നേര്യമംഗലത്ത് ആർച്ച് പാലം നിർമാണം അവസാനഘട്ടത്തിൽ; അടുത്തമാസം 15നകം ഉദ്ഘാടനം ചെയ്യുമെന്ന് എം.പി
text_fieldsഅടിമാലി: എറണാകുളം-ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഉരുക്ക് നിർമിത ആർച്ച് പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. പാലം ഒക്ടോബർ 15ന് മുൻപ് ഉദ്ഘാടനം ചെയ്യുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. കൊച്ചി- ധനുഷ്കോടി ദേശീയപാത 85ൽ നേര്യമംഗലത്താണ് പുതിയ ആർച്ച് പാലം നിർമാണം പുരോഗമിക്കുന്നത്. ഇനി ടാറിങ് ഉൾപ്പെടെ അവസാന വട്ട പ്രവർത്തികൾ മാത്രമാണ് അവശേഷിക്കുന്നത്. 1935ൽ രാജഭരണ കാലത്ത് നിർമിച്ച പഴയ ആർച്ച് പാലത്തിന്റെ അതേ മാതൃകയിൽ പഴയ പാലത്തിനോട് ചേർന്നാണ് പുതിയ പാലവും നിർമിക്കുന്നത്.
2027 മാർച്ച് വരെ കരാർ കമ്പനിക്ക് കാലാവധി ഉണ്ടായിരിക്കെയാണ് ഒക്ടോബറിൽ നിർമാണം പൂർത്തിയാക്കുന്നത്. 13 മീറ്റർ വീതിയിൽ വീതിയിൽ നിർമാണം നടത്തിയ പാലത്തിൽ എട്ട് മീറ്റർ ടാറിങ്, രണ്ടര മീറ്റർ വീതിയിൽ ഇരു സൈഡുകളിലും നടപ്പാതയും ഉണ്ടാകും.
ഇടുക്കി- എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നേര്യമംഗലത്തുള്ള പാലം ഏഷ്യയിലെ ആദ്യ എ ക്ലാസ് ആർച്ച് പാലമാണ്. 90 വർഷങ്ങൾ പിന്നിട്ട പാലത്തിന് സമാന്തരമായാണ് ഉരുക്കുനിർമിത ആർച്ച് പാലം വരുന്നത്.പഴയ ആർച്ച് പാലത്തിന്റെ മാതൃകയിലാണ് 214 മീറ്റർ നീളമുള്ള പുതിയ ബോ സ്ട്രിങ് സ്റ്റീൽ ആർച്ച് പാലം നിർമിക്കുന്നത്. 42 മീറ്റർ നീളത്തിൽ 5 സ്പാനുകളാണ് പുതിയ പാലത്തിനുള്ളത്. പാലത്തിൽ പാകിയിട്ടുള്ള സ്റ്റീൽ പ്രതലത്തിൽ കോൺക്രീറ്റ് പ്രവൃത്തി കൂടി പൂർത്തീകരിക്കുന്നതോടെ അന്തിമ ഘട്ട പണികൾ മാത്രമാകും ബാക്കിയാകുന്നത്.
പാലം പണി പൂർത്തിയാകുന്നതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കും ഗതാഗതക്കുരുക്കില്ലാതെ സുഗമമായി പെരിയാറിനു കുറുകെയുള്ള പാലത്തിലൂടെ സഞ്ചരിക്കാനാകും. രാജഭരണ കാലത്തെ പഴയ പാലം സംരക്ഷിക്കുന്നതിനും തീരുമാനമുണ്ട് . നേര്യമംഗലം മുതൽ മൂന്നാർ വരെ രണ്ട് വരി പാതയുടെ നിർമാണവും നടക്കുന്നുണ്ട്. വളറ മുതൽ മൂന്നാർ വരെ രണ്ട് വരി പാതയുടെ നിർമാണവും 80 ശതമാനം പൂർത്തിയായി. എന്നാൽ വാളറ മുതൽ നേര്യമംഗലം വരെ വനപാതയിൽ 14 .5 കിലോമീറ്റർ റോഡിന്റെ നിർമാണം തടസപ്പെട്ട് കിടക്കുകയാണ്. കോടതി ഈ വിഷയത്തിൽ അന്തിമ വിധി പുറപ്പെടുവിക്കാത്താണ് കാരണം.
റോഡ് വികസനത്തിന് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിക്കുകയും ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. 30നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

