അയൽവാസികളായ യുവാക്കളുടെ മരണം: കൊലപാതകമല്ലെന്ന് പ്രാഥമിക നിഗമനം
text_fieldsസരീഷ് ജോര്‍ജ്, രമേശ്
മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ പയസ് നഗറിൽ അയല്‍വാസികളായ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കരിമ്പാറ സ്വദേശികളായ മരുതുംമൂട്ടില്‍ വീട്ടില്‍ ബിനോയ് എന്ന സരിഷ് ജോര്‍ജ് (46), രതിവിലാസം വീട്ടില്‍ രമേശ് (42) എന്നിവരാണ് മരിച്ചത്. സമീപവാസികളും സുഹൃത്തുക്കളുമായിരുന്നു ഇരുവരും. സരീഷ് ജോർജിന്റെ മൃതദേഹം സെന്റ് പയസ് പള്ളി വക സ്ഥലത്തെ കിണറ്റിലും രമേശിന്റേത് വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു.
വ്യാഴാഴ്ച രാവിലെ കിണറ്റിലെ ഫുട്വാല്‍വില്‍ വെള്ളം നിറക്കാനെത്തിയ പള്ളി വികാരിയാണ് മൃതദേഹം കണ്ടത്. പിന്നീട് മറയൂര്‍ പൊലീസെത്തി നടത്തിയ അന്വേഷണത്തിൽ മരിച്ചത് സരീഷാണെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെയാണ് രമേശിനെ തൂങ്ങി മരിച്ച നിലയില്‍ സഹോദരന് കണ്ടത്.
സരീഷ് തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് രമേശിനൊപ്പം പോയതാണെന്നും പിന്നീട് തിരികെ എത്തിയില്ലെന്നും മാതാവ് മൊഴിനല്‍കി. തിങ്കളാഴ്ച ഇരുവരും ഒരുമിച്ച് പോകുന്നത് കണ്ടതായി പരിസരവാസികള്‍ പൊലീസിനോട് പറഞ്ഞു. രമേശ് വ്യാഴാഴ്ച രാത്രി വീട്ടില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ മൊഴി നല്കി. മൂന്നാറില്‍നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. കിണറിന് സമീപത്ത് നിന്ന് ഒഴിഞ്ഞ മദ്യകുപ്പിയും ഗ്ലാസും കണ്ടെത്തി. ഫോറൻസിക് സംഘവും തെളിവ് ശേഖരിച്ചു.
പെയിന്റിങ് തൊഴിലാളിയായ രമേശ് അവിവാഹിതനാണ്. പിതാവ്: രാജു, മാതാവ്: ലളിത. സരീഷ് മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. മടങ്ങിയെത്തിയ ശേഷം നാട്ടില്‍ പ്ലംബിങ് ജോലി ചെയ്തുവരുകയായിരുന്നു. പിതാവ്: ജോര്‍ജ്. മാതാവ്: ഗ്രേസിമണി. ഭാര്യ: ബിന്ദു. മക്കള്‍: ഷാറോണ്‍ ജോർജ് സരീഷ്, മില്‍റ്റ മരിയ സരീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

