വിജയം സമർപ്പിക്കാൻ ഉമ തോമസ് പി.ടിയുടെ കല്ലറയിൽ
text_fieldsചെറുതോണി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം പ്രിയ പി.ടിക്ക് സമർപ്പിക്കാൻ ഉമ തോമസ് ഇടുക്കി ഉപ്പുതോട്ടിലെ കുടുംബ കല്ലറയിലെത്തി. ഉപ്പുതോട് സെന്‍റ് ജോസഫ് ദേവാലയത്തിലെ പി.ടിയുടെ ചിതാഭസ്മം അടക്കം ചെയ്ത കല്ലറയിലെത്തി പ്രാർഥന നടത്തുകയും കുടുംബത്തിനും പി.ടിയുടെ സഹപ്രവർത്തകർക്കുമൊപ്പം കല്ലറയിൽ പൂക്കൾ അർപ്പിക്കുകയും ചെയ്തു.
സ്ഥാനാർഥി പ്രഖ്യാപനം വന്നശേഷം പി.ടി. തോമസിന്‍റെ കല്ലറയിലെത്തി അനുഗ്രഹം തേടിയ ശേഷമാണ് ഉമ തോമസ് പ്രചാരണം ആരംഭിച്ചത്. വിജയം പി.ടിക്ക് സമർപ്പിക്കാനാണ് ശാരീരികാസ്വാസ്ഥ്യംപോലും വകവെക്കാതെ തെരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ ഓടിയെത്തിയതെന്ന് ഉമ തോമസ് പറഞ്ഞു. പി.ടി. തോമസിന്‍റെ നിലപാടുകളുമായി മുന്നോട്ടുപോകും. നേരത്തേയും നിലപാടുകളെ പിന്തുണച്ച് നിഴലായി കൂടെ നിന്നിട്ടേയുള്ളൂ. അദ്ദേഹത്തിന്‍റെ ഭാര്യ എന്നതിലുപരി ആരാധികയാണ് താൻ. പി.ടി തുടങ്ങിവെച്ചത് പൂർത്തിയാക്കുകയാണ് ലക്ഷ്യം. രാഷ്ട്രീയത്തിൽ പി.ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടുകാരനായിരുന്നെങ്കിൽ താൻ ലാളിത്യത്തോടെ ആ പാത പിന്തുടരും. പി.ടിയുടെ വികസന സ്വപ്നങ്ങൾ തന്നെയാണ് തന്‍റെ ലക്ഷ്യമെന്നും ഉമ തോമസ് പറഞ്ഞു. ശനിയാഴ്ച രാവിലെ 8.30നാണ് ഉമ തോമസ് മക്കളായ വിഷ്ണു, വിവേക് എന്നിവർക്കൊപ്പം പി.ടിയുടെ ചിതാഭസ്മം അടക്കം ചെയ്ത കുടുംബ കല്ലറയിലെത്തിയത്. ഉപ്പുതോട് ഇടവക വികാരി ഫാ.ഫിലിപ് പെരുനാട്ടിന്‍റെ കാർമികത്വത്തിലാണ് കല്ലറയിൽ പ്രാർഥന നടത്തിയത്.
ഡീൻ കുര്യാക്കോസ് എം.പി, യു.ഡി.എഫ് നേതാക്കളായ എ.പി. ഉസ്മാൻ, കെ.ബി. സെൽവം, ജയ്സൺ കെ. ആന്‍റണി, ബിജോ മാണി തുടങ്ങിയവരും പി.ടിയുടെ ബന്ധുക്കളും ഉമ തോമസിനൊപ്പമുണ്ടായിരുന്നു. പിന്നീട്, ഉപ്പുതോട്ടിലെ വീട്ടിലെത്തിയ ഉമക്ക് കുടുംബങ്ങളും നാട്ടുകാരും ചേർന്ന് ഊഷ്മള വരവേൽപാണ് നൽകിയത്.