മുട്ടത്തെ ടൂറിസം പഠനകേന്ദ്ര നിർമാണം നിലച്ചു; ആസൂത്രണ പിഴവെന്ന് ആക്ഷേപം
text_fieldsനിർമാണം നിലച്ച മുട്ടം ടൂറിസം പഠനകേന്ദ്രം
മുട്ടം: എം.ജി സർവകലാശാലയുടെ മുട്ടം ക്യാമ്പസിലെ ടൂറിസം പഠന കേന്ദ്രത്തിന്റെ കെട്ടിടനിർമാണം പാതിവഴിയിൽ നിലച്ചതായി പരാതി. ഫണ്ടിന്റെ അപര്യാപ്തതയും ആസൂത്രണത്തിലെ വീഴ്ചകളുമാണ് പദ്ധതി അനിശ്ചിതത്വത്തിലാക്കാൻ കാരണമായതെന്നാണ് ആക്ഷേപം. ഏകദേശം 10 കോടി രൂപ ചെലവിൽ രണ്ട് നിലകളിലായി 40,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ കെട്ടിട സമുച്ചയമാണ് നിർമിക്കുന്നത്. എം.ജി സർവകലാശാലയുടെ കീഴിൽ ആരംഭിക്കുന്ന പുതിയ പ്രൊഫഷണൽ കോഴ്സുകൾ മുട്ടം ക്യാമ്പസിൽ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം പഠന കേന്ദ്രം വിഭാവനം ചെയ്തത്.
മുട്ടത്ത് നിലവിൽ പ്രവർത്തിക്കുന്ന വിശാലമായ എൻജിനിയറിങ് കോളജ് ക്യാമ്പസിനോട് ചേർന്നാണ് പുതിയ പഠനകേന്ദ്രം ഒരുക്കുന്നത്. തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയോട് ചേർന്ന് സർവകലാശാലയ്ക്ക് 25 ഏക്കറോളം സ്ഥലമുണ്ട്. ഭാവിയിൽ കൂടുതൽ അക്കാദമിക് സ്ഥാപനങ്ങളും പഠനകേന്ദ്രങ്ങളും ആരംഭിക്കാൻ ആവശ്യമായ സ്ഥലസൗകര്യവും ക്യാമ്പസിലുണ്ട്.
ടൂറിസം പഠന കേന്ദ്രത്തിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, മാസ്റ്റർ ഓഫ് ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ്, മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് എന്നീ കോഴ്സുകൾ ആരംഭിക്കാനാണ് പദ്ധതി. കൂടാതെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഹ്രസ്വകാല-ഡിപ്ലോമ കോഴ്സുകൾക്കായുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടെം പ്രോഗ്രാംസിന്റെ പ്രാദേശിക കേന്ദ്രം, പിഎച്ച്.ഡി, എം.ഫിൽ പ്രോഗ്രാമുകൾ എന്നിവയും ക്യാമ്പസിലേക്ക് എത്തുമെന്നായിരുന്നു പ്രഖ്യാപനം. അതേസമയം എം.ജി സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന മുട്ടം എൻജിനീയറിങ് കോളജ് 2018ൽ കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്‍റെ കീഴിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കോളജിന്റെ ഭരണവും അക്കാദമിക പ്രവർത്തനങ്ങളും സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നു. ജീവനക്കാരടക്കമുള്ളവർ നിയമനടപടികളും സ്വീകരിച്ചിരുന്നു.
25 ഏക്കറോളം വരുന്ന സർവകലാശാലയുടെ സ്ഥലവും കെട്ടിടങ്ങളും നിശ്ചിത കാലത്തേക്ക് സി-പാസിന് ലീസിന് നൽകിയിരുന്നു. സർവകലാശാല നേരിട്ട് നടത്തിയിരുന്ന കാലത്തെ നിലവാരവും അക്കാദമിക മികവും നിലനിർത്താൻ സി-പാസിന് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം. സർവകലാശാലയിൽ പുതിയ സിൻഡിക്കേറ്റ് അധികാരത്തിലെത്തുന്ന സാഹചര്യത്തിൽ മുട്ടം ക്യാമ്പസ് വീണ്ടും എം.ജി സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

