ലഹരി-കുറ്റകൃത്യ മാഫിയ: പൂട്ടാൻ 75 അംഗ ഷാഡോ ടീമുമായി പൊലീസ്
text_fieldsഷാഡോ പൊലീസിങ്ങിന്റെ പ്രവർത്തനരീതികൾ പരിചയപ്പെടുത്താൻ നടത്തിയ
പരിശീലന ക്ലാസ്
തൊടുപുഴ: ജില്ലയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും കുറ്റകൃത്യവും വേരോടെ പിഴുതെറിയാൻ വൻ നീക്കവുമായി പൊലീസ്. ഇതിന്റെ ഭാഗമായി പ്രത്യേകം പരിശീലനം ലഭിച്ച 75 പേരുൾപ്പെടുന്ന ടീം പ്രവർത്തനസജ്ജരായി. ലഹരിക്കടത്ത്, വിൽപന, മറ്റ് ക്രമസമാധാന ലംഘനങ്ങൾ എന്നിവ നടത്തുന്നവരെ നിരീക്ഷിക്കാനും അതിവേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനുമാണ് രഹസ്യ നിരീക്ഷണ സംഘമായ ഷാഡോ പൊലീസിനെ രംഗത്തിറക്കിയിരിക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി ഡോ. എ. നസീം മാധ്യമത്തോട് പറഞ്ഞു.
മദ്യം മയക്കുമരുന്ന് തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ 53 പേരും സാധാരണ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാൻ 25 പേരുമാണ് ഷാഡോ ടീമിലുള്ളത്. കഴിഞ്ഞ ദിവസം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി ഷാഡോ പൊലീസിങ്ങിന്റെ പ്രാധാന്യവും പ്രവർത്തനരീതികളും പരിചയപ്പെടുത്തുന്നതിനായി പരിശീലന ക്ലാസും നടന്നു. ജില്ല പൊലീസ് മേധാവിയാണ് ക്ലാസ് നയിച്ചത്.
കുറ്റവാളികൾ അറിയാതെ നിരീക്ഷണം
കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും കുറ്റവാളികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും ലഹരി, മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനും ഷാഡോ പൊലീസിന്റെ പ്രവർത്തനം ഏറെ നിർണായകമാകും.
സ്കൂളുകൾ, കോളജുകൾ, ഹോസ്റ്റലുകൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവക്ക് സമീപം രഹസ്യ നിരീക്ഷണം നടത്തി ലഹരി വിൽപനക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയാണ് ടീമിന്റെ ലക്ഷ്യം.
മുൻകാല കുറ്റവാളികളെയും ഇതിന്റെ ഭാഗമായി നിരീക്ഷിക്കും. ഇതു കൂടാതെ പൊതുവിടങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണ, പിടിച്ചുപറി, മോശമായ പെരുമാറ്റം എന്നിവ തടയാൻ സാധാരണ വേഷത്തിൽ പട്രോളിങ്ങും നടത്തും.
പ്രതിരോധാത്മക പ്രവർത്തനത്തിന് ശക്തി പകരും -ജില്ല പൊലീസ് മേധാവി
രഹസ്യവിവര ശേഖരണം, സംശയാസ്പദമായ പ്രവർത്തനങ്ങളുടെ നിരീക്ഷണം, വിവിധ കേസുകളിലെ പ്രതികളുടെ നീക്കങ്ങൾ മനസ്സിലാക്കൽ, ശാസ്ത്രീയവും സാങ്കേതികവുമായ മാർഗങ്ങൾ പ്രയോജനപ്പെടുത്തി കുറ്റകൃത്യങ്ങൾ തടയൽ തുടങ്ങിയ മേഖലകളിൽ ഷാഡോ പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാണ് ശ്രമിക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
രോഗം വരുന്നതിനു മുമ്പേ പ്രതിരോധിക്കുന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് കുറ്റകൃത്യങ്ങൾ നടക്കുന്നതിന് മുമ്പുതന്നെ അവയെക്കുറിച്ച് സൂചനകൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതും. പ്രതിരോധാത്മക പൊലീസ് പ്രവർത്തനത്തിന് ശക്തിപകരുക എന്നതാണ് ഷാഡോ പൊലീസിങ്ങിന്റെ പ്രധാന ലക്ഷ്യമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് ഉദ്യോഗസ്ഥർ തമ്മിലുള്ള ഏകോപനവും കൃത്യമായ വിവരശേഖരണവും വിശകലനവും ഷാഡോ പൊലീസിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിൽ നിർണായകമാണെന്നും ഇത്തരത്തിലുള്ള പരിശീലനമാണ് നൽകുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

