ഇടമലക്കുടി സന്ദർശിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ
text_fieldsമുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ ഇടമലക്കുടി നിവാസികളുമായി
സംസാരിക്കുന്നു
ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടയിൽ സന്ദർശനം നടത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തന്‍ യു. ഖേല്‍ക്കർ.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച അദ്ദേഹം വോട്ടർമാരുമായി സംവദിച്ചു.
അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചാലും നിയമസഭ തെരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ തലേദിവസം വരെ പേര് ഉൾപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 62 നിയമസഭ മണ്ഡലങ്ങളിൽ എസ്.ഐ.ആർ ഹിയറിങ് മുഴുവനായും പൂർത്തീകരിച്ചു. ദേവികുളം നിയോജകമണ്ഡലത്തിലും മണ്ഡലത്തിൽ ഉൾപ്പെടുന്ന ഇടമലക്കുടിയിലും ഹിയറിങ് പൂർത്തിയാക്കി.
ഹിയറിങിൽ ഒരു ബുദ്ധിമുട്ടുമുണ്ടായില്ലെന്നാണ് ഇടമലക്കുടിയിലെ വോട്ടർമാർ അറിയിച്ചത്. വോട്ടർമാരും ബി.എൽ.ഒമാരും രാഷ്ട്രീയ പാർട്ടികളും ഇലക്ഷൻ വിഭാഗത്തിന് നല്ല പിന്തുണയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ഇടമലക്കുടിയിലെ ഇഡലിപ്പാറക്കുടി, സൊസൈറ്റിക്കുടി, മീൻകുത്തിക്കുടി, അമ്പലപ്പടിക്കുടി ഉന്നതികളിലെ നിവാസികളുമായി സംസാരിച്ച ശേഷം അമ്പലപ്പടിക്കുടി ഉന്നതിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 90 വയസ്സുള്ള ദൊരസ്വാമിയുടെ വീടും അദ്ദേഹം സന്ദർശിച്ചു.
പഞ്ചായത്തിലെ പോളിങ് ബൂത്തായ ഇടമലക്കുടി ഗവ. ട്രൈബൽ യു.പി സ്കൂളിലെ ക്രമീകരണങ്ങളും വിലയിരുത്തി. തുടർന്ന്, ദേവികുളം നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ മൂന്നാർ ഗവ. വി.എച്ച്.എസ്.എസ് ആൻഡ് ടി.ടി.ഐയും സന്ദർശിച്ചു. ദേവികുളം സബ് കലക്ടർ വി.എം. ആര്യ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ സുജ വർഗീസ്, മൂന്നാർ ഡിവൈ.എസ്.പി എസ്. ചന്ദ്രകുമാർ, ദേവികുളം തഹസീൽദാർ ജി. അജേഷ്, റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. അഭിലാഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.ജി. മുരളി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

