സ്വത്ത് തട്ടിയെടുത്ത് ഏക മകൾ ഉപേക്ഷിച്ചെന്ന് വയോധികയുടെ പരാതി
text_fieldsശ്യാമള
ചക്രപാണി
നെടുങ്കണ്ടം: കോടികളുടെ സ്വത്ത് തട്ടിയെടുത്ത ശേഷം രോഗിയായ വയോധികയെ ഏക മകള്‍ ഉപേക്ഷിച്ചതായി പരാതി. നെടുങ്കണ്ടം ആനക്കല്ല് സ്വദേശിനി ചള്ളിയില്‍ ശ്യാമള ചക്രപാണിയാണ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയത്.
നാല് ഏക്കറോളം ഭൂമി സ്വന്തം പേരിൽ എഴുതി വാങ്ങുകയും പിതാവിന് അർബുദമാണെന്ന് അറിഞ്ഞതോടെ രോഗ വിവരം മറച്ചുവെച്ച് മാതാപിതാക്കളെ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പരാതി. കോമ്പയാറിലും ആനക്കല്ലിലുമായി ശ്യാമളയുടേയും ഭര്‍ത്താവ് ചക്രപാണിയുടേയും ഉടമസ്ഥയില്‍ ഭൂമി ഉണ്ടായിരുന്നു.
വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പല തവണയായി മകള്‍ വസ്തുവകകള്‍ സ്വന്തം പേരിലേക്ക് മാറ്റിയെടുത്തു. പിന്നീട് മകൾക്കൊപ്പം നെടുങ്കണ്ടത്തെ വീട്ടിലായിരുന്നു താമസം. ഒന്നര വര്‍ഷം മുമ്പ് ചക്രപാണി അർബുദബാധിതനായി.
എന്നാൽ, ചികിത്സിക്കാൻ മകള്‍ തയാറായില്ലത്രെ. തങ്ങളെ വീടിന് പിന്നിലെ മുറിയിലേക്ക് മാറ്റിയെന്നും കൃത്യമായി ഭക്ഷണം പോലും നൽകിയില്ലെന്നും ശ്യാമള പറയുന്നു. ബന്ധുക്കൾ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ചക്രപാണി രോഗബാധിതനാണെന്ന് മറ്റുള്ളവര്‍ അറിഞ്ഞത്. പിതാവ് നാല് മാസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിട്ടും മകൾ എത്തിയില്ല. നാല് മാസം മുമ്പ് ചക്രപാണി മരിച്ചു. പിന്നീട് ആനക്കല്ലിലെ വീട്ടിലേക്ക് ഇവര്‍ മടങ്ങി.
വീട്ടില്‍നിന്ന് ഇറങ്ങിയില്ലെങ്കില്‍ വൃദ്ധസദനത്തില്‍ ആക്കുമെന്ന് മകൾ ഭീഷണിപ്പെടുത്തുന്നതായി ശ്യാമള പറയുന്നു. കേരള ബാങ്ക് ജീവനക്കാരിയാണ് മകള്‍. ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. തനിക്ക് കുടുംബ വിഹിതമായി ലഭിച്ച 35 സെന്റ് സ്ഥലവും ആനക്കല്ലിലെ വീടും തിരികെ നല്‍കണമെന്നാണ് ശ്യാമളയുടെ ആവശ്യം. സഹകരണ മന്ത്രി, സ്ഥലം എം.എൽ.എ, കേരള ബാങ്ക് ചെയർമാൻ, വനിത കമീഷൻ, മനുഷ്യാവകാശ കമീഷൻ, പൊലീസ്, റവന്യൂ അധികൃതര്‍ എന്നിവർക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

