മുല്ലപ്പെരിയാർ-മധുര കുടിവെള്ള പദ്ധതി: ചെക്ക്ഡാം നിർമാണം പുരോഗമിക്കുന്നു
text_fieldsമുല്ലപ്പെരിയാർ-മധുര കുടിവെള്ള പദ്ധതിക്കായി തേനിക്ക് സമീപം പൈപ്പുകൾ സ്ഥാപിക്കുന്നു
കുമളി: തമിഴ്നാട്ടിലെ വൻനഗരങ്ങളിലൊന്നായ മധുരയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ തമിഴ്നാട് സർക്കാർ ആരംഭിച്ച ബൃഹത് പദ്ധതി അതിവേഗം പുരോഗമിക്കുന്നു. മുല്ലപ്പെരിയാറിൽനിന്നുള്ള ജലം സംസ്ഥാന അതിർത്തിയിലെ ലോവർ ക്യാമ്പിൽനിന്ന് മണ്ണിനടിയിലൂടെ സ്ഥാപിക്കുന്ന കൂറ്റൻ പൈപ്പുകൾ വഴി മധുരയിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി കുമളിയിൽനിന്ന് 6 കിലോമീറ്റർ അകലെ ലോവർ ക്യാമ്പിൽ 27 ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ കഴിയുന്ന ചെക് ഡാം നിർമാണവും പുരോഗമിക്കുകയാണ്.
മധുരയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 1296 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മുല്ലപ്പെരിയാറിൽനിന്ന് തേക്കടി ഷട്ടറിലെ തുരങ്കം വഴി സംസ്ഥാന അതിർത്തിയിലെ ഫോർ ബേ ഡാമിലാണ് മുല്ലപ്പെരിയാർ ജലം ആദ്യം എത്തുന്നത്. ഇവിടെനിന്ന് അതിർത്തിയിൽ സ്ഥാപിച്ച 4 കൂറ്റൻ പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് ജലം ലോവർ ക്യാമ്പിലെ പെരിയാർ പവ്വർ സ്റ്റേഷനിൽ എത്തുന്നത്.
ഇവിടെ 140 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചശേഷം ജലം കനാൽ വഴി ഒഴുകി തേനി ജില്ലയിലെ കാർഷിക, കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റിയാണ് വൈഗ ഡാമിൽ സംഭരിക്കപ്പെടുന്നത്. ഇതുകൂടാതെയാണ് ഇപ്പോൾ മുല്ലപ്പെരിയാർ -മധുര കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. 1296 കോടി ബജറ്റിൽ നിർമാണം തുടങ്ങിയെങ്കിലും തുക ഇനിയും വർധിക്കുമെന്നാണ് വിവരം.
ലോവർ ക്യാമ്പിലെ 27 ലക്ഷം ലിറ്റർ ജലം സംഭരിക്കുന്ന ചെക്ക് ഡാം, ടാങ്ക് എന്നിവക്ക് പുറമേ മധുരയിലും ജലം സംഭരിക്കുന്ന സംവിധാനങ്ങളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ലോവർ ക്യാമ്പ് മുതൽ മധുര വരെ 120 കിലോമീറ്ററിലധികം ദൂരം ദേശീയ പാതയോരം ചേർന്നാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്.
പൈപ്പ് സ്ഥാപിക്കൽ ജോലികൾ അന്തിമഘട്ടത്തിലാണ്. ഇതിനിടെ, മധുര കുടിവെള്ള പദ്ധതി നടപ്പാകുന്നതോടെ തമിഴ്നാടിന് കൂടുതൽ ജലം ആവശ്യമായിവരുമെന്നത് തേക്കടിയിലെ ബോട്ട് സവാരിയെയും അതുവഴി വിനോദ സഞ്ചാര മേഖലയെയും ബാധിക്കുമോയെന്ന സംശയവും ഉയരുന്നുണ്ട്. വേനൽ കാലത്ത് തമിഴ്നാട്ടിലേക്ക് കൂടുതൽ ജലം ഒഴുക്കുന്നത് തടാകത്തിലെ ജലനിരപ്പ് താഴാനും ബോട്ട് സവാരി തടസ്സപ്പെടാനും ഇടയാക്കുമെന്നാണ് ആശങ്ക ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

