'ദേവി'യുടെ ഇന്നലത്തെ വരുമാനം സനലിന്റെ കുടുംബത്തിന്
text_fieldsമൂലമറ്റം വെടിവെപ്പിൽ മരിച്ച സനലിന്റെ കുടുംബ സഹായത്തിന് ‘ദേവി’ ബസ് സർവിസ് നടത്തുന്നു
മൂലമറ്റം: സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ വഴിയിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽപെട്ട് വെടിയേറ്റുമരിച്ച സനലിന്റെ കുടുംബത്തെ സഹായിക്കാൻ അദ്ദേഹം കണ്ടക്ടറായി ജോലി ചെയ്തിരുന്ന ദേവി ബസ് വെള്ളിയാഴ്ച സർവിസ് നടത്തി. വെള്ളിയാഴ്ചത്തെ വരുമാനം സനലിന്റെ കുടുംബത്തിന് നൽകാനാണ് ബസുടമയുടെ തീരുമാനം.
എട്ട് വർഷമായി ദേവി ബസിൽ ജീവനക്കാരനായ സനൽ യാത്രക്കാർക്കും നാട്ടുകാർക്കും സുപരിചിതനാണ്. യാത്രക്കാരുമായി നല്ല സൗഹൃദം സ്ഥാപിച്ചിരുന്ന സനലിന്റെ കുടുംബത്തെ സഹായിക്കാൻ ഒട്ടേറെ പേരാണ് വെള്ളിയാഴ്ച ബസിൽ യാത്ര ചെയ്തത്. ടിക്കറ്റില്ലാതെയുള്ള യാത്രയിൽ യാത്രക്കാർ പലരും നല്ലൊരു തുക ബക്കറ്റുകളിൽ നിക്ഷേപിച്ചു. അരലക്ഷം രൂപയോളം ലഭിച്ചതായി ബസ് ജീവനക്കാർ പറഞ്ഞു.

