ഒരു ദിനം മാത്രം... നെഞ്ചിടിപ്പോടെ സ്ഥാനാർഥികൾ
text_fieldsതൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധിയറിയാൻ ഒരു ദിനം മാത്രം ശേഷിക്കെ ആശങ്കയും ആകാംഷയും നിറഞ്ഞ കാത്തിരിപ്പിലാണ് സ്ഥാനാർഥികൾ. ആഴ്ചകൾ നീണ്ട പ്രചാരണാവേശങ്ങൾക്കൊടുവിൽ ചൊവ്വാഴ്ച പെട്ടിയിലായ വോട്ട് അനൂകൂലമാകുമെന്നാണ് ഓരോ സ്ഥാനാർഥിയുടെയും അവകാശ വാദം. എന്നാൽ, പ്രദേശിക സാഹചര്യങ്ങളും മറ്റു വിവിധ രാഷ്ട്രീയ ഘടകങ്ങളും കൂടിച്ചേരുമ്പോൾ പ്രവചനം അസാധ്യമാക്കുന്നതാണ് സ്ഥാനാർഥികളേയും മുന്നണികളേയും കുഴക്കുന്നത്.
മുന്നണികൾക്കും ആകാംക്ഷ
ആധിപത്യം നിലനിർത്താനും പിടിച്ചെടുക്കാനും ശക്തി തെളിയിക്കാനുമായി വീറുറ്റ പ്രചരണം നടത്തിയ ഇടത്, വലത് മുന്നണികൾക്കും എൻ.ഡി.എക്കും ഫലം നിർണായകമാണ്. ഉറച്ച വിജയത്തെ കുറിച്ച് മൂന്നു മുന്നണിയും നടത്തുന്ന അവകാശ വാദം പെട്ടി പൊട്ടിക്കുമ്പോൾ തകരുമോയെന്ന കാത്തിരിപ്പിലാണ് ജനങ്ങൾ. മലയോര ജില്ലയിൽ ആധിപത്യം ഉറപ്പിക്കാൻ മുന്നണികൾ പതിനെട്ടടവും പയറ്റിയിരുന്നു. ഇത് വോട്ടായി മാറിയിട്ടുണ്ടോ എന്നറിയാൻ ഒരു ദിനം കൂടി കാത്തിരിക്കണം.
ജില്ലയിൽ നിലവിലുളള ആധിപത്യം തുടരുകയാണ് ഇടതു മുന്നണി ലക്ഷ്യം. നഷ്ടപെട്ടു പോയ പ്രതാപം വീണ്ടെടുക്കലാണ് യു.ഡി.എഫ് വഴി. കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ പ്രാതിനിധ്യം നേടി ശക്തി തെളിയിക്കാനാണ് എൻ.ഡി.എ നീക്കം നടത്തിയത്. ഇതോടൊപ്പം സ്വന്തം കരുത്തറിയിക്കാനായി ചെറുകക്ഷികളും സ്വതന്ത്രരും പാർട്ടികളോടു കലഹിച്ച വിമതരും പലയിടങ്ങളിലും മത്സരിക്കുന്നുണ്ട്. ഇവർക്കെല്ലാം വോട്ടെണ്ണൽ നിർണായകമാകും.
പ്രവചനം അസാധ്യം
ഇരുമുന്നണികളും വിജയം അവകാശപ്പെടുമ്പോഴും പ്രവചനം അസാധ്യമാവും വിധം വാശിയേറിയ തെരഞ്ഞെടുപ്പാണ് നടന്നത്. തോട്ടം മേഖലകളിലടക്കം പോളിങ് ശതമാനത്തിൽ വന്ന കുറവ് ഇതിൽ പ്രധാന ഘടകമാണ്. ഇതോടൊപ്പമാണ് സ്ത്രീ വോട്ടർമാരുടെ നിസ്സഹകരണം. യുവ വോട്ടർമാരുടെ നിലപാടുകളും വ്യക്തമല്ല. ഇതോടെയാണ് ഇടുക്കിയുടെ മനസ്സ് ആർക്കൊപ്പമാണെന്നറിയാൻ വോട്ടെണ്ണുന്നത് വരെ കാത്തിരിക്കേണ്ടി വരുന്നത്.
ജില്ല പാഞ്ചായത്തടക്കം നിലവിലുളള തദ്ദേശ സ്ഥാപനങ്ങൾ നിലനിർത്തുന്നതോടൊപ്പം കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുമെന്നാണ് ഇടതു മുന്നണിയുടെ അവകാശ വാദം. എന്നാൽ തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ ആധിപത്യം തുടരുന്നതോടൊപ്പം ജില്ല പഞ്ചായത്തും കൂടുതൽ തദ്ദേശ സ്ഥാപനങ്ങളും പിടിച്ചെടുത്ത് പ്രതാപം വീണ്ടെടുക്കുമെന്നാണ് യു.ഡി.എഫ് പറയുന്നത്. എന്നാൽ കൃത്യമായ ഉറപ്പ് മുന്നണി നേതാക്കൾക്ക് പോലും ഇല്ലെന്നതാണ് വാസ്തവം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച മുന്നണികളിലെയും പാർട്ടികളിലെയും ആഭ്യന്തര തർക്കങ്ങൾ ശനിയാഴ്ച ഫലം പുറത്തു വരുന്നതോടെ കൂടുതൽ ശക്തമാകാനാണ് സാധ്യത. തിരിച്ചടി ലഭിക്കുന്ന മുന്നണികളിലും പാർട്ടികളിലുമായിരിക്കും ഇത് കൂടുതൽ പ്രകടമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

