പരിശോധന ഇല്ലാതായി; ലഹരി മാഫിയ ‘ഹൈറേഞ്ചിൽ’
text_fieldsകുമളി അതിർത്തിയിൽ തുറന്നിട്ട ചെക്പോസ്റ്റിലെ എക്സൈസ് പരിശോധന
കുമളി: വാഹന പരിശോധന അവസാനിപ്പിച്ച് പൊലീസ് കളം ഒഴിഞ്ഞതോടെ ഹൈറേഞ്ച് കീഴടക്കി ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം. കുമളി, വണ്ടിപ്പെരിയാർ, ചക്കുപള്ളം ഉൾപ്പെടെ ഹൈറേഞ്ചിലെ പ്രധാന പഞ്ചായത്തുകളിലും പട്ടണങ്ങളിലുമെല്ലാം ലഹരിമരുന്ന് വിൽപന സംഘങ്ങൾ സജീവമായി. കാറുകളിലും ഓട്ടോകളിലും തുടങ്ങി ഇരുചക്രവാഹനങ്ങളിൽ വരെയാണ് കഞ്ചാവ് ഉൾപ്പെടെ ലഹരി മരുന്നുകൾ ആവശ്യക്കാർക്ക് എത്തിക്കുന്നത്. സംസ്ഥാന അതിർത്തിയിലെ തേനി ജില്ലയിൽ അടുത്തിടെ രണ്ടുതവണയായി കുമളിവഴി ജില്ലയിലേക്ക് കടത്താൻ കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയിരുന്നു.
ആദ്യകേസിൽ 14 കിലോയും രണ്ടാം തവണ 42 കിലോ കഞ്ചാവുമാണ് പൊലീസ് വാഹന പരിശോധനക്കിടെ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. കുമളി അതിർത്തിയിലെ നാമമാത്രമായ എക്സൈസ് പരിശോധന മറികടന്നാൽ എന്ത് ലഹരിമരുന്നും എവിടെയും എത്തിക്കാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കുമളി പഞ്ചായത്തിലെ ഒട്ടകത്തലമേട്, റോസാപ്പൂക്കണ്ടം, അട്ടപ്പള്ളം, താമരക്കണ്ടം, വലിയകണ്ടം, ആനവച്ചാൽ എന്നിവിടങ്ങളിലെല്ലാം കഞ്ചാവ് ഉൾപ്പെടെ ലഹരി ഉപയോഗിക്കുന്ന സംഘങ്ങളുടെ കേന്ദ്രങ്ങളാണ്. മുമ്പ് തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന അന്തർസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു പാൻപരാഗ് ഉൾപ്പെടെ ലഹരി-പുകയില ഉൽപന്നങ്ങളുടെ വിൽപന. എന്നാൽ, ഇതിപ്പോൾ സ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ചായി.
കുമളിയിലെ ചില വിദ്യാലയങ്ങളിൽ വിദ്യാർഥികൾ തന്നെയാണ് കഞ്ചാവും പുകയില ഉൽപന്നങ്ങളും സഹപാഠികൾക്ക് വിതരണം ചെയ്യുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അതിർത്തിയിലെ പരിശോധന ഇല്ലാതെ തുറന്നിട്ട് എക്സൈസ് അധികൃതരും വഴിയിൽ വാഹനപരിശോധന നടത്താൻ തയാറാകാതെ പൊലീസും പിൻമാറിയത് ലഹരി കടത്ത് സംഘങ്ങളുടെ ഭരണതലത്തിലെ ഇടപെടലുകളുടെ ഫലമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ബിവറേജസിൽനിന്ന് അളവിൽ കൂടുതൽ മദ്യം വാങ്ങിക്കൊണ്ട് പോകുന്നത് പിടിക്കുക മാത്രമാണ് ഇപ്പോൾ ഇരുവകുപ്പുകളുടെയും ജോലി.
വഴിയിൽ പൊലീസ് സജീവമല്ലാതായതോടെ ഒരുഇരുചക്ര വാഹനത്തിൽ മൂന്നും നാലുവരെ യുവാക്കളാണ് ലഹരിയിൽ ചുറ്റിനടക്കുന്നത്. ഇവർ തമ്മിൽ ലഹരിയുടെ പേരിൽ പലപ്പോഴും ഏറ്റുമുട്ടലുകൾ ഉണ്ടാകാറുണ്ടെങ്കിലും ഇവയെല്ലാം ഭരണകക്ഷിയും പൊലീസും ചേർന്ന് ‘സെറ്റിൽ’ ചെയ്യുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇത്തരത്തിൽ കൊല്ലംപട്ടടയിലും വലിയകണ്ടത്തും ഒന്നാം മൈലിലും നടന്ന അക്രമങ്ങൾ നേരം വെളുത്തതോടെ ആവിയായി. കുമളിക്ക് പുറമെ വണ്ടിപ്പെരിയാർ ടൗൺ, തേയില തോട്ടംമേഖലയിലെ പല കേന്ദ്രങ്ങൾ, ചക്കുപള്ളം പ്രദേശത്തെ ഏലത്തോട്ടങ്ങൾ എന്നിവിടങ്ങളിലെല്ലാം കഞ്ചാവും മറ്റ് ലഹരിമരുന്നുകളും സുലഭമാണെന്ന് നാട്ടുകാർ പറയുന്നു.
മുമ്പ് കഞ്ചാവ്, ലഹരി കടത്ത് കേസുകളിൽ പിടിയിലായി പുറത്തിറങ്ങിയ മിക്കവരും പൂർവാധികം ശക്തിയായി ലഹരിവ്യാപാരം തുടരുന്നത് നാടുമുഴുവൻ അറിയാമെങ്കിലും പൊലീസ്, എക്സൈസ് അധികൃതർ അറിഞ്ഞഭാവം നടിക്കുന്നില്ല. കഞ്ചാവ് ഉൾപ്പെടെ ലഹരി മരുന്നുകൾ മണത്ത് കണ്ടെത്താൻ ശേഷിയുള്ള ഡോഗ് സ്ക്വാഡ് പൊലീസിന് ഉണ്ടെങ്കിലും ഇവയെ ഉപയോഗിച്ച് അതിർത്തിയിലെ ലഹരി കടത്ത് തടയാൻ ശ്രമിക്കാത്തതിന് പിന്നിൽ ലഹരി മാഫിയയുടെ ശക്തമായ ഇടപെടലുകളാണെന്നും മാസപ്പടി കൃത്യമായി പൊലീസ്, എക്സൈസ് വകുപ്പുകളിലേക്ക് ഒഴുകുന്നതാണ് പരിശോധന നിലച്ചതിന് പിന്നിലെന്നും നാട്ടുകാർ പറയുന്നു.
ജില്ല പൊലീസിന്റെ മോട്ടോര്‍ സൈക്കിള്‍ റാലിക്ക് നാളെ തുടക്കം
ലഹരി മാഫിയയുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയിക്കാനുള്ള നമ്പർ -9497912594 .‘യോദ്ധാവ്’ വാട്സ്ആപ് നമ്പർ 9995966666
തൊടുപുഴ: ലഹരിക്കെതിരെ അവബോധമുണർത്തി ജില്ല പൊലീസിന്റെ ആഭിമുഖ്യത്തില്‍ യുവതീ-യുവാക്കളെ പങ്കെടുപ്പിച്ച് നടത്തുന്ന സൈക്കിൾ റാലിക്ക് തിങ്കളാഴ്ച തുടക്കമാകും. 12 വരെ നീളുന്ന ത്രിദിന മോട്ടോര്‍ സൈക്കിള്‍ റാലി തൊടുപുഴയില്‍നിന്ന് ആരംഭിച്ച് ചെറുതോണിയില്‍ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. റാലി പര്യടനം നടത്തി വരുന്ന ജില്ലയിലെ വിവിധയിടങ്ങളില്‍ എസ്.പി.സി വിദ്യാര്‍ഥികളും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളും പൊതുജനങ്ങളും ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും. അവബോധ ക്ലാസുകളും ഫ്ലാഷ് മോബുകളും അവതരിപ്പിക്കും.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് തൊടുപുഴ മങ്ങാട്ടുകവലയില്‍ ജില്ല പൊലീസ് മേധാവി കെ.എം. സാബു മാത്യു റാലി ഫ്ലാഗ്ഓഫ് ചെയ്യും. തുടര്‍ന്ന് കാളിയാര്‍-വണ്ണപ്പുറം-കഞ്ഞിക്കുഴി-ചേലച്ചുവട്-അടിമാലി വഴി വൈകുന്നേരം മൂന്നാറില്‍ എത്തും. ചൊവ്വാഴ്ച രാവിലെ 8.30ന് മൂന്നാറില്‍നിന്ന് ആരംഭിക്കുന്ന റാലി പൂപ്പാറ-രാജാക്കാട്-ചെമ്മണ്ണാര്‍-ഉടുമ്പന്‍ചോല-നെടുങ്കണ്ടം-തൂക്കുപാലം-പുളിയന്‍മല-അണക്കര വഴി വൈകീട്ട് കുമളിയില്‍ എത്തും. ബുധനാഴ്ച രാവിലെ 8.30ന് കുമളിയില്‍നിന്ന് ആരംഭിക്കുന്ന റാലി വണ്ടിപ്പെരിയാര്‍-പീരുമേട്-കുട്ടിക്കാനം-ഏലപ്പാറ-വാഗമണ്‍-ഉപ്പുതറ-കട്ടപ്പന- തങ്കമണിവഴി വൈകുന്നേരം ചെറുതോണിയില്‍ സമാപിക്കും.
ലഹരിമാഫിയക്കെതിരായ വിവരം കൈമാറാം
ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ പൊലീസിന്റെ ‘യോദ്ധാവ്’ വാട്സ്ആപ്പ് നമ്പറായ 9995966666ലേക്ക് സന്ദേശം അയക്കണം. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കൂടാതെ ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങള്‍ ജില്ല നാര്‍കോട്ടിക് സെല്ലിന്റെ 9497912594 നമ്പറിലും അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

