ഹരിതമാകണം തെരഞ്ഞെടുപ്പ്; നടപടികളുമായി ശുചിത്വ മിഷൻ
text_fieldsതൊടുപുഴ: നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ജില്ലയിൽ പുരോഗമിക്കുകയാണെന്ന് ശുചിത്വ മിഷൻ അധികൃതർ അറിയിച്ചു.
2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചിരുന്നു. ഈ മാതൃകയുടെ തുടർച്ചയായി, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വഴി പരിസ്ഥിതിക്ക് നാശം സംഭവിക്കാതിരിക്കാനും മാലിന്യം പരമാവധി കുറയ്ക്കാനും രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത പ്രവർത്തനം ഇത്തവണയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഔദ്യോഗിക പ്രവർത്തനങ്ങളിലും ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, പോസ്റ്ററുകൾ, കമാനങ്ങൾ, കൊടിതോരണങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നതിനായി പി.വി.സി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി തുടങ്ങി പുനഃചംക്രമണം സാധ്യമല്ലാത്ത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണം.
പകരം, സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് അംഗീകരിച്ച പുനഃചംക്രമണ യോഗ്യമായ പോളിഎതിലീൻ അല്ലെങ്കിൽ 100 ശതമാനം കോട്ടൺ ഉപയോഗിച്ചുള്ള ബാനറുകൾ പോലുള്ള പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിക്കണം.
പ്രചാരണത്തിനുൾപ്പെടെ ബാനറുകളിൽ പ്രിന്റിങ് യൂണിറ്റിന്റെ പേര്, നമ്പർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നമ്പർ അല്ലെങ്കിൽ ക്യൂ. ആർ. കോഡ് എന്നിവ രേഖപ്പെടുത്തിയിരിക്കണം. ഇത്തരത്തിൽ ക്യു ആർ കോഡുകൾ പ്രദർശിപ്പിക്കാത്ത ബോർഡുകളോ ഹോർഡിങ്ങുകളോ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് 9446700800 എന്ന സിംഗിൾ വാട്സാപ്പ് നമ്പറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

