തൂവൽ അരുവിയിലെ അപകട ഗർത്തം മൂടുന്നതിനെ ചൊല്ലി വിവാദം
text_fieldsതൂവൽ അരുവി
നെടുങ്കണ്ടം: തൂവൽ അരുവിയിലെ അപകട ഗർത്തം മൂടുന്നതിനെ ചൊല്ലി വിവാദം ശക്തമായി. മനുഷ്യനും മൃഗങ്ങൾക്കും ഒരേ പോലെ അപകട ഭീതിയുയർത്തുന്ന ഗർത്തം മൂടണമെന്ന ആവശ്യവുമായി ഒരു വിഭാഗവും മൂടുന്നതിനെ എതിർത്ത് പരിസ്ഥിതി വാദികളും രംഗത്ത് വന്നതോടെയാണ് വിവാദം കൊഴുക്കുന്നത്.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 19,20 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പതഞ്ഞൊഴുകുന്ന തൂവല്‍ അരുവി സ്ഥിതി ചെയ്യുന്നത്.വശ്യ സൗന്ദര്യമായി പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചുനല്‍കിയ തൂവല്‍ വെള്ളച്ചാട്ടം കാണാനെത്തുന്നത് നിരവധി പേരാണ് . എന്നാൽ ഇവിടെ അപകടങ്ങളും മരണങ്ങളും വ്യാപകമായതോടെയാണ് ഗർത്തം മൂടണമെന്ന ആവശ്യമുയർന്നത്. ചെങ്കുത്തായ വെള്ളച്ചാട്ടം കണ്ണുകള്‍ക്ക് വിസ്മയ കാഴ്ചയാണെങ്കിലും ഇവിടെ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് എത്തുന്നവര്‍ക്ക് അറിയില്ല.
മരണമടഞ്ഞത് എട്ട് പേർ
ഏതാനും വർഷങ്ങൾക്കിടെ വെളളച്ചാട്ടം കാണാനെത്തിയ എട്ട് പേരാണ് ഇവിടെ മരണപ്പെട്ടത്. വിവിധ ഇനങ്ങളിൽ പെട്ട 36 വളർത്തു മൃഗങ്ങൾക്കും ഇവിടുത്തെ ഗർത്തത്തിൽ വീണ് ജീവൻ നഷ്ടമായിരുന്നു. വഴുക്കലുള്ള പാറകളില്‍ വഴുതി വീണ് ചുഴികളില്‍ അകപ്പെട്ടാണ് മരണങ്ങള് സംഭവിച്ചിട്ടുള്ളത്. അപകടങ്ങൾ പതിവായതോടെയാണ് ഗർത്തം മൂടണമെന്ന ആവശ്യവുമായി പ്രദേശത്തെ ജനകീയ കൂട്ടായ്മ അടക്കം രംഗത്ത് വന്നത്.
വെള്ളച്ചാട്ടം കൊടുംവേനലില്‍ അപ്രത്യക്ഷമാകും. ഈ സമയത്ത് കുഴികള്‍ മൂടണമെന്നാണ് ജനകീയ കൂട്ടായ്മ ആവശ്യപ്പെടുന്നത്. തുടർന്ന് പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. അരുവിയുടെ പ്രകൃതിദത്തമായ സൗന്ദര്യത്തിന് കോട്ടം വരാതെ ഉരുളന്‍ പാറകള്‍ പൊട്ടിച്ച് കുഴിയുടെ ആഴം കുറച്ച് അപകടം നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കുകയും ചെയ്തിരുന്നതായി പഞ്ചായത്ത് പ്രസിഡൻറ് പ്രീമി ലാലിച്ചനും മുന്‍ പഞ്ചായത്ത് പ്രസിഡൻറ് ലേഖ ത്യാഗരാജനും പറഞ്ഞു. വിനോദസഞ്ചാരികളെ നിരീക്ഷിക്കുന്നതിനായി അവധി ദിവസങ്ങളില്‍ പൊലീസ് പട്രോളിങ് ആരംഭിക്കുന്നതിനായി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ കത്ത് നൽകിയിരുന്നതായും പഞ്ചായത്തധികൃതര്‍ പറഞ്ഞു.
എതിർപ്പുമായി പരിസ്ഥിതി വാദികൾ
എന്നാൽ പഞ്ചായത്ത് തീരുമാനത്തിനെതിരെ എതിർപ്പുമായി പരിസ്ഥിതി വാദികൾ രംഗത്തെത്തി. വെള്ളച്ചാട്ടത്തിന്റെ സ്വാഭാവിക സൗന്ദര്യം നശിപ്പിക്കാനും കല്ല് പൊട്ടിക്കല്‍ ലോബിക്ക് കാശുണ്ടാക്കാനും നടത്തുന്ന കുടിലനീക്കത്തിന് പഞ്ചായത്ത് കൂട്ടു നില്‍ക്കുകയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
കല്ല് പൊട്ടിച്ച് കുഴി നികത്തി അപകടം കുറക്കുമെന്നത് കുടിലബുദ്ധിക്കാരായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും തന്ത്രമാണെന്ന് ഇവർ പറയുന്നു. ഇവിടെ നല്ല റോഡ്, കൈവരികള്‍, സുരക്ഷ ബോര്‍ഡുകള്‍, ഹോംഗാര്‍ഡുകളുടെ സേവനം, മാലിന്യ നിര്‍മാര്‍ജ്ജനം, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് പദ്ധതികള്‍, കാന്റീന് ഇതൊക്കെ നടപ്പാക്കാതെ കല്ലൊട്ടിക്കാനുളള തീരുമാനം ദുരൂഹമാണെന്നും ഇവർ ആരോപിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവിഭാഗവും സജീവമായതോടെ പ്രവർത്തനങ്ങളെ സംബന്ധിച്ചും വ്യക്തതയില്ലാത്ത സാഹചര്യമാണ്.
ഇതേ സമയം 200 അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന വെളളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ച ആരെയും ആകര്‍ഷിക്കും. മൂന്നു തട്ടുകളിലായി ഒഴുകി വീഴുന്ന വെള്ളത്തിന്റെ മനോഹാരിത നുകരാനെത്തുന്ന സഞ്ചാരികള്‍ക്ക് വശ്യമായ അനൂഭൂതിയാണ് ഈ പാല്‍പുഴ സമ്മാനിക്കുന്നത്. എന്നാല്‍ ഇവിടെ പതിയിരിക്കുന്ന അപകട ചുഴി ഇവർക്ക് വെല്ലുവിളിയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

