അതിദാരിദ്ര്യ നിർമാർജനം: ഇടുക്കി പിന്നിൽ
text_fieldsതൊടുപുഴ: അതിദാരിദ്ര്യ നിർമാർജന പ്രവർത്തനത്തിൽ ജില്ല പിന്നിൽ. ജനുവരി 15 വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ കണ്ടെത്തിയ 2665 അതിദരിദ്രരിൽ 1536 പേരെ മാത്രമാണ് മോചിപ്പിക്കാൻ സാധിച്ചത്. സംസ്ഥാനത്തെ ഏറ്റവും മോശം പ്രവർത്തനമാണ് ഇടുക്കിയുടേത്. 57.64 ശതമാനം എന്നാണ് കണക്ക്. 4208 അതിദരിദ്രരിൽ 3500 പേരെ മുക്തരാക്കി 83.17 ശതമാനം പദ്ധതി പൂർത്തിയാക്കിയ കണ്ണൂരാണ് സംസ്ഥാനത്ത് ഒന്നാമത്. ജില്ലയിലെ ഭൂപ്രശ്നങ്ങളാണ് പ്രവർത്തനത്തിന് തടസ്സമായി നിൽക്കുന്നതെന്ന് തദ്ദേശവകുപ്പ് അധികൃതർ പറഞ്ഞു.
ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയിലാണ് ദാരിദ്ര്യനിർമാർജന പ്രവർത്തനം ലക്ഷ്യം. ഇതിൽ വാസസ്ഥലമൊരുക്കുന്നതിലാണ് ജില്ല ഏറ്റവും പിന്നിൽ നിൽക്കുന്നത്. സീറോ ലാൻഡിൽ ഉൾപ്പെട്ടവർക്ക് സ്ഥലം കണ്ടെത്തി നൽകാത്തത്, പട്ടയനടപടികൾ പൂർത്തിയാക്കാത്തത്, നിർമാണ നിരോധനം എന്നിവയാണ് ഭൂപ്രശ്നത്തിൽ ചൂണ്ടിക്കാട്ടുന്നവ. ജില്ലയിൽ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടാതെ നിൽക്കുന്നവർ ഇനിയുമുണ്ടെന്ന ആക്ഷേപവുമുണ്ട്. അടിസ്ഥാന രേഖകളില്ലാത്തവർക്ക് രേഖകൾ ലഭ്യമാക്കുന്നത്, കുടുംബശ്രീ പദ്ധതി വഴി സ്വയംതൊഴിൽ നൽകുന്നത് തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പ്രധാനമായും നടന്നത്.
അതിദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ട റവന്യു പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ല കലക്ടറുടെയും പഞ്ചായത്ത് ജോയന്റ് ഡയറക്ടറുടെയും നേതൃത്വത്തിൽ യോഗം കൂടിയിരുന്നു. പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കാൻ മന്ത്രി നിർദേശം നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

