വകുപ്പുകൾ തമ്മിൽ തർക്കം; സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ട് വട്ടത്തൊട്ടി, നാരങ്ങാനം
text_fieldsപണിമുടങ്ങിയ തൊമ്മൻകുത്ത്-മുണ്ടൻമുടി റോഡ്
വണ്ണപ്പുറം: റോഡ് പണിയുടെ പേരിൽ ഒരു മാസത്തിലേറെയായി പുറംലോകത്തെത്താൻ പ്രയാസപ്പെട്ട് വട്ടത്തൊട്ടി, നാരങ്ങാനം ഗ്രാമ വാസികൾ. തൊമ്മൻകുത്ത് മണിയൻസിറ്റിയിൽനിന്ന് വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടൻമുടിയിലേക്കുള്ള വഴിയിലാണ് രണ്ട് ഗ്രാമങ്ങളും. ഇവരുടെ വാഹനങ്ങൾ വീടുകളിൽനിന്ന് പുറത്തിറക്കാൻപോലും കഴിയുന്നില്ല. അമ്പത് കുടുംബങ്ങൾക്കാണ് കടുത്ത ദുരിതം. ഇവർ പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്.
മറ്റു കുടുംബങ്ങൾ തൊമ്മൻകുത്ത് ഭാഗത്തേക്ക് എത്തുന്നത് ഏഴു കിലോമീറ്റർ ചുറ്റി മുണ്ടന്മുടി-വെണ്മറ്റം വഴിയാണ്. വിദ്യാർഥികൾക്ക് കരിമണ്ണൂർ, തൊമ്മൻകുത്ത്, മുളപ്പുറം സ്കൂളുകളിലേക്കും എത്താൻ കാൽനട മാത്രമാണ് ആശ്രയം. പ്രായമായവരും രോഗികളും ദുരിതത്തിലാണ്. ഇവിടേക്ക് ഉണ്ടായിരുന്ന കോൺക്രീറ്റ് റോഡ് പൊളിച്ചാണ് ബി.എം.ബി.സി നിലവാരത്തിൽ റോഡ് പണി തുടങ്ങിയത്. നെയ്യശ്ശേരി തോക്കുമ്പൻ റോഡിന്റെ ഭാഗമായാണ് നിർമാണം ആരംഭിച്ചത്. നല്ല റോഡ് വരുമെന്നതിനാൽ നാട്ടുകാർ സഹകരിക്കുകയും ചെയ്തു. പെട്ടെന്ന് പണി തീർക്കുമെന്ന് കരാർ കമ്പനി ഉറപ്പും നൽകി.
വനംവകുപ്പിന്റെ സ്റ്റോപ് മെമ്മോ വിനയായി
ദ്രുതഗതിയിൽ റോഡ് പണി നടക്കുന്നതിനിടെയാണ് വനം വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്. വഴിയരികിൽ അപകടസ്ഥിതിയിൽ നിന്ന ചില മരങ്ങൾ വെട്ടിമാറ്റാൻ ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകി. എന്നാൽ, വനം വകുപ്പോ വണ്ണപ്പുറം, കരിമണ്ണൂർ പഞ്ചായത്തുകളോ വെടിമാറ്റാൻ തയാറായില്ല. ഇതിനെ തുടർന്ന് അപകടസ്ഥിതിയിൽനിന്ന മരങ്ങൾ നാട്ടുകാർ ചേർന്ന് മുറിച്ച് റോഡരികിൽ കൂട്ടിയിട്ടു. ഇതിന്റെ പേരിൽ വനം വകുപ്പ് റോഡ് നിർമാണ ഏജൻസിയായ കെ.എസ്.ടി.പി ഉദ്യോഗസ്ഥർ, കരാർ കമ്പനി ജീവനക്കാർ എന്നിവർക്കെതിരെ കേസെടുത്തു. എന്നാൽ, കേസുമായി സഹകരിക്കാൻ ഇവർ തയാറായില്ല.
ഇതോടെ വനം വകുപ്പ് റോഡ് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി. പിന്നീട് നാട്ടുകാരുടെ പ്രതിഷേധവും എം.എൽ.എ ഉൾപ്പെടെ യു.ഡി.എഫ് നേതാക്കളും ഇടത് മുന്നണി നേതാക്കളും ഇടപെട്ടതോടെ രണ്ട് വകുപ്പുകളും തമ്മിൽ സംസാരിച്ചതിനെ തുടർന്ന് സ്റ്റോപ്പ് മെമ്മോ പിൻവലിച്ചു. എന്നാൽ, കേസിൽനിന്ന് കരാർ കമ്പനി, കെ.എസ്.ടി.പി ഉദ്യോഗസ്ഥരെ ഒഴിവാക്കിയില്ല. കേസിൽനിന്ന് തങ്ങളെ ഒഴിവാക്കാതെ ഈ ഭാഗത്തെ റോഡ് പണി തുടങ്ങില്ലെന്നായി കരാർ കമ്പനി.
നല്ല റോഡ് കിട്ടാൻ ഉള്ള റോഡ് പൊളിച്ചതോടെ രണ്ടു ഗ്രാമത്തിലുള്ളവരുടെ യാത്രാസൗകര്യം ഇല്ലാതായി. പ്രശ്നങ്ങൾ തീർത്ത് എന്ന് റോഡ് പണി തുടങ്ങുമെന്നും അറിയില്ല. 300-കുടുംബങ്ങളാണ് ഇപ്പോൾ ദുരിതത്തിലായത്. വനം വകുപ്പിന്റെ അനാവശ്യ നടപടി തിരുത്തണമെന്നും റോഡ് നിർമാണ തടസ്സം നീക്കാൻ മനുഷ്യാവകാശ കമീഷനും സർക്കാറും ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

