പുലിപ്പേടിയിൽ ദിണ്ഡുകൊമ്പ് കോളനി
text_fieldsപുലിയെ കണ്ടതായി സംശയിക്കുന്ന പ്രദേശം വനപാലകർ പരിശോധിക്കുന്നു
മറയൂർ: പുലിയുടെ ആക്രമണത്തിൽ ഭയന്ന് ദിണ്ഡുകൊമ്പ് കോളനിവാസികൾ. ഒരു മാസത്തിനിടെ ദിവസങ്ങൾക്കിടയിൽ കോളനിക്ക് സമീപത്തെ വീട്ടുമുറ്റങ്ങളിൽ എത്തിയ പുലി വളർത്തുനായ്ക്കളെ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞദിവസം രാത്രി പൈക്കട വീട്ടിൽ ജൈസാണ് വീടിനു സമീപം പാറപ്പുറത്ത് ഇരിക്കുന്ന പുലിയെ കണ്ടത്.
ടോർച്ച് തെളിക്കുകയും കല്ലെറിയുകയും ചെയ്തപ്പോൾ പുലി ചാടിപ്പോകുന്നത് കണ്ടതായും പറയുന്നു. പിറ്റേദിവസം രാത്രി നായയെയും കാണാതായി. മുറ്റത്ത് സംശയകരമായ കാൽപാടുകളുമുണ്ട്. ഇതാണ് നായ്ക്കളെ പുലികൾ കടിച്ചുകൊണ്ടുപോയി എന്ന നിഗമനത്തിലെത്താൻ കാരണം.രാത്രി നായ്ക്കളെ അഴിച്ചുവിട്ട സമയത്താണ് പുലിയുടെ ആക്രമണം. ഒരു മാസത്തിനിടെ അഞ്ചു നായ്ക്കളെയാണ് പുലിയുടെ ആക്രമണത്തിൽ കാണാതായത്.
ചുറ്റും കാടുപിടിച്ചു കിടക്കുന്ന കൃഷിത്തോട്ടങ്ങളും സമീപത്ത് വനവും പാറ ക്കുന്നുകളുമുള്ള സാഹചര്യത്തിൽ സ്കൂൾ വിദ്യാർഥികളുടെ സഞ്ചാരവും രാത്രിയാത്രയും ദുഷ്കരമായിരിക്കുകയാണ്. ഇപ്പോൾ പ്രദേശവാസികൾ ചുറ്റും കാട് വെട്ടിത്തെളിക്കുകയാണ്.
പഞ്ചായത്ത് അംഗം കാർത്യായനി, കാന്തല്ലൂർ റേഞ്ച് ഓഫിസർ ടി.കെ. മനോജ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജയചന്ദ്ര ബോസ് എന്നിവർ പുലിയിറങ്ങിയ വീട്ടുമുറ്റങ്ങളും കടന്നുപോയ സ്ഥലങ്ങളും സന്ദർശിച്ചു. പൂച്ചപ്പുലിയായിരിക്കാം എന്ന നിഗമനത്തിലെത്തിയ വനപാലകർ നിരീക്ഷണ കാമറ സ്ഥാപിക്കാനും ജീവികൾ ഏതായാലും കണ്ടെത്തുന്നതിന് കൂട് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

