ഡി.ജെ പാര്‍ട്ടികളുടെ മറവിൽ ലഹരി ഒഴുകുന്നു
text_fieldsഅടിമാലി: റിസോർട്ടുകളുടെയും സാഹസിക ടൂറിസത്തിന്‍റെയും മറവിൽ ലഹരി ഒഴുകുന്നു. കഴിഞ്ഞദിവസം ശാന്തൻപാറ പൊലീസ് റിസോർട്ടിൽ നടത്തിയ റെയ്ഡിൽ മാരക ലഹരിവസ്തുക്കളുമായി 12 യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. 18-20 വയസ്സുള്ള യുവാക്കളായിരുന്നു എല്ലാവരും. ഡി.ജെ പാര്‍ട്ടികളും നിശാപാര്‍ട്ടികളും ബർത്ത്ഡെ പാർട്ടികളുമായി ഇതര ജില്ലക്കാരാണ് ഇത്തരത്തിൽ കൂടുതൽ എത്തുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളോട് ബന്ധപ്പെട്ടാണ് കൂടുതലും ഒത്തുചേരൽ. ഇവര്‍ക്കായി പരവതാനി വിരിച്ച് ചില റിസോര്‍ട്ടുകളും ഹോംസ്‌റ്റേ നടത്തിപ്പുകാരും സജീവമാണ്. ക്രിസ്മസ്-പുതുവത്സര സീസണില്‍ മൂന്നാര്‍ ഉള്‍പ്പെടെ സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസമായി കൗമാരക്കാരായ സഞ്ചാരികളുടെ വരവ് വർധിച്ചിട്ടുണ്ട്.
ടെന്റുകള്‍ കെട്ടി നിശാപാര്‍ട്ടി നടത്തുന്ന സംഘവും വ്യാപകമാണ്. ന്യൂ ഇയര്‍, ക്രിസ്മസ് അവധി ദിനങ്ങൾ ആഘോഷിക്കുന്നതിന് വൻ സജ്ജീകരണങ്ങൾ കാന്തലൂർ, മറയൂർ, വട്ടവട, മാങ്കുളം, മൂന്നാർ, ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ആരംഭിച്ചതായും വിവരമുണ്ട്. പ്രകൃതിസുന്ദരമായ മലമുകളിലും പുൽമേടുകളിലും പാറപ്പുറങ്ങളിലും ലഹരി പാർട്ടികൾക്കായി ഒരുങ്ങുകയാണ്.
മൈക്ക് സെറ്റ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ പാര്‍ട്ടിക്കായി ഒരുക്കിയിരുന്നു. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിപാടിയിലേക്ക് ആളെ സംഘടിപ്പിച്ചിരുന്നത്. ലഹരിവസ്തുക്കൾ എത്തിച്ച് നൽകിയും അനാശാസ്യത്തിന് സൗകര്യം നൽകിയും വൻകിട ലോബി ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു. ഒരാൾക്ക് 1,500 രൂപയും, വീക്ക് എന്‍ഡ് ടിക്കറ്റിന് 2,000 രൂപയും, ന്യൂഇയര്‍ ടിക്കറ്റിന് 2,500 രൂപയും ആണ് ഫീസ്. .ഇത്തരത്തില്‍ വന്‍കിട റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും ഡി.ജെ പാര്‍ട്ടികളും നിശാ പാര്‍ട്ടികളും നടക്കുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

