ഇടുക്കിയിൽ വരുന്നു... ഇ.എസ്.ഐ ആശുപത്രി
text_fieldsതൊടുപുഴ: ജില്ലയിലെ ആരോഗ്യ മേഖലയിൽ വലിയ കുതിപ്പിനിടയാക്കാൻ കഴിയുന്ന നൂറ് കിടക്കകളുള്ള ഇ.എസ്.ഐ ആശുപത്രി സ്ഥാപിക്കാൻ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ഇ.എസ്.ഐ.സി) അനുമതി. കട്ടപ്പനയിലായിരിക്കും ആശുപത്രി വരുക. നാലേക്കർ ഭൂമി നഗരസഭ ഇതിനായി കണ്ടെത്തിയിട്ടുണ്ട്.
നാളുകളായുള്ള ആവശ്യത്തിനൊടുവിലാണ് ആശുപത്രിക്ക് അംഗീകാരം ലഭിച്ചതെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഇടുക്കിയിൽ ആശുപത്രി വരുന്നത് സംബന്ധിച്ച കാര്യം അടുത്തിടെ ഇടുക്കി സന്ദർശന വേളയിൽ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ചൂണ്ടിക്കാട്ടിയിരുന്നു.ബോർഡ് യോഗം അനുമതികൂടി നൽകിയതോടെ ഇനി നടപടികൾ വേഗത്തിൽ പുരോഗമിക്കും. തൊഴിലാളികൾക്കടക്കം മികച്ച ചികിത്സ ആശുപത്രി എത്തുന്നതോടെ ലഭിക്കും.
നിലവിൽ എറണാകുളത്താണ് ഇടുക്കിയിൽനിന്നുള്ളവർ പോകുന്നത്. മലയോര മേഖലയിൽ തൊഴിലാളികൾക്കും സാധാരണക്കാർക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താൻ ഇ.എസ്.ഐ ആശുപത്രി വരുന്നതോടെ സാധിക്കുമെന്ന് എം.പി പറഞ്ഞു. കേന്ദ്ര സർക്കാർ അടുത്തിടെ മാറ്റിയ നയപരമായ തീരുമാനമാണ് നൂറ് ബെഡ് ആശുപത്രിക്ക് സഹായകരമായത്.
ഇടുക്കിയിൽ ഇ.എസ്.ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ ഐ.പി നമ്പർ (ഇൻഷ്വർഡ് പേഴ്സൻ) 18,000 ആണ്. മലയോര മേഖലയിൽ ഐ.പി നമ്പർ 15,000 മിനിമമായി കേന്ദ്ര സർക്കാർ പുനർനിശ്ചയിച്ചതാണ് ഇടുക്കിക്ക് 100 ബെഡ് ആശുപത്രി അനുവദിക്കപ്പെടാൻ സഹായകരമായി മാറിയത്. കേന്ദ്ര സർക്കാർ അടുത്തയിടെ പാസാക്കിയ തൊഴിൽ നിയമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കരണം അസംഘടിത മേഖലയിലെയും തോട്ടം തൊഴിലാളികൾക്കും ഇ.എസ്.ഐ ആനുകൂല്യം നൽകുകയെന്നതായിരുന്നു. ഇതുസംബന്ധിച്ച് പാർലമെന്റ് പാസാക്കിയ നിയമത്തിന് ചുവടുപിടിച്ച് കേരളത്തിലും നിയമ നിർമാണമുണ്ടാകും.
അതോടെ ആയിരക്കണക്കിന് തോട്ടം തൊഴിലാളികൾക്കുൾപ്പെടെ എല്ലാവിഭാഗം വിദഗ്ധ ചികിത്സയും ഇ.എസ്.ഐ ആശുപത്രിയിൽ ലഭ്യമാകും.ഭാവിയിൽ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി വികസിപ്പിക്കാനും സാധിക്കുമെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി.
കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ആശുപത്രി തുടങ്ങാൻ കണ്ടെത്തിയ സ്ഥലം ഇ.എസ്.ഐ കോർപറേഷന് കൈമാറ്റം ചെയ്തതിന് ശേഷം 2023ൽ തന്നെ പദ്ധതിയുടെ തറക്കല്ലിടും. രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കും. രണ്ട് ദിവസമായി ഡൽഹിയിൽ തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ ചേർന്ന ഇ.എസ്.ഐ ബോർഡ് യോഗമാണ് ആശുപത്രിക്ക് അന്തിമ അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

