പുന്നയാറിൽ ദമ്പതികളുടെ ആത്മഹത്യ: പൊലീസ് അന്വേഷണം ആരംഭിച്ചു
text_fieldsചെറുതോണി: കഞ്ഞിക്കുഴി പുന്നയാറിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർ ജീവനൊടുക്കിയതിന് പിന്നിൽ ബ്ലേഡ് മാഫിയയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. വെള്ളിയാഴ്ച ഉച്ചയോടെയാണ് പുന്നയാർ ചൂടൻ സിറ്റി കാരാടിയിൽ ബിജു, ടിന്റു ദമ്പതികൾ വിഷം കഴിച്ച് മരിച്ചത്. വിഷം ഉള്ളിൽച്ചെന്ന് ഇവരുടെ മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്.
ബിജുവിന്റെ അമ്മയുടെ പേരിലുള്ള 77 സെന്റ് പുരയിടത്തിന്റെ പട്ടയം പണയംവെച്ചാണ് ബ്ലേഡ് മാഫിയയിൽനിന്ന് പണം പലിശക്ക് എടുത്തതെന്ന് പറയുന്നു. പലിശ വർധിച്ചതോടെ കഞ്ഞിക്കുഴി ചുറ്റിപ്പറ്റിയുള്ള ബ്ലേഡ് മാഫിയ ഇവരുടെ സ്ഥാപനത്തിൽ നിരന്തരം എത്തിയിരുന്നതായും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
തന്റെ മക്കൾക്ക് ലഭിക്കാത്ത നീതി കൊച്ചുമക്കൾക്ക് ലഭിക്കണമെന്നാണ് ബിജുവിന്റെ അമ്മ ഏലിക്കുട്ടി ആവശ്യപ്പെടുന്നത്. വീട്ടിലിരുന്ന പട്ടയം അമ്മയറിയാതെയാണ് ബിജുവിൽ സമ്മർദം ചെലുത്തി ബ്ലേഡ് മാഫിയ വാങ്ങിയതത്രെ. പട്ടയം നഷ്ടപ്പെട്ട വിവരം പിന്നീടാണ് അറിഞ്ഞതെന്ന് ബിജുവിന്റെ സഹോദരിയും പറയുന്നു.
സമൂഹത്തിന് ഭീഷണിയായ ബ്ലേഡ് മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ബിജുവിന്റെയും ഭാര്യയുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നൂറുകണക്കിനാളുകളാണ് അവരെ ഒരുനോക്കു കാണാൻ തടിച്ചുകൂടിയത്. കീരിത്തോട് നിത്യസഹായ മാത പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

