കോൺഗ്രസിലെ തമ്മിലടി: ഇടുക്കി ബ്ലോക്കിൽ തെരഞ്ഞെടുപ്പ് നടന്നില്ല
text_fieldsചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസിലെ തമ്മിലടി മൂലം തെരഞ്ഞെടുപ്പ് നടന്നില്ല. ക്വാറം തികയാത്തതിനാൽ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ കൂടിയായ െഡപ്യൂട്ടി കലക്ടർ ജോണി ജോസഫ് വ്യാഴാഴ്ചയിലേക്ക് മാറ്റി.13 ഡിവിഷനുള്ള ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫ്-ഏഴ്, എൽ.ഡി.എഫ്-ആറ് എന്നിങ്ങനെയാണ് കക്ഷിനില.
എൽ.ഡി.എഫ് അംഗങ്ങൾ കൃത്യസമയത്തുതന്നെ എത്തിയെങ്കിലും സമയം കഴിഞ്ഞിട്ടും യു.ഡി.എഫ് അംഗങ്ങൾ ഹാജരായില്ല. ഇതേ തുടർന്ന് റിട്ടേണിങ് ഓഫിസർ തെരഞ്ഞെടുപ്പ് മാറ്റുകയായിരുന്നു. കോൺഗ്രസിന് അഞ്ച് അംഗങ്ങളും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ട് അംഗങ്ങളുമാണുള്ളത്.
പ്രസിഡൻറ് സ്ഥാനത്തേക്ക് മുൻ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആൻസി തോമസും മുൻ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മെംബർ രാജി ചന്ദ്രനും വന്നതിനെതുടർന്നുണ്ടായ തർക്കമാണ് സമയം പാലിക്കാൻ കഴിയാതെവന്നതിെൻറ പിന്നിൽ. ഭൂരിപക്ഷം കിട്ടിയ പഞ്ചായത്തുകളിൽ പ്രസിഡൻറിനെ ഐക്യകണ്ഠ്യേന തെരഞ്ഞെടുക്കണമെന്നാണ് കെ.പി.സി.സി അറിയിച്ചിരുന്നത്.
ഇല്ലാതെ വന്നാൽ രഹസ്യ ബാലറ്റിലൂടെ പ്രസിഡൻറ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കണമെന്നും നിർദേശിച്ചിരുന്നു. ഇത് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ തീർപ്പാക്കണമെന്നും ആവശ്യപ്പെട്ടിരിന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ദിവസമായ ബുധനാഴ്ച രാവിലെയാണ് ഡി.സി.സി ഓഫിസിൽ യോഗം വിളിക്കുന്നത്. കൃത്യസമയത്തുതന്നെ തങ്ങളെത്തിയെന്നും യോഗം മനഃപൂർവം വൈകിച്ച് പത്തരക്കാണ് തുടങ്ങിയതെന്നും മെംബർമാരായ ബിനോയി വർക്കിയും രാജി ചന്ദ്രനും ആരോപിച്ചു.
ആൻസി തോമസിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് മൂന്ന് അംഗങ്ങൾ പിന്തുണക്കുമ്പോൾ രാജി ചന്ദ്രനെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ നാല് അംഗങ്ങൾ പിന്തുണക്കുന്നു. കെ.പി.സി.സി അംഗം എ.പി. ഉസ്മാൻ, കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം പി.ഡി. ശോശാമ്മ, ആഗസ്തി അഴകത്ത് എന്നിവർക്കായിരുന്നു തെരഞ്ഞെടുപ്പിെൻറ ചുമതല. പ്രസിഡൻറ് സ്ഥാനത്തേക്ക് തർക്കം വന്നതോടെ സമവായത്തിലൂടെ പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ ഇവർക്ക് കഴിയാതെ വന്നു.
രഹസ്യബാലറ്റിലൂടെ തെരഞ്ഞെടുക്കാനും ഇവർ തയാറായില്ല. ജോസഫ് ഗ്രൂപ്പിലെ അംഗങ്ങൾ കൃത്യസമത്തുതന്നെ എത്തിയിരുന്നുവെങ്കിലും ഹാളിനുള്ളിൽ പ്രവേശിക്കാതെ കോൺഗ്രസ് അംഗങ്ങളെ കാത്തിരുന്നു. 11ന് എത്തേണ്ട കോൺഗ്രസ് അംഗങ്ങൾ 11.15നാണ് എത്തിയത്. ഇതോടെ റിട്ടേണിങ് ഓഫിസർ തെരഞ്ഞെടുപ്പ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുപോര് മൂലമാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കാതെപോയതെന്ന് പ്രവർത്തകർ ആരോപിക്കുന്നു.