ജീവനെടുക്കുന്ന ആനക്കലി
text_fieldsശീതകാല പച്ചക്കറികളുടെ കലവറയാണ് മറയൂരും കാന്തല്ലൂരും വട്ടവടയും ഉൾപ്പെട്ട അഞ്ചുനാട്. പരമ്പരാഗത കാര്‍ഷിക വിളകളാണ് ഇവരുടെ ജീവിതത്തിെൻറ ഗതി നിയന്ത്രിക്കുന്നത്. എന്നാൽ, അടുത്തകാലത്ത് വന്യമൃഗശല്യംകൊണ്ട് പൊറുതിമുട്ടി ജീവിക്കേണ്ട ഗതികേടിലാണ് അഞ്ചുനാട് ജനത. തന്നാണ്ട് അധ്വാനം പാഴാക്കി കൃഷിയിടങ്ങൾ ചവിട്ടിമെതിക്കുന്നതും കർഷകരുടെ ജീവനെടുക്കുന്നതും വർധിച്ചുവരുന്നു.
മേഖലയില്‍ കാട്ടാന ആക്രമണത്തിന് ഇരയായി മരണപ്പെട്ടത് എട്ടുപേരാണ്. അവസാനം മരണപ്പെട്ട കുണ്ക്കാട് വാഴപ്പള്ളില്‍ ഭാസ്കരെൻറ മകള്‍ ബേബി ഒഴികെയുള്ള എല്ലാവരും പുരുഷന്മാരാണ്. കൂലിവേല ചെയ്ത് കഷ്ടപ്പെട്ട് കുടുംബം പോറ്റിക്കൊണ്ടിരുന്ന ഇവരുടെ മരണത്തെ തുടര്‍ന്ന് ഈ കുടുംബങ്ങള്‍ എല്ലാം തന്നെ അനാഥമായി. എട്ടുപേരും കൊല്ലപ്പെട്ടത് വീടിന് സമീപത്തും ജനവാസ കേന്ദ്രത്തിലും തന്നെയാണ്.
മറയൂര്‍ ആദിവാസ പുനരധിവാസ കോളനിയിലെ രജനി എന്ന യുവാവ്, മറയൂര്‍ പെട്രോള്‍ പമ്പിന് മുന്നില്‍ അതിദാരുണമായി കൊല്ലപ്പെട്ട ഹബീബുല്ല, പെട്രോള്‍ പമ്പിന് പിന്‍വശത്തുള്ള മാതാളിപാറ വീട്ടില്‍ സെബാസ്റ്റിൻ, മറയൂരില്‍നിന്ന് ഇരുട്ടള കുടിയിലേക്കുള്ള വഴിമധ്യേ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഗണേശന്, സഹോദരിയുമായി ആശുപത്രിയില്‍ പോയി മടങ്ങവെ ചമ്പക്കാട് കോളനിക്ക് തൊട്ടുമുന്നില്െവച്ച് കാട്ടാന ചവിട്ടിക്കൊന്ന സുരേഷ് കുപ്പന്‍, പാളപ്പെട്ടി കുടിയിലെ കറുപ്പന്, ഇതേ കോളനിയിലെ തന്നെ പഞ്ചായത്ത് അംഗവും വനംവകുപ്പിെൻറ താൽക്കാലിക വാച്ചറുമായ വേലായുധന് എന്നിവരാണ് മറയൂര്‍ മേഖലയില്‍ ആനക്കലിയിൽ അകാലത്തില്‍ ജീവന് പൊലിഞ്ഞത്. ഇവരില്‍ കറുപ്പനും വേലായുധനും മാത്രമാണ് വനമേഖലക്കുള്ളില്െവച്ച് കൊല്ലപ്പെട്ടത്.
വന്യമൃഗ ശല്യത്താൽ മറയൂര്‍ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ കാര്‍ഷിക മേഖലകളായ കീഴാന്തൂര്‍, ആടിവയല്‍, കുണ്ക്കാട്, ഇടക്കടവ്, പാമ്പന്‍പാറ, പെരുംകടവ്, കോരക്കടവ്, കരിമുട്ടി, പുറവയല്‍ എന്നിവടങ്ങള്‍ തരിശിട്ടിരിക്കുകയാണ്. വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ വിളയിച്ചെടുത്ത കാര്‍ഷിക വിളകള്‍ ഒറ്റദിവസം കൊണ്ട് നഷ്ടമായ നിരവധിപേര്‍ ഉപജീവനമാർഗം ഇല്ലാതായി ആത്മഹത്യയുടെ വക്കിലായിരിക്കുകയാണ്.കാര്‍ഷിക വിളകളുടെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കനുസരിച്ച് ലഭിക്കുന്ന നഷ്ട പരിഹാരമായി ഇവര്‍ക്ക് ലഭിക്കുന്ന തുകവളരെ തുച്ഛമാണ്. പെരുംകടവ്, പാമ്പന്‍പാറ തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാനശല്യം കാരണം ജീവൻ ഭയന്ന് വീടുതന്നെ ഉപേക്ഷിച്ച മറ്റ് സ്ഥലങ്ങളിലേക്ക് പോയവര്‍ നിരവധിയാണ്.
(തുടരും)
പൊന്നുവിളയുന്ന മണ്ണ് കുത്തിമറിച്ച് കാട്ടുപന്നികൾ
നന്നായി പരിപാലിച്ചാൽ കർഷകർക്ക് പൊന്നു തരുന്ന മണ്ണാണ് മലയോരത്ത്. പക്ഷേ, ഇപ്പോൾ വന്യമൃഗങ്ങൾ കുത്തിമറിച്ചും തിന്നും നശിപ്പിക്കുന്നതിെൻറ ബാക്കി മാത്രമേ കർഷകന് വിളവെടുക്കാനാവുന്നുള്ളൂ. ചിലർക്ക് അധ്വാനത്തിനുള്ള വകപോലും ഇതിൽനിന്ന് ലഭിക്കാറില്ല. ഹൈറേഞ്ചിലും ലോറേഞ്ചിലുമെല്ലാം കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. പുരയിടത്തിൽ വളർന്നുവരുന്ന ജാതി, ഗ്രാമ്പു, തെങ്ങ്, വാഴ, കൊടി,റബർ, മരച്ചീനി എന്നിവയൊന്നും പന്നിക്കൂട്ടം വെറുതെവിടുന്നില്ല.
സർക്കാറും, കൃഷിവകുപ്പും ജൈവകൃഷി പ്രോത്സാഹിപ്പിക്കുമ്പോഴും കാട്ടുപന്നി ശല്യം മൂലം അങ്ങനെ ചെയ്യാൻ നിവൃത്തിയല്ലാതെ നിസ്സഹായരായിരിക്കുകയാണ് കർഷകർ. പട്ടയ ഭൂമിയിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ അടിയന്തര നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കാട്ടുപന്നി മൂലം കർഷകർക്കുണ്ടായ നഷ്ടത്തിന് പരിഹാരം നൽകുമെന്ന് പറയുന്നുണ്ടെങ്കിലും നാട്ടിലാർക്കും ഇത്തരത്തിൽ ഒന്നും ലഭിച്ചിട്ടില്ലെന്നും കർഷകർ പറയുന്നു. കാട്ടുമൃഗങ്ങളുടെ തേര്‍വാഴ്ചയില്‍ കണ്മുന്നില് എല്ലാം തകര്ന്നടിയുന്നതുകണ്ടു നെഞ്ചില്‍ കൈെവച്ചു പരിതപിക്കാനേ കര്‍ഷകർക്ക് കഴിയുന്നുള്ളൂ. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനൊക്കെ തീരുമാനമായിട്ടും ഇവയുടെ വിളയാട്ടം പതിവിലും രൂക്ഷമാകുകയാണ് മലയോരത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

