വൈദ്യുതിയാണ് കളിക്കരുത്; ഒരു വർഷത്തിനിടെ മരിച്ചത് 11 പേർ
text_fieldsതൊടുപുഴ: ഒരുവർഷത്തിനിടെ ജില്ലയിൽ വൈദ്യുതി ആഘാതമേറ്റ് മരിച്ചത് 11പേർ. സാധാരണക്കാർ മുതൽ വൈദ്യുതി വകുപ്പ് ജീവനക്കാർ വരെ മരണപ്പെട്ടവരിലുണ്ട്. അപകടങ്ങളിൽ പരിക്കേറ്റത് ആറുപേർക്കാണ്. വൈകുന്നേരങ്ങളിൽ വേനൽ മഴയും കാറ്റും ശക്തമായതോടെ വൈദ്യുതി ലൈനുകളും മറ്റും അപകടകരമായ രീതിയിൽ താഴ്ന്നുകിടക്കുകയോ മറ്റോ കണ്ടാൽ അറിയിക്കണമെന്നും ഇടിമിന്നലും മറ്റുമുള്ളപ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ജോലിക്കിടെയുള്ള വൈദ്യുതാഘാതവും ലോഹത്തോട്ടികൾ ഉപയോഗിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റുമാണ് ജില്ലയിൽ കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തത്. രണ്ട് കെ.എസ്.ഇ.ബി ജീവനക്കാരാണ് ഷോക്കേറ്റ് മരിച്ചത്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ച, ഓഫ് ചെയ്താലും ലൈനിലേക്ക് അപ്രതീക്ഷിതമായി വരുന്ന വൈദ്യുതി, സങ്കീർണമായ വിതരണ ശൃംഖല തുടങ്ങിയ പലകാരണങ്ങളും ജോലിക്കിടെയുള്ള വൈദ്യുതാഘാതങ്ങൾക്ക് പിന്നിലുണ്ട്. അതേസമയം, സാധാരണക്കാർ അപകടത്തിൽപ്പെടുന്നത് ജാഗ്രതക്കുറവ് കൊണ്ടാണെന്ന് അധികൃതർ പറയുന്നു. ഇടുക്കി ജില്ലയിൽ ഇരുമ്പ് തോട്ടികളുപയോഗിച്ച് കൊക്കോ, ചക്ക, കുരുമുളക് മുതലായവ പറിക്കുന്നതിനിടെ ഒരുവർഷത്തിനിടെ മൂന്ന് മരണങ്ങളുണ്ടായി. ഷോക്കേറ്റുള്ള മരണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ലോഹത്തോട്ടികൾ ഉപയോഗിച്ച് വൈദ്യുതി ലൈനുകൾക്ക് സമീപം ഒരു ജോലികളും ചെയ്യരുതെന്ന മുന്നറിയിപ്പാണ് കെ.എസ്.ഇ.ബി അധികൃതർ നൽകുന്നത്. വീട്ടിലെ റിപ്പയറിങ് ജോലിക്കിടെയും അപകടങ്ങൾ ജില്ലയിൽ സംഭവിച്ചിട്ടുണ്ട്.
ശ്രദ്ധിക്കാം ഈ നിർദേശങ്ങൾ
മിന്നലുള്ളപ്പോൾ വൈദ്യുതി സംബന്ധമായ ജോലി ചെയ്യരുത്. ശക്തമായ മഴയും കാറ്റുമുള്ള ദിവസങ്ങളിൽ രാത്രിയിലും അതിരാവിലെയും യാത്ര ചെയ്യുമ്പോൾ ജാഗ്രത വേണം. വൈദ്യുതി ലൈൻ കമ്പികൾ പൊട്ടിവീണ് അപകടങ്ങൾ ഉണ്ടാവാനുള്ള സാധ്യതയേറെയാണ്. ലോഹത്തോട്ടികൾ ഒരു കാരണവശാലും വൈദ്യുതി ലൈനുകൾക്ക് സമീപം ഉയർത്തരുത്. സർവിസ് വയർ കേബിളുകളിൽ സ്പർശിക്കരുത്. എർത്ത് കമ്പികളിലോ പൈപ്പിലോ സ്പർശിക്കരുത്. വൈദ്യുതി വയറുകളുടെ ഇൻസ്റ്റലേഷൻ ശരിയായ വിധത്തിലാണെന്ന് ഉറപ്പുവരുത്തണം. വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ റബർ ചെരിപ്പ് ധരിക്കുക. മിന്നലുള്ള സമയങ്ങളിൽ ഇവ പ്രവർത്തിപ്പിക്കരുത്. ശക്തമായ മിന്നലിനും മഴയ്ക്കും മുമ്പ് വൈദ്യുതി ഉപകരണങ്ങൾ പ്ലഗിൽനിന്ന് വേർപ്പെടുത്തണം. വസ്ത്രങ്ങൾ ഉണക്കുന്നതിന് വൈദ്യുതി പോസ്റ്റുകളിൽ ഇലക്ട്രിക് വയറോ കയറോ കെട്ടരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

