സഞ്ചാരികൾക്ക് നിരാശ; വറ്റിവരണ്ട് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ
text_fieldsവറ്റിയ ചീയപ്പാറ വെള്ളച്ചാട്ടം
അടിമാലി: വേനൽ കനത്തതോടെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം ഇക്കുറി നേരത്തേ അസ്തമിച്ചു. സാധാരണ ഫെബ്രുവരി അവസാന വാരത്തോടെയാണ് ഈ വെള്ളച്ചാട്ടങ്ങളിൽ നീരൊഴുക്ക് നിലക്കുന്നത്. ഇതോടെ സഞ്ചാരികളടക്കമുള്ളവർ കടുത്ത നിരാശയിലാണ്.
തെക്കിെൻറ കശ്മീരായി അറിയപ്പെടുന്ന മൂന്നാർ കാണാനെത്തുന്ന സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയൊരുക്കുന്ന വെള്ളച്ചാട്ടങ്ങളായിരുന്നു ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ. വെള്ളമില്ലാതായതോടെ മരുഭൂമി കണക്കെ ഒറ്റപ്പെട്ട അവസ്ഥയിലേക്ക് ചീയപ്പാറ മാറി. കൊച്ചി–മധുര ദേശീയപാതയിൽ നേര്യമംഗലം വനമേഖലയിലാണിവ. മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഇടത്താവളമായാണ് വെള്ളച്ചാട്ടങ്ങളും അറിയപ്പെടുന്നത്.
വർഷകാലത്താണ് ജലപാതങ്ങൾ കൂടുതൽ സജീവമാകുന്നത്. കടുത്ത വേനലിൽ നീരൊഴുക്ക് നിലച്ച് വെള്ളച്ചാട്ടങ്ങൾ അപ്രത്യക്ഷമാകുമെങ്കിലും അനവധി സഞ്ചാരികൾ വേനൽക്കാലത്തും ഇവിടെയെത്താറുണ്ടെന്നത് പ്രത്യേകതയാണ്. വെള്ളച്ചാട്ടങ്ങൾക്ക് സമീപം ഗാലറികൾ നിർമിച്ച് മോടി പിടിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും വിനോദസഞ്ചാര വകുപ്പ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
അപകടങ്ങൾ തടയാൻ ബോർഡുകളില്ല. കമ്പിലൈൻ മലമുകളിൽനിന്ന് ഒഴുകിയെത്തുന്ന ചീയപ്പാറ വെള്ളച്ചാട്ടം ദേശീയപാതയെ തൊട്ടുരുമ്മിയാണ് നിലകൊള്ളുന്നത്. ഇതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന സഞ്ചാരികൾ വെള്ളച്ചാട്ടത്തിനരികെനിന്ന് ചിത്രങ്ങൾ പകർത്തുന്നതിനും കുളിക്കുന്നതിനും ഏറെ സമയം ചെലവഴിക്കാറുണ്ട്. വിദേശികൾ ഉൾപ്പെടെയുള്ള സാഹസികർ പാറക്കെട്ടുകളിലൂടെ ഇറങ്ങി വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ കണ്ടാസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ വിനയാകുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

