കോവിഡിൽ തളരരുത്; കരുതൽ തേടിയെത്തും
text_fieldsതൊടുപുഴ: കോവിഡുകാല ആശങ്കകളിൽ മനസ്സ് തളരുന്നവർക്ക് പിന്തുണയുമായി ജില്ല മാനസികാരോഗ്യ വിഭാഗം.
കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും മാനസിക സമ്മർദം കുറക്കാൻ കൗൺസലിങ് ഉൾപ്പെടെ പ്രവർത്തനങ്ങൾ ഉൗർജിതമാക്കി. കുട്ടികൾക്കായും പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 26 മാനസികാരോഗ്യ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. വിവിധ ലക്ഷണങ്ങളെത്തുടർന്ന് കോവിഡ് ബാധിച്ചെന്ന സംശയത്തിൽ ദിവസവും ഇൗ ക്ലിനിക്കുകളുടെ സഹായം തേടുന്നവർ നിരവധിയാണ്. 90 പേരടങ്ങുന്ന പ്രത്യേക ടാസ്ക് ഫോഴ്സിനും രൂപം നൽകി. ഇവർ കോവിഡ് ബാധിതരെയും നിരീക്ഷണത്തിലുള്ളവരെയും ഫോണിൽ ബന്ധപ്പെടുകയും പ്രശ്നങ്ങൾ കണ്ടെത്തുന്നവർക്ക് മാനസികാരോഗ്യ വിദഗ്ധെൻറ സേവനം ലഭ്യമാക്കുകയും ചെയ്യുമെന്ന് ജില്ല മാനസികാരോഗ്യ പരിപാടി നോഡൽ ഒാഫിസർ ഡോ. അമൽ എബ്രഹാം 'മാധ്യമ'ത്തോട് പറഞ്ഞു. ഇവർക്ക് ആവശ്യമെങ്കിൽ മരുന്ന് കുറിപ്പടി ഒാൺലൈനായി അയച്ചുനൽകും.
മാനസിക സമ്മർദം അനുഭവിക്കുന്നവരിൽ നല്ലൊരുഭാഗവും കോവിഡ് മുക്തരാണ്.കോവിഡ് മുന്നണിപ്പോരാളികളായ പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മാനസിക സമ്മർദം കുറക്കാൻ പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. ഇതിനകം 12 ക്ലാസ് പൂർത്തിയായി.
കുടുംബശ്രീയുടെയും സന്നദ്ധ സംഘടനകളുടെയും അംഗങ്ങൾക്ക് സമാനരീതിയിൽ പരിശീലന പരിപാടിയും നടത്തുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ വീടുകളിലെ കുട്ടികൾക്ക് മാനസികമായ കരുത്തും പിന്തുണയും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും ജില്ലയിൽ ഉടൻ തുടങ്ങും. കുട്ടികളെ ലക്ഷ്യമിട്ട് കേരള പൊലീസ് ആരംഭിച്ച 'ചിരി' പദ്ധതിയുടെ ഭാഗമാണിത്. വണ്ണപ്പുറം, കഞ്ഞിക്കുഴി, പെട്ടിമുടി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആദിവാസി മേഖലകൾക്കായി മാനസികാരോഗ്യ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

