കോടികൾ ചെലവിട്ട ഇക്കോ ലോഗ് കോട്ടേജുകൾ കാടുകയറുന്നു
text_fieldsഇടുക്കി ഡാമിന് സമീപം നിര്‍മാണം പൂര്‍ത്തിയാക്കിയ ഇക്കോ ലോഗുകള്‍ കാടുകയറിയനിലയിൽ
ചെറുതോണി: ഇടുക്കി ഡാമിന് സമീപം 2018ല്‍ നിർമാണം പൂര്‍ത്തിയാക്കിയ ഇക്കോ ലോഗുകള്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്തില്ല. ജോയ്സ് ജോര്‍ജ് എം.പി ആയിരിക്കെ കേന്ദ്രസർക്കാറിന്റെ സ്വദേശി ദര്ശന് ടൂറിസം പദ്ധതിയില്‍പ്പെടുത്തിയാണ് ഇക്കോ ലോഗുകള്‍ നിര്‍മിച്ചത്. അഞ്ചരക്കോടി വീതം മുടക്കി ഇടുക്കിയിലും പീരുമേട്ടിലും പദ്ധതി നടപ്പാക്കി. 2018ല്‍ നിർമാണം പൂര്‍ത്തീകരിച്ച കോട്ടേജുകൾ കാടുകയറി നാശത്തിന്റെ വക്കിലാണ്.
നിലമ്പൂരില്‍നിന്ന് കൊണ്ടുവന്ന പ്രത്യേകയിനം തേക്ക് തടികള്‍ ഉപയോഗിച്ച് പ്രകൃതിസൗഹൃദപരമായി നവീന രീതിയിലാണ് 14 ഇക്കോ ലോഗ് കോട്ടേജുകൾ നിര്‍മിച്ചത്. കിടക്കമുറി, ഹാള്‍, ഭക്ഷണശാല എന്നിവയും ചേര്‍ന്നതാണ് ഓരോ കോട്ടേജും. സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മാണം. ഇടുക്കി ആർച്ച് ഡാമിന് സമീപം ടൂറിസം വികസനത്തിന് ഉദ്യാനം നിര്‍മിക്കാൻ ജില്ല പഞ്ചായത്ത് ഡി.ടി.പി.സിക്ക് നല്കിയ 106 ഏക്കറിലാണ് ഇവ നിർമിച്ചത്. എന്നാല്‍, തുടര്‍പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതിനാൽ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടില്ല. യാഥാർഥ്യമായാൽ നിരവധിപേര്‍ക്ക് തൊഴിലും സര്‍ക്കാറിന് വരുമാനവും സന്ദര്‍ശകര്‍ക്ക് താമസ സൗകര്യവും ലഭിക്കുന്ന പദ്ധതിയാണ് കാടുകയറി നശിക്കുന്നത്. അടിയന്തരമായി ഇവ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

