കുരിശ് പൊളിച്ച സംഭവം; സർക്കാറിനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന -സി.പി.എം
text_fieldsകരമണ്ണൂർ: വനം-റവന്യൂ വകുപ്പിലെ ചില ജീവനക്കാർ സർക്കാറിനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ്. മുണ്ടൻമുടി കൈവശഭൂമിയിൽ തൊമ്മൻകുത്ത് പള്ളി സ്ഥാപിച്ച കുരിശ് പിഴുതമാറ്റിയ വനപാലകരുടെ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.ഫ് വണ്ണപ്പുറം വില്ലേജ് ഓഫിസിനു മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനം വകുപ്പിന്റെ ജണ്ടക്ക് പുറത്ത് വർഷങ്ങളായി കൈവശം വച്ചനുഭവിക്കുന്ന സ്ഥലത്താണ് കുരിശ് സ്ഥാപിച്ചത്. ഇത് വനഭൂമിയാണെന്ന റിപ്പോർട്ടാണ് വണ്ണപ്പുറം വില്ലേജ് ഓഫിസർ ഡി.എഫ്.ഒക്ക് നൽകിയത്. ഇത് തികച്ചും നിയമവിരുദ്ധമാണ്. ഇത്തരം റിപ്പോർട്ട് നൽകേണ്ടത് ജില്ല കലക്ടറാണ്. കുരിശ് തകർത്തത് യു.ഡി.എഫിന് സമരാവസരം ഒരുക്കാനാണ്.
കൈവശ ഭൂമിയിൽ സ്ഥാപിച്ച കുരിശ് പുനഃസ്ഥാപിക്കാൻ എൽ.ഡി.എഫ് പിന്തുണ നൽകുമെന്നും വില്ലേജ് ഓഫിസർ നിയമവിരുദ്ധമായി നൽകിയ റിപ്പോർട്ട് തിരുത്തണമെന്നും വർഗീസ് ആവശ്യപ്പെട്ടു. മനോജ് മാമാല അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം.ജെ. മാത്യു, കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി. സുമേഷ്, വണ്ണപ്പുറം ലോക്കൽ സെക്രട്ടറി ഷിജോ സെബാസ്റ്റ്യൻ, ഘടകകക്ഷി നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ, എം.കെ. സത്യൻ, കെ.കെ. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

