൻകായ എത്തുന്നില്ല. നാടൻകായ കൂടുതലും എത്തുന്നത് ഹൈറേഞ്ചിൽ നിന്നാണ്. മറ്റു ജില്ലകളിലും ഇടുക്കി നേന്ത്രക്കായക്ക് ആവശ്യക്കാരേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

