ഡിജിറ്റൽ സർവേ; മിടുക്കുകാട്ടി ഇടുക്കി
text_fieldsമൂന്നാർ വില്ലേജിലെ ഡിജിറ്റൽ റീസർവേ അഡ്വ. എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
തൊടുപുഴ: ഡിജിറ്റൽ സർവേയിൽ മിടുക്കുകാട്ടി ഇടുക്കി മുന്നിൽ. പ്രതികൂല കാലാവസ്ഥ, വന്യമൃഗ ശല്യം തുടങ്ങിയ പ്രതിസന്ധികളെ തരണംചെയ്താണ് ജില്ല കുതിപ്പ് തുടരുന്നത്. 2023 നവംബർ ഒന്നിനാണ് ഡിജിറ്റൽ സർവേ ആരംഭിച്ചത്. സംസ്ഥാനത്താകെ ഏഴരലക്ഷം ഹെക്ടർ ഭൂമി ഇയുവരെ സർവേ ചെയ്തപ്പോൾ ജില്ലയിൽ 1,02,231 ഹെക്ടർ ഭൂമിയുടെ സർവേയാണ് പൂർത്തിയാക്കിയത്. 13 വില്ലേജുകളിലെ സർവേ പൂർത്തിയാക്കി വിജ്ഞാപനം പുറത്തിറക്കി. പരാതികൾ പരിഹരിച്ച് വിജ്ഞാപനം ഇറക്കുന്നതോടെ രേഖകൾ റവന്യൂ ഭരണ വിഭാഗത്തിന് കൈമാറും. രണ്ടാം ഘട്ടത്തിൽ 11 വില്ലേജിലാണ് സർവേ നടത്തുന്നത്. ഇതിൽ മണക്കാട്, ആനവിലാസം, വണ്ടന്മേട് വില്ലേജുകളിലെ സർവേ പൂർത്തിയാക്കി വിജ്ഞാപനമിറക്കി.
ഒന്നാം ഘട്ടത്തിൽ വാത്തിക്കുടി, ഇടുക്കി, കൽക്കൂന്തൽ, കരുണാപുരം, ചതുരംഗപ്പാറ, രാജാക്കാട്, ശാന്തൻപാറ, ബൈസൺവാലി, ചിന്നക്കനാൽ, ഇരട്ടയാർ, മഞ്ചുമല, പെരിയാർ, പെരുവന്താനം വില്ലേജുകളിലാണ് സർവേ പൂർത്തിയാക്കിയത്. ഇതിൽ ഇരട്ടയാർ, മഞ്ചുമല വില്ലേജുകളുടെ അതിർത്തികളിൽ വ്യത്യാസമുള്ളതിനാൽ പുനർനിശ്ചയിച്ച് സർക്കാറിന് റിപ്പോർട്ട് നൽകി. അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാനത്തെ മുഴുവൻ വില്ലേജിലും ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കി എന്റെ ഭൂമി എന്ന പോർട്ടൽ മുഖേന പൊതുജനത്തിന് ഓൺലൈൻ സേവനം ലഭ്യമാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

