മലയോര ജില്ലക്ക് ഇന്ന് പിറന്നാൾ
text_fieldsഇടുക്കി ഡാം
ചെറുതോണി: കടലും ട്രെയിനും വിമാനവുമില്ലാത്ത മലയോര ജില്ലക്ക് ഇന്നു പിറന്നാൾ സുദിനം. 1972 ജനുവരി 25നാണ് ഇടുക്കി ജില്ല രൂപവത്കരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയത്. പിറ്റേന്ന് റിപ്പബ്ലിക് ദിനത്തിൽ വൈകീട്ട് നാലിന് താൽക്കാലിക കെട്ടിടത്തിൽ ഇടുക്കിയുടെ ആദ്യ കലക്ടർ ഡി. ബാബുപോൾ ദേശീയപതാക ഉയർത്തിയതോടെ ജില്ല നിലവിൽ വന്നു.മനുഷ്യനും പ്രകൃതിയും ചേർന്ന് അത്ഭുതങ്ങൾ തീർത്ത ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ്.
4358 ചതുരശ്ര കിലോമീറ്ററുള്ള ജില്ലയുടെ 50 ശതമാനത്തിലധികം പ്രദേശവും സംരക്ഷിത വനഭൂമിയാണ്. മണ്ണിലാണ് ഇടുക്കിക്കാർ ജീവിതം പണിയുയർത്തിയത്. ഇന്ന് അവരുടെ ജീവിതം കുടുങ്ങിക്കിടക്കുന്നതും മണ്ണിൽത്തന്നെ. നാളുകളായി കൈവശംവെച്ചിരിക്കുന്ന സ്വന്തം ഭൂമിക്ക് പട്ടയം, ലഭിക്കാത്തത് പല കുടിയേറ്റ കർഷകരുടെയും പ്രശ്നമാണ്. 1981ൽ കേന്ദ്ര സർക്കാർ വന നിയമം പാസാക്കിയതോടെയാണ് പട്ടയ നടപടികൾ സ്തംഭിച്ചത്. 1977നു കുടിയേറിയവർക്കെല്ലാം പട്ടയം നൽകുമെന്നുള്ള വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ കമാന അണക്കെട്ട് ഇടുക്കിയിലാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യതി പദ്ധതിയും ഇതാണ്. ജില്ലയിൽനിന്നാണ് കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഉൽപാദിപ്പിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് വെള്ളക്കാർ വേനൽക്കാലം ചെലവഴിക്കാൻ ഇംഗ്ലണ്ടിൽനിന്ന് കപ്പൽ കയറി മൂന്നാറിലെത്തുമായിരുന്നു. ട്രെയിനും കുതിരപ്പന്തയവും ടെലിഫോണും റോപ് വേയുമെല്ലാമുണ്ടായിരുന്ന കേരളത്തിലെ തന്നെ അന്നത്തെ ആധുനിക നഗരങ്ങളിലൊന്നായിരുന്നു മൂന്നാർ. 1924ൽ പഴയ മൂന്നാർ ഒലിച്ചുപോയി. 54ാം പിറന്നാൾ ദിനത്തിലെത്തി നിൽക്കുമ്പോൾ അഭിമാനകരമായ നേട്ടമാണ് ജില്ല കൈവരിച്ചിരിക്കുന്നത്. സമീപ ജില്ലകളിലെ ഹൈടെക് നഗരങ്ങളെപ്പോലും അമ്പരപ്പിക്കുന്ന തരത്തിൽ തൊടുപുഴയും കട്ടപ്പനയും മൂന്നാറും മിനി മെട്രോകളായിക്കൊണ്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

