ഇപ്പോ ശരിയാക്കിത്തരാം! എപ്പോ?
text_fieldsവണ്ണപ്പുറം: നെയ്യശ്ശേരി-തോക്കുമ്പൻ റോഡിന്റെ ഭാഗമായ മണിയൻസിറ്റി-നാരങ്ങാനം റോഡ് പണി നിർത്തിവെച്ച് കരാറുകാർ. നാട്ടുകാർ മരം മുറിച്ചതിന്റെ പേരിൽ കരാര്‍ കമ്പനി ജീവനക്കാര്‍ക്കെതിരെയും കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ക്കെതിരെയും കാളിയാർ റേഞ്ച് ഓഫിസർ എടുത്ത കേസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കത്തതിനെ തുടര്‍ന്നാണ് റോഡ് പണി ഉപേക്ഷിക്കുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു.
റോഡുപണിക്കിടെ ഏതെങ്കിലും വകുപ്പുകൾ തടസ്സവുമായി വന്നാൽ പ്രശ്നം പരിഹരിക്കാതെ പണി നടത്തില്ലെന്ന് കരാറിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കരാറുകാരനും കെ.എസ്.ടി.പിയും പറയുന്നു. അതിനാൽ കേസിൽനിന്ന് ഒഴിവാക്കാതെ റോഡ് പണി പുനരാരംഭിക്കാൻ കരാറുകാരനെ നിർബന്ധിക്കാൻ കഴിയില്ലെന്ന് കെ.എസ്.ടി.പി വ്യക്തമാക്കി. റോഡിൽ അപകടാവസ്ഥയിൽ നിന്ന മരങ്ങൾ മുറിക്കാൻ ദുരന്ത നിവാരണ അതോറിറ്റിയാണ് അനുമതി നൽകിയത്. എന്നാൽ, മുറിച്ചുനീക്കാന്‍ വനം വകുപ്പ് തയാറാകാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാർ ഇവ മുറിച്ച് റോഡരികിൽ കൂട്ടിയിടുകയായിരുന്നു.
കരാർ കമ്പനി ജീവനക്കാർക്കും കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുത്തത് അംഗീകരിക്കാനാവില്ലെന്നും പറയുന്നു. വനം വകുപ്പ്, കെ.എസ്.ടി.പി എന്നിവർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ, വനം വകുപ്പ്, മുഖ്യമന്ത്രി എന്നിവർക്ക് നാട്ടുകാർ പരാതി തയാറാക്കിയിട്ടുണ്ട്. കരാർ കമ്പനി ജീവനക്കാർക്കും കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും അവർ നേരിട്ട് ഹാജരായി മറുപടി നൽകിയാൽ മാത്രമേ കേസിൽനിന്ന് ഒഴിവാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ എന്നും കാളിയാർ റേഞ്ച് ഓഫിസർ പറഞ്ഞു.
റോഡ് നിര്‍മാണം പൂര്‍ത്തിയായില്ല; 27 മുതല്‍ നിരാഹാര സമരം
അടിമാലി: മാങ്കുളം പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പെരുമ്പന്‍കുത്ത്-ആറാംമൈല്‍-അമ്പതാംമൈല്‍ റോഡിന്റെ നിർമാണ ജോലികള്‍ കരാറുകാരന് പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ച് റോഡ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധ സമരത്തിലേക്ക്. ആക്ഷന്‍ കൗണ്‍സലിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍ കെ. ആന്റണി ഈമാസം 27 മുതല്‍ കോട്ടയത്തെ റീബില്‍ഡ് കേരള ഓഫിസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു.
റോഡ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നാണ് റോഡ് ആക്ഷന്‍ കൗണ്‍സിലിന്റെയും പ്രദേശവാസികളുടെയും ആവശ്യം. പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാര്‍ഡുകളിലുള്ള 1500ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന 4.2 കിലോമീറ്റര്‍ റോഡ് 2018ലെ പ്രളയത്തിലാണ് തകര്‍ന്നത്. പിന്നീട് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മാണത്തിന് തുക അനുവദിച്ച് 2022 മാര്‍ച്ച് 26ന് നിര്‍മാണോദ്ഘാടനം നടത്തുകയും ചെയ്തു.
പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ ചിക്കണംകുടി സ്കൂളിലേക്കുള്ള ഏക റോഡ് കൂടിയാണ് ഇത്. മുമ്പ് ഈ മേഖലയിലേക്കുണ്ടായിരുന്ന സ്കൂള്‍ ബസുകള്‍ റോഡ് തകർന്നതോടെ സർവിസ് നിര്‍ത്തി.
കരാറുകാരന് നല്കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടികളിലേക്ക് കടക്കുന്നതെന്നും മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദൻ, വൈസ് പ്രസിഡന്റ് അനില്‍ കെ. ആന്റണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിനേഷ് തങ്കച്ചന്, എ.കെ. സുധാകരന്, ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളായ ജിസ് തങ്കപ്പന്, സെബാസ്റ്റ്യന്‍ തോമസ്, എ.കെ. ശശികുമാര്‍, വിശാലം മുരളി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

