ലക്ഷങ്ങൾ പാഴായി കാടുകയറി നശിച്ച് വനിത റിക്രിയേഷൻ ക്ലബ്
text_fieldsവാഴത്തോപ്പില്‍ കാടുകയറി നശിക്കുന്ന വനിത റിക്രിയേഷന്‍
ക്ലബ് കെട്ടിടം
ചെറുതോണി: ജില്ല പഞ്ചായത്ത് വാഴത്തോപ്പില്‍ നിര്‍മിച്ച വനിതാ റിക്രിയേഷന്‍ ക്ലബ് പ്രവര്‍ത്തനം ആരംഭിക്കാനാകാതെ കാടുകയറി നശിക്കുന്നു. പൊതുപണം ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കാത്തത് ഭരണ സമിതിയുടെ വീഴ്ചയാണെന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും പറയുന്നു.
ജില്ല പഞ്ചായത്ത് രൂപവത്കരിച്ച ആദ്യകാലത്ത് പിന്നാക്ക വിഭാഗങ്ങളുടെ വർക് ഷോപ്പിനായി നിര്‍മിച്ച കെട്ടിടത്തിന്റെ പിന്നിലായി, 25 ലക്ഷം രൂപ ചെലവഴിച്ചാണ് 2020ല്‍ വനിത റിക്രിയേഷന്‍ ക്ലബ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വനിതകളുടെ കായികശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഷട്ടില്‍ കോര്‍ട്ട്, ശൗചാലയ സൗകര്യം എന്നിവ ഉള്‍പ്പെടുത്തി പദ്ധതി ആവിഷ്കരിച്ചിരുന്നു. പിന്നീട് അധികാരത്തിലെത്തിയ ഭരണസമിതി അഞ്ചുവര്‍ഷം പിന്നിട്ടിട്ടും പദ്ധതി പൂര്‍ത്തിയാക്കാനോ ഉപയോഗപ്രദമാക്കാനോ യാതൊരു ഇടപെടലും നടത്തിയില്ലെന്നാണ് ആക്ഷേപം.
ജനപ്രതിനിധികളുടെ അലംഭാവമാണ് പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലാകാന്‍ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ജില്ല ആസ്ഥാനമായ ചെറുതോണിയില്‍ പോലും പൊതുജനങ്ങള്‍ക്ക് ഒരു ശൗചാലയം ഇല്ലാത്ത സാഹചര്യത്തില്‍, പ്രയോജനമില്ലാത്ത പദ്ധതികള്‍ക്കായി ജില്ല പഞ്ചായത്ത് വലിയ തുക ചെലവഴിച്ചതായി വിമര്‍ശനം ശക്തമാണ്.
ജില്ല പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് കെട്ടിടങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉപയോഗമില്ലാതെ നശിച്ചു കൊണ്ടിരിക്കുന്നുവെന്നതായും ആരോപണമുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും വീണ്ടും പുതിയ നിര്‍മാണ പദ്ധതികള്‍ക്ക് പണം ചെലവഴിക്കുന്നത് പൊതുപണം നശിപ്പിക്കുന്നതിന് തുല്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

