ഏലപ്പാറ-ഹെലിബറിയ-മ്ലാമല റോഡ് നിർമാണം; പൊടുന്നനെ സ്റ്റോപ്പ് മെമ്മോ,നടുങ്ങി നാട്ടുകാർ
text_fieldsമ്ലാമല: നാടിന്റെ മുഴുവൻ പ്രതീക്ഷകളും അനിശ്ചിതത്വത്തിലാക്കി മ്ലാമല - പൂണ്ടിക്കുളം - ഹെലിബറിയ - ഏലപ്പാറ റോഡ് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് യോജന പദ്ധതി പ്രകാരം കഴിഞ്ഞ ആഴ്ചയാണ് നിർമ്മാണം ആരംഭിച്ചത്. ഡീൻ കുര്യാക്കോസ് എം.പിയാണ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്. എല്ല കടമ്പകളും പരിഹരിച്ച് തുടങ്ങിയ നിർമ്മാണത്തിന് പെട്ടെന്ന് സ്റ്റോപ്പ് മെമ്മോ വന്നത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് യോജന പദ്ധതി പ്രകാരം ആറ് മുതൽ എട്ട് മീറ്റർ വരെ വീതി വേണമെന്നുള്ള നിബന്ധനകൾ റോഡ് സമര സമിതിയുടെയും നാട്ടുകാരുടെയും ശ്രമഫലമായി പൂർത്തിയാക്കിയിരുന്നു.
എന്നാൽ ഹെലിബറിയ എസ്റ്റേറ്റ് വഴി അഞ്ചര കിലോമീറ്റർ ദൂരം എസ്റ്റേറ്റ് അധികൃതരുടെ പിടിവാശി മൂലം സ്ഥലം വിട്ടു കിട്ടാതെ പണി മുടങ്ങിയ അവസ്ഥയിൽ ആയിരുന്നു.
ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുകയും ഒടുവിൽ സ്ഥലം വിട്ടു നൽകാൻ എസ്റ്റേറ്റ് അധികൃതർ തയാറാവുകയും ചെയ്തു.
ഇതിന് ശേഷം എം.പിയുടെ ഇടപെടലിലൂടെ പദ്ധതി പ്രകാരം ആറ് കോടി രൂപ അനുവദിച്ചു. മുവാറ്റുപുഴ കെ.എ.പി കൺസ്ട്രക്ഷൻ ആണ് നിർമ്മാണകരാർ ഏറ്റെടുത്തിരുന്നത്.
ഇവർ വളരെ വേഗത്തിൽ നിർമ്മാണപ്രക്രിയകൾ തുടരുന്നതിനിടെയാണ് നിർത്തി വെക്കാൻ ആവശ്യപ്പെട്ട് എക്സിക്യൂട്ടീവ് എൻജിനീയർ, കരാറുകാരന് മെമ്മോ നൽകിയത്. എസ്റ്റേറ്റ് അധികൃതർ എൻ.ഒ.സി നൽകിയിട്ടില്ല എന്നാണ് വിവരാവകാശ പ്രകാരം ലഭിക്കുന്ന വിവരം. എന്നാൽ സമരസമിതി അംഗങ്ങളുടെയും മറ്റും സാന്നിധ്യത്തിൽ കലക്ടർക്ക് എസ്റ്റേറ്റ് അധികൃതർ എൻ.ഒ.സി നൽകിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
മാത്രമല്ല നിർമാണ ഉദ്ഘാടന വേദിയിൽ എസ്റ്റേറ്റ് മാനേജർ ഉൾപ്പടെ പങ്കെടുത്തതുമാണ്. വിഷയത്തിലെ ദുരൂഹത എത്രയും വേഗം നീക്കണമെന്നും ഉടനെ നിർമാണം തുടങ്ങണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

