Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാലാവസ്ഥ വ്യതിയാനം;...

കാലാവസ്ഥ വ്യതിയാനം; ഇടുക്കിയിൽ മൂന്നുകോടിയുടെ വിളനാശം

text_fields
bookmark_border
കാലാവസ്ഥ വ്യതിയാനം; ഇടുക്കിയിൽ മൂന്നുകോടിയുടെ വിളനാശം
cancel
camera_alt

കരിഞ്ഞുണങ്ങിയ ഏലച്ചെടികൾ 

തൊടുപുഴ: കാലാവസ്ഥ വ്യതിയാനവും വന്യമൃഗ ആക്രമണവും മൂലം ജില്ലയിൽ ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസക്കാലയളവിലുണ്ടായത് 3.23 കോടി രൂപയുടെ കൃഷിനാശം. കാലവര്‍ഷം ശക്തമാകാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് അല്‍പ്പം ആശ്വാസമുണ്ടെങ്കിലും ഇതിനോടകം തന്നെ ലക്ഷങ്ങളുടെ വിളനഷ്ടം വിവിധ കാരണങ്ങളാല്‍ ജില്ലയിലുണ്ടായി. വരള്‍ച്ച, വേനല്‍മഴയുടെ കുറവ്, ശക്തമായ കാറ്റും മഴയും, വന്യമൃഗ ആക്രമണം തുടങ്ങി വിവിധ കാരണങ്ങളാണ് വ്യാപകമായ വിളനാശത്തിനിടയാക്കിയത്.

ഈ വര്‍ഷം കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായുണ്ടായ കാലാവസ്ഥ വ്യതിയാനമാണ് വിളകളെ പ്രതികൂലമായി ബാധിച്ചത്. ആവശ്യമായ സമയത്ത് മഴ ലഭിക്കാത്തതിനാല്‍ പല മേഖലകളിലും വിളകള്‍ കരിഞ്ഞു തുടങ്ങിയിരുന്നു. ഏലം മേഖലയെയാണ് വരള്‍ച്ച സാരമായി ബാധിച്ചത്. ആവശ്യത്തിന് വേനല്‍മഴ ലഭിക്കാതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചു. ജലസേചനം കുറഞ്ഞതോടെ ഓണം വിപണിക്കായി കൃഷി ചെയ്തിരുന്ന വാഴകളും മറ്റും നശിക്കുന്ന സാഹചര്യമുണ്ടായി.

1297 കര്‍ഷകരുടെ 110.85 ഹെക്ടര്‍ സ്ഥലത്ത് വിളനാശം

1297 കര്‍ഷകര്‍ക്കാണ് വലിയ തോതില്‍ നഷ്ടം നേരിട്ടത്. 110.85 ഹെക്ടര്‍ സ്ഥലത്ത് വിളനാശം ഉണ്ടായതായാണ് കൃഷി വകുപ്പിന്റെ ഇതു വരെയുള്ള കണക്ക്. ദേവികുളം, അടിമാലി ബ്ലോക്കുകളിലാണ് കൂടുതല്‍ കൃഷി നാശമുണ്ടായത്. ദേവികുളത്ത് 187 കര്‍ഷകര്‍ക്കായി 98.28 ലക്ഷത്തിന്റെയും അടിമാലിയില്‍ 475 കര്‍ഷകര്‍ക്കായി 73.06 ലക്ഷത്തിന്റെയും കൃഷിനാശം നേരിട്ടു. പീരുമേട്ടിലാണ് കുറവ് കൃഷി നാശമുണ്ടായത്. ഇവിടെ 27 കര്‍ഷകര്‍ക്കായി 3.31 ലക്ഷം രൂപയുടെ നഷ്ടം മാത്രമാണ് ഉണ്ടായത്. ഇടുക്കി 115 - 39.73, നെടുങ്കണ്ടം 10 - 5.86, തൊടുപുഴ 134 - 21.79, കട്ടപ്പന 113 - 24.95, ഇളംദേശം 236 - 56.39 എന്നിങ്ങനെയാണ് മറ്റ് ബ്ലോക്കുകളില്‍ കെടുതി നേരിട്ട കര്‍ഷകരുടെ എണ്ണവും നഷ്ടത്തിന്റെ തോതും.

വിളകളില്‍ ഏലം, വാഴ, റബര്‍, കുരുമുളക്, ജാതി, കാപ്പി എന്നിവയാണ് കൂടുതല്‍ നശിച്ചത്. 26,85,638 കായ്ക്കുന്ന കുരുമുളക് ചെടികള്‍ നശിച്ചതായാണ് കണക്ക്. കായ്ക്കാത്ത 4,32,561 ചെടികളും നശിച്ചിട്ടുണ്ട്. കുലച്ച വാഴകള്‍ 28,30,902 എണ്ണവും കുലക്കാത്ത വാഴകള്‍ 11,84,947 എണ്ണവും നശിച്ചു. 93 ഹെക്ടര്‍ സ്ഥലത്തെ ഏലച്ചെടികളാണ് വരള്‍ച്ചയും കാറ്റും മഴയുംമൂലം നശിച്ചത്. ടാപ്പ് ചെയ്യുന്ന റബര്‍മരങ്ങള്‍ 66,690 എണ്ണവും ടാപ്പ് ചെയ്യാത്ത 12,207 മരങ്ങളും കനത്ത മഴയത്ത് ഒടിഞ്ഞുവീണ് കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടു. 49 ഹെക്ടറിലാണ് മരച്ചീനി കൃഷി നശിച്ചത്.

പയറും പാവലും പടവലവും ഉള്‍പ്പെടെ 417 ഹെക്ടറിലെ പന്തല്‍ പച്ചക്കറിയും മറ്റു പച്ചക്കറികള്‍ 311 ഹെക്ടറിലും നാമാവശേഷമായി. 8.94 ഹെക്ടറിലെ ഇഞ്ചികൃഷി, 5.14 ഹെക്ടറില്‍ മഞ്ഞള്‍, 1,15,250 കൊക്കോച്ചെടി, 1,75,307 കാപ്പിച്ചെടികള്‍, 11,635 കമുക്, 2,374 ഗ്രാമ്പു, 51,448 ജാതി എന്നിവയും നശിച്ച വിളകളുടെ കണക്കില്‍പ്പെടുന്നു. വിളനാശത്തിന്റെ നഷ്ടക്കണക്കുകള്‍ കൃഷിവകുപ്പ് ഫീല്‍ഡ് സന്ദര്‍ശനം നടത്തി ശേഖരിച്ചിട്ടുണ്ട്. അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate changecrop damageidukyIdukki News
News Summary - Climate change; Crop loss worth Rs 3 crore in Idukki
Next Story