Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാചകവാതക വിതരണ...

പാചകവാതക വിതരണ നിയന്ത്രണം; ‘തീ’ തിന്ന് അടുക്കള

text_fields
bookmark_border
പാചകവാതക വിതരണ നിയന്ത്രണം; ‘തീ’ തിന്ന് അടുക്കള
cancel
camera_alt

തൊടുപുഴ നഗരത്തിലെ ഹോട്ടലിന് മുന്നിൽ അടുപ്പിലേക്ക് ആവശ്യമായ ചൂട്ടും വിറകുമടക്കം എത്തിക്കുന്നു

തൊടുപുഴ: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തെ തുടർന്നുള്ള പാചകവാതക സിലിണ്ടർ നിയന്ത്രണംമൂലം ജില്ലയിലെ ഹോട്ടൽ, കാറ്ററിങ് മേഖല ഗുരുതര പ്രതിസന്ധിയിൽ. ജില്ലയിൽ 50 ശതമാനത്തോളം ഹോട്ടലുകളും പാചകവാതക ക്ഷാമത്തെ തുടർന്ന് പ്രവർത്തനം ഭാഗികമാക്കി. ഇതിനോടകം പല ഹോട്ടലുകളും അടച്ചു. തട്ടുകടകൾ ഉൾപ്പെടെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. വിവിധ ഹോട്ടലുകളിൽ മെനു വെട്ടിക്കുറച്ചിട്ടുണ്ട്. സിലിണ്ടറുകൾ എങ്ങനെയെങ്കിലും ലഭിക്കുമോയെന്നറിയാൻ പരക്കം പായുകയാണ് ഹോട്ടലുടമകൾ. ചിലർ പരമാവധി വിറകടുപ്പ് ഉപയോഗിച്ച് ഹോട്ടൽ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.

എല്ലാ ഭക്ഷണസാധനങ്ങളും വിറകടുപ്പിൽ ഉണ്ടാക്കാനാവില്ല. ഭൂരിഭാഗം വിഭവങ്ങൾക്കും പാചകവാതകംതന്നെ വേണം. പാചകവാതക പ്രതിസന്ധി തുടർന്നാൽ വരും ദിവസങ്ങളിൽ ഇത് സർവ മേഖലയെയും ബാധിക്കും. പലയിടത്തും ഒരു ദിവസംകൂടി ഉപയോഗിക്കാനുള്ള പാചക വാതകമേ നിലവിലുള്ളൂവെന്നും ഹോട്ടൽ ഉടമകൾ പറഞ്ഞു. പാചകവാതക ക്ഷാമം തുടർന്നാൽ ഞായറാഴ്ചയോടെ പ്രതിസന്ധി രൂക്ഷമാകുമെന്നും കൂടുതൽ ഹോട്ടലുകൾ അടച്ചിടേണ്ടി വരുമെന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

വിറകിനും തീവില

ഒരാഴ്ചക്കിടെ വിറകിന് വില കൂടിയതും ഹോട്ടലുകാരെ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിച്ചു. ടണ്ണിന് 200 മുതൽ 500 രൂപ വരെ വില വർധിച്ചിട്ടുണ്ട്. ഗ്യാസ് ലഭ്യത പ്രതിസന്ധിയിലായതോടെ ഹോട്ടലുകളിലെ മെനുവിലടക്കം പരിഷ്കാരം കൊണ്ടു വന്നിട്ടുണ്ട്. വൻകിട റിസോർട്ടുകളിലെ റസ്റ്റാറന്റുകൾ ഉൾപ്പെടെ ഇത്തരത്തിൽ പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ്. ഗ്യാസ് കൂടുതൽ ആവശ്യമുള്ള ഭക്ഷണ സാധനങ്ങളെല്ലാം തൽക്കാലം റസ്റ്റാറന്‍റുകളിലെ മെനു കാർഡിൽനിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. ഒന്നോ രണ്ടോ വിഭവങ്ങളിലേക്ക് ചുരുക്കി, എത്തുന്നവരുടെ വിശപ്പ് മാറ്റുന്നതിനാവശ്യമായ സാധനങ്ങൾ ഉണ്ടാക്കുന്നതിനാണ് ഹോട്ടലുകാർ തീരുമാനമെടുത്തിരിക്കുന്നത്.

ഹൈറേഞ്ചിലും ലോറേഞ്ചിലും സ്ഥിതി സമാനം

തൊടുപുഴയിൽ പല ഹോട്ടലുകളിലും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. നേരത്തേതന്നെ ഹോട്ടലുകൾ പ്രവർത്തനസമയം അവസാനിപ്പിച്ച് പൂട്ടിടുന്നു. പ്രധാന ഇടങ്ങളിൽ പല ഹോട്ടലുകളും പൂട്ടുവീണ നിലയിലാണ്. വിറകിനെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഇതും എത്ര ദിവസം ഉണ്ടെന്ന് പറയാൻ കഴിയില്ലെന്നും ഇവർ പറയുന്നു. അടിമാലി, കട്ടപ്പന, ഉപ്പുതറ തുടങ്ങി ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലും ഹോട്ടലുകൾ ഉൾപ്പെടെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. റമദാൻ വ്രതത്തോടനുബന്ധിച്ച് ചെറുകടികളും പത്തിരികളും മറ്റും വീടുകളിൽ നിർമിച്ച് ബേക്കറികളിലും ഹോട്ടലുകളിലും വിൽപന നടത്തുന്ന പലരും മുന്നോട്ടുകൊണ്ടുപോകാനാവാതെ പ്രവർത്തനം നിർത്തിയിട്ടുണ്ട്. ഇതിനാൽ പലരുടെയും ഉപജീവനമാർഗമാണ് ഇല്ലാതായിരിക്കുന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങാൻ തുടങ്ങിയത് തൊഴിലാളി ക്ഷാമവും വർധിപ്പിക്കുകയാണ്.

തൊടുപുഴ നഗരത്തിലെ ഏജൻസിക്ക് മുന്നിൽ നേരിട്ടെത്തി പാചക വാതക സിലിണ്ടറുമായി പോകുന്നവർ



ഇടുക്കിയിലെ ദുരിതം പരിഹരിക്കണം- എം.പി

യുദ്ധത്തെത്തുടർന്ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ പാചകവാതക നിയന്ത്രണങ്ങൾ കേരളത്തെയും പ്രത്യേകിച്ച് ഇടുക്കി പാർലമെന്റ് മണ്ഡലത്തെയും പട്ടിണിയിലാക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഗ്രാമീണ-മലയോര മേഖലകളിൽ സിലിണ്ടർ ബുക്കിംഗുകൾക്കിടയിൽ ഏർപ്പെടുത്തിയ 45 ദിവസത്തെ നിർബന്ധിത ഇടവേള ഹൈറേഞ്ച് നിവാസികൾക്ക് താങ്ങാനാവില്ലെന്ന് അദ്ദേഹം കേന്ദ്ര പെട്രോളിയം മന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

ജില്ലയിലെ മലയോര മേഖലകൾക്കൊപ്പം മണ്ഡലത്തിന്റെ ഭാഗമായ മുവാറ്റുപുഴ, കോതമംഗലം ഭാഗങ്ങളിലും പ്രതിസന്ധി അതിരൂക്ഷമാണ്. വിറകിന് നിയന്ത്രണമുള്ള ഈ പ്രദേശങ്ങളിൽ 45 ദിവസം ഒരു സിലിണ്ടർ കൊണ്ട് കുടുംബം പോറ്റുക അസാധ്യമാണ്. വാണിജ്യ സിലിണ്ടറുകൾക്ക് 80 ശതമാനം നിയന്ത്രണം ഏർപ്പെടുത്തിയത് ഹോട്ടലുകളും ബേക്കറികളും അടച്ചുപൂട്ടാൻ ഇടയാക്കി.

ഇടുക്കിയെ പ്രത്യേക മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി 45 ദിവസത്തെ നിയന്ത്രണം 25 ദിവസമായി കുറക്കണമെന്നും വാണിജ്യ വിതരണം പുനഃസ്ഥാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsLPG Gaslocalnews
News Summary - Cooking gas supply restriction; Kitchen catches fire
Next Story