കോവിഡ് വാക്സിന്; ജില്ല സജ്ജം, രണ്ടാമത്തെ ഡ്രൈറണ്‍ മൂന്നിടങ്ങളിലായി നടത്തി
text_fieldsതൊടുപുഴ: കോവിഡ് വാക്സിന് വിതരണത്തിെൻറ അവസാനഘട്ട തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള രണ്ടാമത്തെ ഡ്രൈറണ്‍ ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളിലായി നടത്തി. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി, തൊടുപുഴ ഹോളിഫാമിലി ആശുപത്രി, ചിത്തിരപുരം സാമൂഹിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ഡ്രൈറണ്‍ നടത്തിയത്. പ്രതിരോധമരുന്ന് കുത്തിവെക്കുന്നത് ഒഴികെ വാക്സിനേഷെൻറ എല്ലാ നടപടികളും ഇതിെൻറ ഭാഗമായി ആവിഷ്കരിച്ചു.
എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്രൈറണ്‍. അകത്തേക്കും പുറത്തേക്കും പ്രത്യേകം പ്രവേശന കവാടങ്ങളുള്ള വായുസഞ്ചാരമുള്ള മുറിയാണ് വാക്സിന് നല്‍കാനായി തയാറാക്കിയത്. വെയ്റ്റിങ് ഏരിയ, വാക്സിനേഷന് മുറി, നിരീക്ഷണ മുറി എന്നിങ്ങനെ മൂന്ന് തരത്തിലുള്ള മുറികളാണ് ക്രമീകരിച്ചത്.
വാക്സിനേഷന് എടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റർ ചെയ്തവരെ സ്ക്രീനിങ്ങും സാനിറ്റൈസേഷനും നടത്തിയശേഷം വെയ്റ്റിങ് ഏരിയയിലേക്ക് വിടും. വാക്സിനേഷന് കേന്ദ്രത്തില്‍ എത്തുന്ന ആളുടെ ശരീരതാപനില ആദ്യം പരിശോധിക്കും. തുടര്‍ന്ന് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുമുക്തമാക്കിയതിന് ശേഷം ഒന്നാം വാക്സിനേഷന് ഓഫിസറുടെ മുന്നില്‍ തിരിച്ചറിയല്‍ രേഖയുമായി എത്തണം.
തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഉറപ്പാക്കിയശേഷം രണ്ടാംവാക്സിനേഷന്‍ ഓഫിസറുടെ സമീപത്തേക്ക് കടത്തിവിടും. രണ്ടാംവാക്സിനേഷന്‍ ഓഫിസര്‍ വാക്സിനേഷന് സ്വീകരിക്കാനായി എത്തിയ ആളുടെ വിവരങ്ങള്‍ പോര്‍ട്ടലിലെ വിവരങ്ങളുമായി ഒത്തുനോക്കും. മൂന്നാം വാക്സിനേഷന് ഓഫിസര്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാന്‍ എത്തിയ ആള്‍ക്ക് വാക്സിനേഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്കി കുത്തിവെപ്പ് മുറിയിലേക്ക് കടത്തിവിടും. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച ആളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തും.
കുത്തിവെപ്പ് നല്‍കിയശേഷം കുത്തിെവപ്പ് സ്വീകരിച്ച വ്യക്തിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റും. കുത്തിവെപ്പ് സ്വീകരിച്ച വ്യക്തിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ അരമണിക്കൂര്‍ നിരീക്ഷണത്തില്‍ വെക്കും. വാക്സിന് സ്വീകരിച്ചശേഷം ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ ഉടന്‍ ചികിത്സ ലഭ്യമാകുന്നതിനായി ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും വാക്സിനേഷന് സൈറ്റില്‍ സജ്ജീകരിക്കും. ആരോഗ്യ പ്രശ്നങ്ങളില്ലെങ്കില്‍ വീട്ടിലേക്ക് തിരികെ അയക്കുകയും കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ തുടര്‍ന്നും പാലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യും.
വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള സംവിധാനവും കേന്ദ്രങ്ങളിലുണ്ടാകും. ഇടുക്കി മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻറ് ജോര്‍ജ് പോള്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഡിറ്റാജ് ജോസഫ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. പ്രിയ, ആര്.സി.എച്ച് ഓഫിസര്‍ ഡോ. സുരേഷ് വര്‍ഗീസ്, ആര്.എം ഒ. അരുണ്‍, മാസ് മീഡിയ ഓഫിസര്‍ അനില്‍കുമാര്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. സിബി ജോര്‍ജ്, പഞ്ചായത്ത് അംഗം നിമ്മി ജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ ഡ്രൈ റണ്ണിൽ സ്വകാര്യ മേഖലയിലെ 25 ആരോഗ്യപ്രവര്‍ത്തകരാണ് പങ്കെടുത്തത്. ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍-ഇതര ജീവനക്കാര്‍ എന്നിവരെയാണ് പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. ഡെപ്യൂട്ടി ഡി.എം.ഒ, മെഡിക്കല്‍ ഓഫിസര്‍, തൊടുപുഴ ജില്ല ആശുപത്രിയിലെ നഴ്സ്മാര്, ഹെല്‍ത്ത് ഇന്‍സ്പെപെക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ എട്ടുപേരായിരുന്നു പരീക്ഷണം നടത്താനെത്തിയ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

