‘എന്റെ കേരളം’ പ്രദര്‍ശന-വിപണനമേളക്ക് ഇന്ന് കൊടിയേറും
text_fieldsഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണനമേള വെള്ളിയാഴ്ച മുതല്‍ മേയ് നാല് വരെ വാഴത്തോപ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ നടക്കും. രാവിലെ ഒമ്പതിന് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആയിരങ്ങള്‍ അണിനിരക്കുന്ന വിളംബരഘോഷയാത്രയോടെയാണ് തുടക്കം.
വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു ഫ്ലാഗ് ഓഫ് ചെയ്യും. ഗോത്ര നൃത്തം, കൂത്ത്, കോല്‍ക്കളി, തെയ്യം, മയിലാട്ടം, നാടന്‍ കലാരൂപങ്ങള്‍ എന്നിവക്ക് പുറമെ ഫ്ലോട്ടുകളും അണിനിരക്കും.10.30 ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് പതാക ഉയര്‍ത്തും. 11ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം നിര്‍വ്വഹിക്കും. എം.എം മണി എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണ നടത്തും.
12. 30 ന് പ്രദര്‍ശനം വാഴൂര്‍ സോമന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് ഗായിക സിതാര കൃഷ്ണ കുമാറും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്. മേളയില്‍ ഏഴ് ദിവസങ്ങളിലും സൗജന്യസേവനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, കലാപരിപാടികള്‍, സെമിനാറുകള്‍, വിദ്യാര്‍ഥികൾക്ക് ശിൽപ്പശാലകൾ, ഭക്ഷ്യമേള, ഫോട്ടോപ്രദര്‍ശനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
എല്ലാ ദിവസവും വൈകിട്ട് അഞ്ച് മുതല്‍ ജില്ലയിലെ പ്രാദേശിക കലാകാരന്മാര് അണിനിരക്കുന്ന വൈവിധ്യമാര്‍ന്ന തനത് കലാരൂപങ്ങളുടെ പ്രകടനം അരങ്ങേറും. മേളക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന വിളംബര ജാഥയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ചെറുതോണി ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
മികവിന് പുരസ്കാരം
പ്രദര്‍ശന-വിപണനമേളയോടനുബന്ധിച്ച് മികച്ച തീം, വിപണന സ്റ്റാളുകള്‍, ഘോഷയാത്രയിലെ പങ്കാളിത്തം, എന്നിവക്ക് പുരസ്കാരം നല്‍കും. കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്കായി മികച്ച വാര്‍ത്താചിത്രം, മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ട്, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്, മികച്ച വീഡിയോ കവറേജ് എന്നിവക്കും പുരസ്കാരം നല്‍കും. പരിഗണിക്കേണ്ട ചിത്രങ്ങളും റിപ്പോര്‍ട്ടുകളും entekeralamidukki@gmail.com ഇ-മെയില്‍ വിലാസത്തിലേക്ക് പേര്, വിലാസം, സ്ഥാപനം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

