സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു
text_fieldsപാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ച നിലയിൽ
ഉടുമ്പന്നൂർ: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. പെരിങ്ങാശ്ശേരി വെണ്ണിയാനി തൈപ്ലാംതോട്ടത്തിൽ അനിയുടെ വീടാണ് കത്തിനശിച്ചത്. ബുധനാഴ്ച രാവിലെ 10.30നാണ് അപകടം. വീട്ടിലെ വിറകടുപ്പിൽനിന്ന് തീ പടർന്നതാകാം സിലിണ്ടർ പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വീടും വീട്ടുപകരണങ്ങളും രേഖകളും പൂർണമായി അഗ്നിക്കിരയായി.
അപകട സമയത്ത് അനിയും ഭാര്യയും രണ്ടു മക്കളും അയൽപക്കത്തെ വിവാഹ വീട്ടിലായിരുന്നതിനാൽ രക്ഷപ്പെട്ടു. വിവാഹ വീട്ടിൽ ഉണ്ടായിരുന്നവർ എത്തി തീ അണച്ചതിനാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നില്ല. സമീപത്തെ കുറച്ചു കൃഷിയിടങ്ങൾ കത്തിനശിച്ചു. പഞ്ചായത്തംഗം ബീന രവീന്ദ്രന്റെ നേതൃത്വത്തിൽ വില്ലേജ് ഉദ്യോഗസ്ഥർ എത്തി നാശനഷ്ടം വിലയിരുത്തി.
കരിമണ്ണൂർ പൊലീസും തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അനിക്കും കുടുംബത്തിനും താൽക്കാലിക താമസസൗകര്യം ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു.

