പ്ലാന്റേഷൻ ഡയറക്ടറേറ്റ്: പ്രതീക്ഷയോടെ തോട്ടം മേഖല
text_fieldsമൂന്നാറിലെ തേയിലത്തോട്ടത്തിൽ കൊളുന്തെടുക്കുന്ന തൊഴിലാളികൾ
മൂന്നാർ: തോട്ടം മേഖലയെ തൊഴിൽ വകുപ്പിൽനിന്ന് വേർപെടുത്തി വ്യവസായ വകുപ്പിനു കീഴിലാക്കിയതും പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ രൂപവത്കരണവും തോട്ടം മേഖലക്കും തൊഴിലാളികൾക്കും പ്രതീക്ഷ നൽകുന്നു.തേയില, ഏലം, റബർ, കാപ്പി എന്നിവയാണ് കേരളത്തിൽ തോട്ടവിളകളുടെ പരിധിയിൽ വരുന്നത്. ഇതിനായി പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിച്ച് കഴിഞ്ഞ 26നാണ് സർക്കാർ ഉത്തരവിറക്കിയത്.തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻനായർ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടറേറ്റിന്റെ രൂപവത്കരണം.
ഏകദേശം മൂന്നര ലക്ഷം തൊഴിലാളികളാണ് സംസ്ഥാനത്ത് തോട്ടം മേഖലയിൽ പണിയെടുക്കുന്നത്. ഈ രംഗത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ വേതനം നൽകുന്നത് കേരളത്തിലാണ്. എന്നാൽ, ഉൽപാദനക്ഷമത ഏറ്റവും കുറവാണെന്നും കണ്ടെത്തി. തൊഴിലാളികളുടെ വേതനം സംബന്ധിച്ച ചർച്ചകൾ മാത്രമാണ് തൊഴിൽ വകുപ്പ് നടത്തിയിരുന്നത്. വ്യവസായ വകുപ്പിന് കീഴിലാക്കുകയും ഡയറക്ടറേറ്റ് രൂപവത്കരിക്കുകയും ചെയ്തത് ഈ രംഗത്ത് മാറ്റങ്ങൾക്ക് കാരണമാകും.
തോട്ടം തൊഴിലാളികളുടെ ലയങ്ങളുടെ ശോച്യാവസ്ഥ സംബന്ധിച്ച് വർഷങ്ങളായുള്ള പരാതികൾക്ക് ഇതുവരെ പരിഹാരമായിട്ടില്ല. ഒറ്റമുറി ലയങ്ങളിലാണ് ഇപ്പോഴും താമസം. ഡയറക്ടറേറ് വന്നതോടെ ഇക്കാര്യത്തിൽ അനുകൂല നടപടി പ്രതീക്ഷിക്കുകയാണ് തൊഴിലാളികൾ. 2021 ജനുവരിയിൽ വേതനക്കരാർ അവസാനിച്ചെങ്കിലും ഇതുവരെ പുതുക്കിയിട്ടില്ല. ഇതിനായി നടത്തിയ അഞ്ച് ചർച്ചകളും പരാജയമായി. ഇക്കാര്യത്തിലും തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്ത് ഒട്ടേറെ തോട്ടങ്ങൾ ഇപ്പോഴും പൂട്ടിക്കിടക്കുകയാണ്. ഇടുക്കിയിൽ ഉൾപ്പെടെ പലതും പൂട്ടൽ ഭീഷണിയിലുമാണ്. ഈ പ്രശ്നത്തിലും ഡയറക്ടറേറ്റിന് ഫലപ്രദമായി ഇടപെടാൻ കഴിയുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടങ്ങൾ അതേപടി നിലനിർത്തണമെന്ന വ്യവസ്ഥയിലും തോട്ടം ഉടമകൾ ഇളവ് പ്രതീക്ഷിക്കുന്നു.
വൈവിധ്യവത്കരണ ഭാഗമായി നിശ്ചിത ശതമാനം ഭൂമി വകമാറ്റി കൃഷി ചെയ്യാനും ടൂറിസത്തിനും ഉപയോഗിക്കാൻ അനുവദിക്കണമെന്നത് തോട്ടം ഉടമകളുടെ വർഷങ്ങളായുള്ള ആവശ്യമാണ്.പച്ചക്കറി കൃഷിക്ക് അനുമതി ലഭിക്കുകവഴി പച്ചക്കറി ഉൽപാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കാൻ കഴിയുമെന്നും തോട്ടം ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

