പാചക വാതകം കിട്ടുന്നില്ല; കരിഞ്ചന്തയിൽ വ്യാപകം
text_fieldsഅടിമാലി: വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതകം കരിഞ്ചന്തയിൽ വ്യാപകമായി ഉപയോഗിക്കുന്നു. വാണിജ്യ പാചക വാതക സിലണ്ടറുകൾ ലഭ്യമാകാത്തതിനാലാണ് ഇത്തരത്തിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും ഗാർഹിക പാചക വാതകം വ്യാപകമായി ഉപയോഗിക്കാൻ കാരണം. 14 കിലോ തൂക്കം വരുന്ന ഗാർഹിക പാചകവാതക സിലണ്ടറിന് 976 രൂപയാണ് വില. ഇത് കരിഞ്ചന്തയിൽ എത്തുമ്പോൾ 2000ന് മുകളിൽ നൽകണം. 1976 രൂപ വില വരുന്ന 19 കിലോ പാചക വാതക സിലണ്ടർ കിട്ടാനില്ല. ഇത് കരിഞ്ചന്തയിൽ കിട്ടണമെങ്കിൽ 4000 രൂപ വരെയാണ് വാങ്ങുന്നത്.
ഇത്തരത്തിൽ കരിഞ്ചന്ത വ്യാപാരം ഏജൻസികൾ നേരിട്ട് നടത്തുന്നുണ്ട്. പാചക വാതകംകിട്ടാതായതോടെ ഹോട്ടലുകൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നോർത്ത് പൊള്ളുകയാണ് ഉടമകൾ. പാചകവാതക പ്രതിസന്ധിയിൽ അടച്ചുപൂട്ടൽ ഒഴിവാക്കാൻ പലരീതിയിൽ ശ്രമിച്ചിട്ടും ചെലവു പിടിവിട്ടുപോകുന്ന അവസ്ഥയിലാണ് എല്ലാവരും. ഇരട്ടിയിലേറെ വില കൊടുത്ത് പാചകവാതകം വാങ്ങി എങ്ങനെ ചൂടുചായയും കടിയുമൊക്കെ കൊടുക്കുമെന്നാണ് ഉമടകൾ ചോദിക്കുന്നത്.
ഊണ് നൽകുന്ന ഭൂരിഭാഗം ഹോട്ടലുകളും താൽക്കാലികമായി വിറകടുപ്പിലേക്കു മാറി. പലയിടത്തും താൽക്കാലികമായി വിറകടുപ്പ് നിർമിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ബംഗാളിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഹോട്ടൽ ജോലിക്കാരായ ബംഗാളികൾ വോട്ടുചെയ്യാൻ നാട്ടിലേക്കു പോകാൻ സാധ്യതയേറെയാണ്. പാചകവാതക ക്ഷാമം തീരുമ്പോഴേക്കും ജീവനക്കാർ ഉണ്ടാകില്ലേയെന്നാണ് ഉടമകളുടെ ഇപ്പോഴത്തെ പേടി. പാചകവാതകം ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

