ധ്രുവന്റെ മികവിന് മുഖ്യമന്ത്രിയുടെ കൈയൊപ്പ്
text_fieldsതൊടുപുഴ: ഏഴാം ക്ലാസുകാരൻ വരച്ച തന്റെ മനോഹര ഛായാചിത്രം കണ്ട മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തും ഒരുനിമിഷം പുഞ്ചിരി വിരിഞ്ഞു. കുഞ്ഞു ചിത്രകാരനെ വേദിയിൽ വിളിച്ച് കുശലാന്വേഷണം നടത്താനും തന്റെ ഒപ്പിട്ട് ചിത്രം മടക്കി നൽകാനും മുഖ്യമന്ത്രി മറന്നില്ല. ചൊവ്വാഴ്ച തൊടുപുഴയിൽ നടന്ന കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷന്റെ ഉദ്ഘാടന വേദിയിലാണ് കൗതുകകരമായ രംഗം അരങ്ങേറിയത്.
കുഞ്ഞുനാളിലേ ചിത്രകലയോട് അതിയായ താത്പര്യമായിരുന്നു പുനലൂർ ശബരിഗിരിസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ധ്രുവൻ സന്തോഷിന്. സംസ്ഥാന നിയമസഭയിലെ വാച്ച്ആൻറ് വാർഡനായ സന്തോഷ്കുമാറിൻറെയും ദേവുവിന്റെയും ഏകമകൻ. പത്രങ്ങളിലും ചാനലുകളിലും പൊതുപരിപാടികളിലും ദൂരെ നിന്ന് മാത്രം കണ്ടിട്ടുളള മുഖ്യമന്ത്രി പിണറായി വിജയൻറെ ചിത്രം വരച്ച് നേരിട്ട് കൈമാറണമെന്നതായിരുന്നത് ധ്രുവന്റെ ആഗ്രഹമായിരുന്നു.
ഉദ്ഘാടകനായ മുഖ്യമന്ത്രി വേദിയിലെത്തിയതോടെ കൊച്ചുമിടുക്കൻ തന്റെ ദൗത്യം ആരംഭിച്ചു. കൈയിൽ കരുതിയ പേപ്പറും പെൻസിലും ഉപയോഗിച്ച് മുഖ്യമന്ത്രിയെ പകർത്തി. പ്രസംഗം അവസാനിപ്പിക്കുമ്പോഴേക്കും ചിത്രം തയാറായി കഴിഞ്ഞിരുന്നു. ഇക്കാര്യം സംഘാടകർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഉടൻ അദ്ദേഹം ധ്രുവനെ വേദിയിലേക്ക് ക്ഷണിച്ചു. ചിരിയോടെ ചിത്രം ആസ്വദിച്ച മുഖ്യമന്ത്രി ഒപ്പിട്ട് മടക്കി നൽകി. ധനമന്ത്രി കെ.എൻ.ബാലഗോപാലടക്കമുളള പ്രമുഖരുടെ ചിത്രങ്ങളും ഈ മിടുക്കൻ വരച്ച് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

