അരമനപ്പടിക്ക് സമീപത്തെ കൊടുംവളവിൽ അപകടം തുടർക്കഥ
text_fieldsകരിമ്പൻ അരമനപ്പടിക്ക് സമീപം കൊടുംവളവിൽ കുടുങ്ങിയ
ലോറി (ഫയൽ ചിത്രം)
ചെറുതോണി: കരിമ്പൻ- മുരിക്കാശ്ശേരി റോഡിൽ ഇടുക്കി അരമനപ്പടിക്ക് സമീപത്തെ കൊടുംവളവിൽ അപകടം തുടർക്കഥയാവുന്നു.അശാസ്ത്രീയ നിർമാണംമൂലം വലിയ വാഹനങ്ങൾ വളവിൽ തിരിക്കാനാവാതെ കുടുങ്ങുന്നതും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നതും പതിവാണ്. വളവിൽ റോഡിന് സംരക്ഷണഭിത്തിയും കൈവരിയുമില്ലാത്തതും വലിയ ഭീഷണിയാണ്.
ഡ്രൈവറുടെ കണ്ണൊന്നു തെറ്റിയാൽ വാഹനം പതിക്കുന്നത് വൻ താഴ്ചയിലേക്കായിരിക്കും.മിക്കപ്പോഴും വഴിയറിയാതെ ഗൂഗ്ൾ മാപ്പിനെ ആശ്രയിച്ച് വരുന്ന ഭാരവണ്ടികൾ ഇവിടെ കുടുങ്ങാറുണ്ട്. ഒരുവർഷത്തിനിടെ ഒരു ഡസൻ വാഹനമെങ്കിലും ഇവിടെ കുടുങ്ങിക്കിടന്നിട്ടുണ്ട്. പിന്നീട് ക്രെയിൻ കൊണ്ടുവന്നും മറ്റുമാണ് വാഹനം മാറ്റുന്നത്. ഇതോടെ റോഡിൽ ഗതാഗതവും തടസ്സപ്പെടും.
കഴിഞ്ഞ ദിവസം നിറയെ യാത്രക്കാരുമായി തൊടുപുഴയിൽനിന്ന് തോപ്രാംകുടിക്ക് പോയ സ്വകാര്യ ബസ് കരിമ്പൻ അരമനക്ക് സമീപം അപകടത്തിൽപെട്ടിരുന്നു. അത്ഭുതകരമായാണ് യാത്രക്കാർ രക്ഷപ്പെട്ടത്.കൊടും വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് മൺതിട്ടയിലേക്ക് തെന്നിമാറിയ വാഹനത്തിന്‍റെ ടയറുകൾ മണ്ണിൽ പൂണ്ടതിനാലാണ് വൻ അപകടം ഒഴിവായത്. ഇവിടെ സംരക്ഷണഭിത്തിയും കൈവരിയും നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

