വിമതരെ കോൺഗ്രസ് പുറത്താക്കി
text_fieldsപ്രതീകാത്മക ചിത്രം
കട്ടപ്പന: ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന വിമതരെ കോൺഗ്രസ് പുറത്താക്കി. കട്ടപ്പന നഗരസഭയില വിമത സ്ഥാനാർഥികൾക്കെതിരെയാണ് നടപടി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഷമേജ് കെ ജോർജ്, മണ്ഡലം സെക്രട്ടറി റിന്റോ സെബാസ്റ്റ്യൻ, മണ്ഡലം സെക്രട്ടറി ജിജി ചേലക്കാട്, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ബീന ജോബി, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി മായ ബിജു എന്നിവരെയാണ് ഡി.സി.സി പ്രസിഡൻറ് പുറത്താക്കിയത്.
നഗരസഭാ ആറാം വാർഡ് (വെട്ടിക്കുഴകവലയിൽ) മുൻ നഗരസഭ ചെയർപേഴ്സൻ ഷൈനി സണ്ണി ചെറിയാനെതിരെയാണ് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി റിന്റോ സെബാസ്റ്റ്യൻ വിമതനായി മത്സരിക്കുന്നത്.
മുൻ വൈസ് ചെയർപേഴ്സൻ കെ ജെ. ബെന്നിക്കെതിരെ മഹിള കോൺഗ്രസ് ജില്ല സെക്രട്ടറിയും മുൻ കൗൺസിലറുമായ മായ ബിജുവും മുൻ വൈസ് ചെയർപേഴ്സൻ ജോയ് ആനിത്തോട്ടത്തിനെതിരെ മുൻ ബ്ലോക്ക് സെക്രട്ടറി ജോബി സ്റ്റീഫനും മത്സരിക്കുന്നു.
കേരള കോൺഗ്രസിലെ മേഴ്സിക്കുട്ടി ജോസഫിനെതിരെ മുൻ നഗരസഭ ചെയർപേഴ്സൻ ബീന ജോബിയാണ് വിമതവേഷത്തിൽ. കട്ടപ്പന ടൗൺവാർഡിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിലും കേരള കോൺഗ്രസ് (ജെ)യിലെ സേവ്യർ ചള്ളവയലിലും മത്സരിക്കുന്നു. രണ്ടു പേരും യു. ഡി.എഫ് സ്ഥാനാർഥികളായാണ് പ്രചരണ രംഗത്തുള്ളത്.
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയവർക്കെതിരെ കൂട്ട അച്ചടക്ക നടപടിയുമായി കോൺഗ്രസ്. മുട്ടം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി സരിത മാത്യുവിനെതിരെ മത്സരിക്കുന്ന ഷീജ എബ്രഹാം, തെരഞ്ഞെടുപ്പ് ഏജന്റ് മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഷൈജ ജോമോൻ, തൊടുപുഴ നഗരസഭ 36-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി ഡോ. ബിജിമോൾ തോമസിനെതിരെ ഭാര്യയെ മത്സരിപ്പിക്കുന്ന ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജോസലറ്റ് മാത്യു, സ്ഥാനാർഥി ആതിര ജോഷി, പത്താം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി ജോർജ് ജോണിനെതിരെ മത്സരിക്കുന്ന ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ആനി ജോർജ്, തൊടുപുഴ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ് അനസ് (ബഷീർ ഇബ്രാഹിം), ഷംസ് കിളിയനാൻ, ഡി.സി.സി അംഗം ജോർജ് താന്നിക്കൻ എന്നിവരെ ഡി.സി.സി പ്രസിഡന്റിന്റെ നിർദേശപ്രകാരം പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഷിബിലി സാഹിബ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

