Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.എസ്.എ പ്രതിഷേധം ശക്തമാകുന്നു; ഞായറാഴ്ച 52 പഞ്ചായത്തുകളിൽ അടിയന്തര ഗ്രാമസഭ

text_fields
bookmark_border
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിലാണ് ഒരേസമയം അടിയന്തര ‘സ്പെഷൽ പൊതു ഗ്രാമസഭകൾ’ നടക്കുക
ഇ.എസ്.എ പ്രതിഷേധം ശക്തമാകുന്നു; ഞായറാഴ്ച 52 പഞ്ചായത്തുകളിൽ അടിയന്തര ഗ്രാമസഭ
cancel

കുമളി: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത്തെ കരട് വിജ്ഞാപനത്തിൽ, കേരളം സമർപ്പിച്ച ശാസ്ത്രീയ നിർദേശങ്ങൾ അവഗണിച്ചതിനെതിരെ ജില്ലയിൽ ജനകീയ പ്രതിരോധം ശക്തമാക്കുന്നു.

ഇതിന്റെ ഭാഗമായി ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലും ഒരേസമയം അടിയന്തര ‘സ്പെഷൽ പൊതു ഗ്രാമസഭകൾ’ വിളിച്ചുചേർക്കാൻ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിലാണ് ഗ്രാമസഭകൾ ചേരാൻ തീരുമാനിച്ചതെന്ന് ജില്ല പ്രസിഡന്റ് എം.എം. വർഗീസ്, സെക്രട്ടറി ശാന്തി ഹരിദാസ് എന്നിവർ പറഞ്ഞു.

മുമ്പ് പ്രസിദ്ധീകരിച്ച ആറ് കരട് വിജ്ഞാപനങ്ങളിലും ഇല്ലാതിരുന്ന തരത്തിൽ, ആദ്യമായി കേരളത്തിലെ 131 വില്ലേജുകളുടെ പേരുകൾ പുതിയ വിജ്ഞാപനത്തിന്റെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയത് ഹൈറേഞ്ചിലെ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒരേ ദിവസം, ഒരേ സമയത്ത് ‘ഒരു പഞ്ചായത്തിൽ ഒരു സ്പെഷൽ പൊതു ഗ്രാമസഭ’എന്ന ക്രമത്തിൽ ജനകീയ സഭകൾ വിളിച്ച് പ്രതിരോധം തീർക്കാൻ തീരുമാനിച്ചത്. 2013 നവംബർ 13ലെ കേന്ദ്ര വിജ്ഞാപനത്തിലെ കടുത്ത നിയന്ത്രണങ്ങൾ കാരണം ഇടുക്കിയിൽ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഇടുക്കിയിലെ സർക്കാർ മെഡിക്കൽ കോളജിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിയാതെ വരുകയും മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കാതെ പ്രവർത്തനം നിർത്തിവെക്കേണ്ടി വരുകയും ചെയ്തു. തുടർന്ന് 2018 മേയിൽ കേരള സർക്കാർ കേന്ദ്രത്തിന് അയച്ച കത്തുകളുടെ അടിസ്ഥാനത്തിൽ ഡിസംബർ മൂന്നിന് കേന്ദ്ര സർക്കാർ നിർദേശങ്ങളിൽ ഭേദഗതി വരുത്തുകയും നിയന്ത്രണങ്ങൾ കരട് ഇ.എസ്.എ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു.

2024 നവംബർ 2ന് സമർപ്പിച്ച ഏറ്റവും പുതിയ നിർദേശപ്രകാരം 98 വില്ലേജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്റർ വനമേഖല മാത്രം ഇ.എസ്.എ ആക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്.

ഞായറാഴ്ച വിളിച്ചുചേർക്കുന്ന സ്പെഷൽ പൊതു ഗ്രാമസഭകളിലും തുടർന്ന് കൂടുന്ന പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിലും ഇത് സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നുള്ള ആവശ്യം സംയുക്ത പ്രമേയത്തിലൂടെ പാസാക്കും. ഇതിന്റെ പകർപ്പ് കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയം, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട പാർലമെന്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ എന്നിവർക്ക് അയച്ചുകൊടുക്കുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ESA Protest Intensifies; Gram Sabhas in 52 Panchayats
Next Story