ഇടുക്കിയിൽ തദ്ദേശ സ്ഥാപനങ്ങളിലെ പദവികളെച്ചൊല്ലി സി.പി.ഐയിൽ ഭിന്നത
text_fieldsദേവികുളം: ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ഭരണം കൈയാളുന്ന സി.പി.ഐ നേതാക്കൾ സ്വന്തക്കാരെയും ഇഷ്ടക്കാരെയും പ്രസിഡന്റുമാരാക്കണമെന്ന മോഹവുമായി രംഗത്തെത്തിയത് സി.പി.ഐയിൽ വിഭാഗീയതക്ക് കാരണമായി. ദേവികുളം ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലാണ് പ്രസിഡന്റ് പദത്തിന്റെ പേരിൽ പാർട്ടിയിൽ അസ്വാരസ്യം ഉടലെടുത്തത്.
എട്ട് അംഗങ്ങളുള്ള ദേവികുളം പഞ്ചായത്തിൽ നേതാവിന്റെ ബന്ധുവിന് പ്രസിഡന്റ് പദം നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, ഏഴ് അംഗങ്ങളും നിലവിലെ പ്രസിഡന്റിന് ഒപ്പം നിൽക്കുകയാണ്. ബ്ലോക്ക് പഞ്ചായത്തിൽ അഞ്ച് അംഗങ്ങളിൽ മൂന്നുപേരും പ്രസിഡന്റിനെ മാറ്റുന്നതിനെ എതിർക്കുകയാണ്. ഇതോടെ പാർട്ടിയിലും രണ്ട് ചേരി ഉടലെടുത്തു. ഭൂരിപക്ഷമുണ്ടായിട്ടും അധികാരത്തിൽ എത്താൻ കഴിയാത്തത് ചിന്നക്കനാലിലും പ്രശ്നമാണ്. ഇവിടെ സി.പി.ഐ നാല്, സി.പി.എം മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ആറ് അംഗങ്ങളുള്ള യു.ഡി.എഫാണ് ഭരിക്കുന്നത്. അടിമാലി പഞ്ചായത്തിൽ സി.പി.ഐ അംഗങ്ങൾ മുന്നണികൾ മാറി മാറി നടക്കുന്നത് നേതൃത്വത്തിന്റെ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. സി.പി.ഐ ചിഹ്നത്തിൽ മത്സരിച്ച അംഗം യു.ഡി.എഫിൽ ചേർന്ന് പ്രസിഡന്റായി. ഇതിനെതിരെ പാർട്ടി തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകി.
അന്തിമ വിധി വരുന്നതിന് മുമ്പ് അംഗം എൽ.ഡി.എഫിൽ എത്തി. ഇതോടെ പ്രതിച്ഛായ മങ്ങിയ സി.പി.ഐ എൽ.ഡി.എഫിന് പിന്തുണ നൽകില്ലെന്ന് അറിയിച്ചിരിക്കുകയാണ്. അടിമാലിയിൽ നടന്ന ജില്ല സമ്മേളനത്തോടെയാണ് സി.പി.ഐയിൽ വിഭാഗീയത തലപൊക്കിയത്. സംസ്ഥാന പ്രതിനിധിയായ ഇ.എസ്. ബിജിമോളെ പരാജയപ്പെടുത്തിയാണ് സലിംകുമാർ ജില്ല സെക്രട്ടറിയായത്. ഇതിന് മുന്നോടിയായി നടന്ന മണ്ഡലം സമ്മേളനങ്ങളിലടക്കം വിഭാഗീയ പ്രവർത്തനം നടത്തിയവർ അഴിമതിക്കാരെയും പ്രതിച്ഛായ ഇല്ലാത്തവരെയും മണ്ഡലം സെക്രട്ടറിമാരായി നിയമിച്ചെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

